1. സംസ്ഥാന മാധ്യമ പുരസ്‌കാരം ലഭിച്ച കാർട്ടൂൺ 2. ‘മാധ്യമം’ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റ് വി.ആര്‍. രാഗേഷ്

കാർട്ടൂൺ പുരസ്കാരം ‘മാധ്യമം’ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റ് വി.ആര്‍. രാഗേഷിന്; സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ 2024ലെ സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കാര്‍ട്ടൂണ്‍ വിഭാഗത്തില്‍ 'മാധ്യമ'ത്തിലെ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റ് വി.ആര്‍. രാഗേഷിനാണ് അവാര്‍ഡ് നേടി. 'മാധ്യമം' ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിച്ച ‘ഹേ റാം’ എന്ന കാർട്ടൂണിനാണ് അവാർഡ്.

ഇതേ കാർട്ടൂണിന് കേരള ലളിതകലാ അക്കാദമിയുടെ 2023 –24ലെ കാര്‍ട്ടൂണ്‍ അവാർഡ് ലഭിച്ചിരുന്നു. 2018ൽ സംസ്ഥാന സർക്കാറിന്റെ കാർട്ടൂൺ അവാർഡ് രാഗേഷിന്റെ ‘ഗാന്ധി@150’ എന്ന കാർട്ടൂൺ നേടിയിരുന്നു. കുഞ്ഞിമംഗലം നാരായണന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ സ്വര്‍ണ മെഡല്‍, മായാ കമ്മത്ത് മെമ്മോറിയല്‍ പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

‘വി. ആർ. രാഗേഷിന്റെ കാർട്ടൂണുകൾ’ എന്ന പേരിൽ പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2018ൽ സൈകതം ബുക്സ് പ്രസിദ്ധീകരിച്ച 216 പേജുള്ള ഈ സമാഹാരം മലയാളത്തിലെ ആദ്യത്തെ അച്ചടിച്ച മുഴുവർണ കാർട്ടൂൺ ഗ്രന്ഥമാണ്. കണ്ണൂർ കരുവൻചാൽ മീമ്പറ്റി സ്വദേശിയാണ് രാഗേഷ്. അച്ഛൻ: വി.വി. രാമചന്ദ്രൻ. അമ്മ: കെ. യശോദ. ഭാര്യ: സജ്ന. മക്കൾ: ഋതുബാല, നിലാമിഴി.

ഹേ റാം

പ്രിന്റ് മീഡിയ ജനറല്‍ റിപ്പോര്‍ട്ടിങ്ങില്‍ മാതൃഭൂമി സീനിയര്‍ കറസ്‌പോണ്ടന്റ് നീനു മോഹനാണ് അവാര്‍ഡ്. 'കുലമിറങ്ങുന്ന ആദിവാസി വധു' എന്ന വാര്‍ത്ത പരമ്പരക്കാണ് അവാര്‍ഡ്. വികസനോന്മുഖ റിപ്പോര്‍ട്ടിങ്ങില്‍ ദേശാഭിമാനി ചീഫ് റിപ്പോര്‍ട്ടര്‍ ഒ.വി. സുരേഷിനാണ് അവാര്‍ഡ്. 'സ്റ്റാര്‍ട്ട് ഹിറ്റ് അപ്പ്' എന്ന വാര്‍ത്താ പരമ്പരയാണ് അവാര്‍ഡിന് അര്‍ഹമായത്. ഫോട്ടോഗ്രഫി വിഭാഗത്തില്‍ മലയാള മനോരമയിലെ സീനിയര്‍ ഫോട്ടോഗ്രാഫര്‍ അരവിന്ദ് വേണുഗോപാൽ അർഹനായി.

ടെലിവിഷന്‍ വിഭാഗത്തിലെ ടിവി ന്യൂസ് റിപ്പോര്‍ട്ടിങ്ങില്‍ ന്യൂസ് മലയാളം എക്‌സിക്യുട്ടീവ് ന്യൂസ് എഡിറ്റര്‍ ഫൗസിയ മുസ്തഫക്കാണ് അവാര്‍ഡ്. 'മനസ് തകര്‍ന്നവര്‍ മക്കളെ കൊന്നവര്‍' എന്ന വാര്‍ത്ത പരമ്പരക്കാണ് അവാര്‍ഡ്. ന്യൂസ് മലയാളം അസോസിയേറ്റ് എഡിറ്റര്‍ വി.എസ്. സനോജിനും മീഡിയ വണ്‍ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് ദൃശ്യ പുതിയേടത്തിനും ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു. ടിവി സാമൂഹ്യ ശാക്തീകരണ റിപ്പോര്‍ട്ടിങ്ങില്‍ മാതൃഭൂമി ന്യൂസ് സീനിയര്‍ റിപ്പോര്‍ട്ടര്‍ റിയ ബേബിക്കാണ് അവാര്‍ഡ്. 'പി ആന്‍ഡ് ടി നിവാസികള്‍ക്ക് ഇനി പുതിയ മേല്‍വിലാസം' എന്ന വാര്‍ത്തക്കാണ് അവാര്‍ഡ്.

മനോരമ ന്യൂസിലെ അസോസിയേറ്റ് ന്യൂസ് പ്രൊഡ്യൂസര്‍ അനന്തു ആര്‍. നായര്‍ക്ക് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു. ടിവി അഭിമുഖത്തില്‍ 24 ന്യൂസ് സീനിയര്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ കെ.ആര്‍. ഗോപീകൃഷ്ണനാണ് അവാര്‍ഡ്. ന്യൂസ് മലയാളം അസോസിയേറ്റ് എഡിറ്റര്‍ ലക്ഷ്മി പദ്മക്കാണ് ടിവി ന്യൂസ് പ്രസന്റര്‍ അവാര്‍ഡ്.

ടിവി ന്യൂസ് കാമറക്ക് മാതൃഭൂമി ന്യൂസിലെ അസോസിയേറ്റ് ചീഫ് കാമറാമാന്‍ ബിനു തോമസിനാണ് അവാര്‍ഡ്. മനോരമ ന്യൂസിലെ ചീഫ് കാമറാമാന്‍ സന്തോഷ് എസ്. പിള്ള ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി. ടിവി ന്യൂസ് എഡിറ്റിങ്ങില്‍ ഏഷ്യാനെറ്റ് ന്യൂസിലെ സീനിയര്‍ വിഡിയോ എഡിറ്റര്‍ അച്ചു പി. ചന്ദ്രനും അവാര്‍ഡിന് അര്‍ഹനായി.

25,000 രൂപയും ശില്‍പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായവര്‍ക്ക് 15,000 രൂപയും ശില്‍പവും പ്രശസ്തിപത്രവും സമ്മാനിക്കും. ഫെബ്രുവരിയിൽ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യുമെന്ന് പി.ആർ.ഡി സ്പെഷൽ സെക്രട്ടറിയും ഡയറക്ടറുമായ ടി.വി. സുഭാഷ് അറിയിച്ചു.

Tags:    
News Summary - Cartoon Award goes to ‘Madhyamam’ staff cartoonist V.R. Ragesh; State Media Awards announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.