‘കേരള സവാരി’ക്ക് ഫ്ലാഗ് ഓഫ്; ഉടൻ എല്ലാ ജില്ലകളിലേക്കും

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്‍റെ ഓൺലൈൻ ഓട്ടോ, ടാക്സി ബുക്കിങ് പ്ലാറ്റ്ഫോമായ ‘കേരള സവാരിക്ക്’ ഫ്ലാഗ് ഓഫ്. സെക്രട്ടേറിയറ്റിന് മുന്നിൽ മന്ത്രി വി. ശിവൻകുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു. നിലവിൽ തിരുവനന്തപുരം, കൊച്ചി നഗരങ്ങളിൽ പൂർണതോതിൽ പ്രവർത്തനം ആരംഭിച്ച ‘കേരള സവാരി’ സേവനം താമസിയാതെ മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും. ഡിസംബറോടെ കേരള സവാരി മൾട്ടി മോഡൽ ഗതാഗത സംവിധാന ആപ് ആയി മാറും.

മെട്രോ, വാട്ടർ മെട്രോ, ടൂറിസം, റെയിൽവേ, പ്രീ-പെയ്ഡ് ഓട്ടോ ടിക്കറ്റ് ബുക്കിങ്ങുമായി യോജിപ്പിച്ച് പ്രവർത്തിക്കുന്ന സംവിധാനമാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വാർത്തസമ്മേളനത്തിൽ അറിയിച്ചു. പൊലീസ്, ഗതാഗതം, ഐ.ടി, ആസൂത്രണം തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി യാഥാർഥ്യമാക്കിയത്. 2022ൽ പൈലറ്റ് അടിസ്ഥാനത്തിൽ തുടക്കമിട്ടെങ്കിലും സാങ്കേതികപ്രശ്നങ്ങളാൽ മുന്നോട്ടുപോകാനായില്ല.

കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഐ.ടി.ഐ പാലക്കാടിന്റെ സാങ്കേതിക സഹായത്തോടെയാണ് പരിഷ്കരിച്ച പതിപ്പ് ഒരുക്കിയത്. ഐ.ടി.ഐ പാലക്കാട് കണ്ടെത്തിയ മൂവിങ് ടെക് ആണ് പുതിയ ടെക്‌നിക്കൽ ടീം. മിതമായ നിരക്കിൽ സവാരി സാധ്യമാവും. ഏപ്രിൽ അഞ്ചുമുതൽ തിരുവനന്തപുരം, കൊച്ചി നഗരങ്ങളിൽ നടത്തുന്ന ട്രയൽ റൺ തൃപ്തികരമാണ്. 23,000 ഡ്രൈവർമാർ ഇതിനകം രജിസ്റ്റർ ചെയ്തു. 3.60 ലക്ഷത്തോളം യാത്രകൾ വഴി ഒമ്പത് കോടിയിലധികം രൂപയുടെ വരുമാനമുണ്ടായി.

സർക്കാർ നിരക്ക് നിശ്ചയിക്കുന്ന മുറക്ക് ആംബുലൻസുകളും ചരക്ക് വാഹനങ്ങളും ഈ പ്ലാറ്റ്ഫോമുമായി സംയോജിപ്പിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ലേബർ കമീഷണർ സഫ്ന നസറുദ്ദീനും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - Flag off for 'Kerala Savari'; will soon reach all districts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.