കല്ലമ്പലം: കുടുംബത്തിലെ അഞ്ചുപേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാത്തമ്പറ കടയിൽ വീട്ടിൽ സദാനന്ദെൻറ മകൻ മണിക്കുട്ടൻ (46), ഭാര്യ സന്ധ്യ (36), മക്കൾ അജീഷ് (15), അമേയ(13), മാതൃസഹോദരി ദേവകി (74) എന്നിവരാണ് മരിച്ചത്. ഇതേ വീട്ടിലുണ്ടായിരുന്ന മണിക്കുട്ടെൻറ മാതാവ് വാസന്തി (81) കൂട്ടമരണത്തിൽനിന്ന് രക്ഷപ്പെട്ടു.
നാലുപേർ വീട്ടിലെ തറയിൽ മരിച്ചനിലയിലും മണിക്കുട്ടൻ തൂങ്ങിമരിച്ച നിലയിലുമായിരുന്നു. മണിക്കുട്ടൻ ഒഴികെയുള്ളവർ വിഷം ഉള്ളിൽചെന്നാണ് മരിച്ചത്. മണിക്കുട്ടൻ തട്ടുകട നടത്തുന്നുണ്ട്. കടയിലെ ജീവനക്കാരൻ ഷംനാദ് രാവിലെ കട തുറക്കുന്നതുമായി ബന്ധപ്പെട്ട് വീട്ടിലെത്തി വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. മണിക്കുട്ടെൻറ മൊബൈലിൽ വിളിച്ചിട്ടും എടുത്തില്ല. പുറത്തെ കതക് അടച്ചിട്ടില്ലെന്നത് ശ്രദ്ധയിൽപെട്ട ഷംനാദ് സംശയം തോന്നി കതക് തള്ളിത്തുറന്ന് അകത്ത് കയറിയപ്പോഴാണ് കിടപ്പുമുറിയിൽ മണിക്കുട്ടനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മറ്റുള്ളവർ നിശ്ചലാവസ്ഥയിൽ കിടക്കുകയായിരുന്നു.
ഇതിനിടെ മണിക്കുട്ടെൻറ മാതാവ് വാസന്തി മാത്രം എഴുന്നേറ്റ് വന്നു. ഷംനാദ് ഉടൻ നാട്ടുകാരെയും സുഹൃത്തുക്കളെയും വിവരം അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മണിക്കുട്ടെൻറ ഭാര്യയും മക്കളും കുഞ്ഞമ്മയും മരിച്ച വിവരം അറിയുന്നത്. ഫോറൻസിക് തെളിവെടുപ്പിനുശേഷം മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. കുടുംബാംഗങ്ങൾക്ക് വിഷം നൽകിയശേഷം മണിക്കുട്ടൻ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് വിലയിരുത്തൽ.
ദേശീയപാതയിൽ ചാത്തമ്പറ ജങ്ഷനിൽ മണിക്കുട്ടെൻറ തട്ടുകടയിൽ ചൊവ്വാഴ്ച ഭക്ഷ്യസുരക്ഷ പരിശോധന നടന്നിരുന്നു. ശുചിത്വമില്ലായ്മയുടെ പേരിൽ 5000 രൂപ പിഴ ചുമത്തി. തുക ഒടുക്കിയശേഷം ശനിയാഴ്ച വീണ്ടും കട പ്രവർത്തനം ആരംഭിക്കാനിരിക്കെയാണ് കൂട്ടമരണം. മണിക്കുട്ടന് ചെറിയ രീതിയിൽ സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നു. ഇതാണ് മരണ കാരണമെന്നാണ് പൊലീസ് നിഗമനം.
അജേഷ് ഞെക്കാട് ഗവ.എച്ച്.എസ്.എസിൽനിന്ന് പത്താം ക്ലാസ് പൂർത്തിയാക്കിയിരുന്നു. അമേയ ഞെക്കാട് ഗവ.എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. ദേവകി അവിവാഹിതയും ദീർഘകാലമായി കിടപ്പ് രോഗിയുമാണ്. അസ്വാഭാവിക മരണത്തിന് കേസെടുത്തതായും ബാഹ്യ ഇടപെടൽ ഉള്ളതായി തോന്നുന്നില്ലെന്നും തിരുവനന്തപുരം റൂറൽ എസ്.പി ഡോ. ദിവ്യ ഗോപിനാഥ് പറഞ്ഞു. പോസ്റ്റ്മോർട്ടം കഴിഞ്ഞ് വീട്ടിലെത്തിച്ച മൃതദേഹങ്ങൾ പൊതുദർശനത്തിനുശേഷം സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.