തിരുവല്ല: എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കതിരെ ഇന്നും വിവിധയിടങ്ങളിൽ ഫ്ലെക്സുകൾ. പെരിങ്ങരയിലാണ് സേവ് നായർ ഫോറത്തിന്റെ പേരിൽ ബാനറുകൾ ഉയർന്നിരിക്കുന്നത്. പെരിങ്ങര 1110-ാം നമ്പർ എൻ.എസ്.എസ് കരയോഗ കെട്ടിടത്തിന്റെ മുൻപിലും, കരയോഗത്തിന് സമീപത്തെ കോസ്മോസ് ജങ്ഷലും, പെരിങ്ങര ജങ്ഷനിലും, ലക്ഷ്മി നാരായണ ക്ഷേത്ര ജങ്ഷനിലുമാണ് ബാനറുകൾ ഉയർന്നിരിക്കുന്നത്.
ബാഹുബലിയെ പിന്നിൽ നിന്ന് കുത്തുന്ന കട്ടപ്പയുടെ ചിത്രം ഉൾപ്പെടുത്തിയാണ് ബാനർ തയാറാക്കിയിരിക്കുന്നത്. ‘പിന്നിൽനിന്നും കാലു വാരിയ പാരമ്പര്യം നായർക്കില്ല...’, ‘ശബരിമല അയ്യപ്പസ്വാമിയുടെ ആചാര സംരക്ഷണത്തിന് അണിനിരന്ന ആയിരങ്ങളെ അപമാനിച്ച സമുദായ വഞ്ചകൻ എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ രാജിവെക്കുക’ തുടങ്ങിയ വരികളാണ് ബാനറുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ശബരിമല അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട് എൻ.എസ്.എസ് ജന.സെക്രട്ടറി ജി. സുകുമാരൻ നായർ സ്വീകരിച്ച സർക്കാർ അനുകൂല നിലപാടിനെതിരെ കരയോഗങ്ങളിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. വ്യാപകമായി പോസ്റ്ററുകളും പ്രചരിക്കുന്നുണ്ട്. പത്തനംതിട്ടയിലെ വെട്ടിപ്പുറത്താണ് ആദ്യമായി സുകുമാരൻ നായർക്കെതിരെ പ്രതിഷേധ ബാനർ ഉയർന്നത്. പിന്നാലെ മറ്റ് പല സ്ഥലങ്ങളിലും ബോർഡുകളും ബാനറുകളും ഉയരുകയാണ്.
ഒരു രാഷ്ട്രീയ പാർട്ടിക്കൊപ്പവുമില്ലെന്ന് പറഞ്ഞ സുകുമാരൻ നായർ ഇന്നലെയും ബി.ജെ.പിയെയും കോൺഗ്രസിനെയും രൂക്ഷമായാണ് വിമർശിച്ചത്. ഫ്ലക്സ് വെക്കുന്നവർ വെക്കട്ടെയെന്നും അദ്ദേഹം പറഞ്ഞിരുന്നു. എൻ.എസ്.എസ് പിന്തുടരുന്ന സമദൂര നിലപാടിന് എതിരാണ് സുകുമാരൻ നായരുടെ പ്രസ്താവന എന്നാണ് സമുദായാംഗങ്ങളുടെ പൊതുവികാരം. യോഗത്തിൽ പങ്കെടുത്ത ചില നേതാക്കൾ വ്യക്തിപരമായി ജന.സെക്രട്ടറിയോട് വിയോജിപ്പ് അറിയിക്കുകയും ചെയ്തിട്ടുണ്ട്.
ചങ്ങനാശ്ശേരി: എൻ.എസ്.എസിന് പെരുന്നയിൽ എം. സി റോഡിന് അഭിമുഖമായി പുതിയ ആസ്ഥാന മന്ദിരം വരുന്നു. ഇപ്പോഴത്തെ ആസ്ഥാനമന്ദിരം നിലനിർത്തിക്കൊണ്ട് തന്നെയാണ് പുതിയ സമുച്ചയം പണിയുന്നത്. ഇപ്പോഴത്തെ മന്ദിരത്തിന് മുന്നിലായി ഇതിന് സ്ഥലം കണ്ടെത്തി. 17 കോടി രൂപ മുതൽ മുടക്കി നാലു നിലയിലായാണ് പുതിയ മന്ദിരം പണിയുന്നത്.
സമ്മേളനഹാൾ, അതിഥികളെ സ്വീകരിക്കാനുള്ള മുറികൾ, മറ്റ് ആധുനിക സംവിധാനങ്ങൾ എന്നിവയെല്ലാം പുതിയ മന്ദിരത്തിലുണ്ടാകും. 5000 ചതുരശ്രയടിയിലാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. ഇതിനുള്ള രൂപരേഖയും എസ്റ്റിമേറ്റും തയാറായിട്ടുണ്ട്. അടുത്തുതന്നെ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി അറിയിച്ചു. കാലത്തിനൊപ്പം മാറുന്നതിന്റെ ഭാഗമായാണ് പുതിയ മന്ദിരമെന്നും ജനറൽ സെക്രട്ടറി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.