തിരുവനന്തപുരം: വെന്റിലേറ്ററിലായ ആരോഗ്യ കേരളത്തെ പൂര്‍ണ ആരോഗ്യവതിയാക്കിയാല്‍ മാത്രമെ പാവങ്ങള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കൂവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സിസ്റ്റം തകര്‍ന്നാല്‍ അതിന്റെ ഉത്തരവാദിത്തം ആരോഗ്യ മന്ത്രിക്കും സര്‍ക്കാരിനുമാണെന്നും സതീശൻ വ്യക്തമാക്കി. അടിയന്തര പ്രമേയ ചര്‍ച്ചയിലാണ് മന്ത്രി വീണ ജോർജിനെയും സംസ്ഥാന സർക്കാറിനെയും പ്രതിപക്ഷ നേതാവ് രൂക്ഷമായി വിമർശിച്ചത്.
ആശുപത്രികളിലെ ശ്രദ്ധയില്ലായ്മയും പരിചരണമില്ലായ്മയും കൃത്യമായ ചികിത്സ കൊടുക്കാത്ത് മൂലമുണ്ടാകുന്ന കൈപ്പിഴകളും നിരന്തരമായി വര്‍ധിക്കുകയാണ്. കുറവുകളെയും പിഴവുകളെയും കുറിച്ച് അന്വേഷിക്കാന്‍ ഇത്രയധികം ഉത്തരവുകള്‍ നല്‍കിയ മറ്റേതെങ്കിലും ആരോഗ്യ മന്ത്രി കേരളത്തില്‍ ഉണ്ടാകില്ല. ഇപ്പോഴത്തെ ആരോഗ്യ മന്ത്രിയുടെ ഉത്തരവുകളും റിപ്പോര്‍ട്ടുകളും ചേര്‍ത്ത് വച്ചാല്‍ നിരവധി വാല്യങ്ങളുള്ള പുസ്‌കമാക്കി സൂക്ഷിക്കാം. അന്വേഷണത്തിന് ഉത്തരവിടല്‍ അല്ലാതെ അന്വേഷണ റിപ്പോര്‍ട്ടുകളില്‍ എന്ത് സംഭവിച്ചെന്ന് മന്ത്രി അന്വേഷിക്കാറില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ദൗര്‍ഭാഗ്യകരമായ കാര്യങ്ങളെ കുറിച്ച് പറഞ്ഞ ഡോക്ടറെ നിങ്ങള്‍ എന്താണ് ചെയ്തത്. കൈക്കൂലി വാങ്ങാതെ ബൈക്കില്‍ വന്ന് ചികിത്സിക്കുന്ന ഡോക്ടര്‍ സത്യസന്ധമായി പറഞ്ഞപ്പോള്‍ നിങ്ങള്‍ അദ്ദേഹത്തെ ആക്ഷേപിക്കുകയാണ് ചെയ്തത്.
പാലക്കാട് നാലാം ക്ലാസില്‍ പഠിക്കുന്ന ഒരു കുഞ്ഞ് കുട്ടിയുടെ വലത് കൈ മുറിച്ചു മാറ്റേണ്ടി വന്നു. നിങ്ങള്‍ക്ക് എല്ലാം ഒറ്റപ്പെട്ട സംഭവങ്ങളാണ്. ആയിരക്കണക്കിന് ഒറ്റപ്പെട്ട സംഭവങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. നാലാം ക്ലാസില്‍ പഠിക്കുന്ന ഒരു കുഞ്ഞിന്റെ കൈ മുറിച്ച് മാറ്റിയിട്ട് പകരം കൈ വെക്കാനുള്ള സഹായമെങ്കിലും നിങ്ങള്‍ ചെയ്തു കൊടുത്തോ? ഏഷ്യാനെറ്റില്‍ വാര്‍ത്ത കണ്ടപ്പോഴാണ് ഞാന്‍ വിവരം അറിയുന്നത്. പിറ്റേ ദിവസം തന്നെ കുട്ടിയെ എറണാകുളത്ത് കൊണ്ട് വന്ന് ഏറ്റവും നല്ല ആശുപത്രിയില്‍ പരിശോധിച്ച് കൈ വെക്കാന്‍ ആവശ്യമായ പണം അവരുടെ അക്കൗണ്ടിലേക്ക് നല്‍കി. ആ വാര്‍ത്ത വന്നതിന്റെ പിറ്റേ ദിവസമാണ് സഹായിക്കുമെന്ന ഉത്തരവ് ആരോഗ്യ വകുപ്പ് പുറത്തിറക്കിയത്. കുഞ്ഞിന്റെ കൈ പോയപ്പോള്‍ അപ്പോള്‍ തന്നെ അന്വഷിച്ച് നടപടി എടുക്കണ്ടേ? അത്രയും മനസാക്ഷി ഇല്ലാത്തവരാണ് നിങ്ങളെന്ന് പറയേണ്ടി വരും. ചവറയിലെ എം.എല്‍.എ പറഞ്ഞതും ഒരു കുടുംബത്തിന്റെ നീതി നിഷേധിക്കപ്പെട്ടെന്നാണ്. അത്രയെ അദ്ദേഹത്തിന് പറയാനാകൂ. ഒരു സംവിധാനവും ഇല്ലാതെ സര്‍ക്കാര്‍ ആശുപത്രി തുറന്ന് വച്ച് ഒരു കുടുംബം അനാഥമായില്ലേ?
കിളിമാനൂരിലെ രജിത്തിന്റെയും പമ്പാ ആശുപത്രിയില്‍ പ്രീത ബാലചന്ദ്രന്റെയും അനുഭവം എന്താണ്? നിരവധി സംഭവങ്ങള്‍ പറയാനുണ്ട്. മിഷനറിമാരുടെ കാലത്തും രാജഭരണകാലത്തും പിന്നീട് വന്ന ജനാധിപത്യ സര്‍ക്കാരുകളുടെ കാലത്തും ആരോഗ്യ രംഗം നന്നായി ശ്രദ്ധിച്ചിരുന്നു. കേരളം ആരോഗ്യരംഗത്ത് ഒരുപാട് മുന്നോട്ട് പോയി. പക്ഷെ ഇപ്പോള്‍ തിരിഞ്ഞ് നടക്കുകയാണെന്ന യാഥാർഥ്യം തിരിച്ചറിയുകയാണ്. പല മേഖലകളിലും പരാജയപ്പെടുകയാണ്. സി.എ.ജിയുടെ ഓഡിറ്റില്‍ പറയുന്നതും പല രംഗങ്ങളിലും പരാജയമാണെന്നാണ് പറയുന്നത്. ഉദ്യോഗസ്ഥര്‍ ആശുപത്രികളില്‍ പോയാണ് ആ റിപ്പോര്‍ട്ട് തയാറാക്കിയത്. പല സ്ഥലങ്ങളിലും ആശുപത്രികളിലും അടിയന്തര ചികിത്സയില്ല. അപകടം പറ്റിയാല്‍ മെഡിക്കല്‍ കോളജിലും സ്വകാര്യ ആശുപത്രികളിലും പേകേണ്ട അവസ്ഥയാണ്. നേരത്തെ താലൂക്ക് ആശുപത്രികളില്‍ നടന്നിരുന്ന പോസ്റ്റ്മാര്‍ട്ടം പോലും ഇപ്പോള്‍ നടക്കുന്നില്ല. എല്ലായിടത്തും വ്യാപകമായി സിസ്റ്റത്തില്‍ ക്രമക്കേടുകള്‍ നടക്കുകയാണ്.
പല മെഡിക്കല്‍ കോളജുകളിലും സൗകര്യങ്ങളില്ല. ആശുപത്രികളില്‍ ആവശ്യത്തിന് ജീവനക്കാരോ ഡോക്ടര്‍മാരോ ഇല്ല. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളജുകള്‍ തുടങ്ങാന്‍ തീരുമാനിക്കുകയും അതിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുകയും ചെയ്തു. എന്നാല്‍ 9 വര്‍ഷമായി ഈ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. തിരുവനന്തപുരം ജനറല്‍ ആശുപത്രി മെഡിക്കല്‍ കോളജായി ഉയര്‍ത്താന്‍ തീരുമാനിക്കുകയും കെട്ടിടം പണിയുകയും ചെയ്തു. എന്നാല്‍ ആ കെട്ടിടം ഇന്നുവരെ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ല. മെഡിക്കല്‍ കൗണ്‍സിലിന്റെ അനുമതി ലഭിച്ചിട്ടും പ്രവര്‍ത്തനം തുടങ്ങാനായില്ല. അവിടെ ഇപ്പോള്‍ ട്രോമ കെയര്‍ ട്രെയിനിങ് നടത്തുകയാണ്. യു.ഡി.എഫ് കൊണ്ടു വന്നതാണെന്ന ഒറ്റ കാരണം കൊണ്ട് കോന്നി, ഇടുക്കി, മഞ്ചേരി, വയനാട് മെഡിക്കല്‍ കോളജുകളോട് കടുത്ത അവഗണനയാണ് കാട്ടിയത്. കോന്നി, ഇടുക്കി മെഡിക്കല്‍ കോളജുകളില്‍ റിവേഴ്‌സ് റഫറലാണ് നടക്കുന്നത്. അവിടെ രോഗികള്‍ എത്തിയാല്‍ ജില്ല ആശുപത്രികളിലേക്ക് വിടുകയാണ്. വയനാട് മെഡിക്കല്‍ കോളജില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് നൂറു കണക്കിന് രോഗികളെ റഫര്‍ ചെയ്യുകയാണ്. വയനാട്ടില്‍ സ്‌പെഷാലിറ്റി സംവിധാനമില്ല. സി.ടി ഇല്ലാതായിട്ട് ഒന്‍പത് മാസമായി. കോന്നിയില്‍ അത്യാഹിത വിഭാഗം പോലും പ്രവര്‍ത്തിക്കുന്നില്ല.
ജില്ല കലക്ടര്‍ അപകടത്തില്‍പ്പെട്ടപ്പോഴും സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയത്. ഇടുക്കിയിലെ സ്ഥിതിയും പരിതാപകരമാണ്. കാസര്‍കോട് മെഡിക്കല്‍ കോളജില്‍ ഒ.പി മാത്രമെയുള്ളൂ. വല്ലാത്ത സ്ഥിതിയാണ് കാസര്‍കോട് ജില്ലയില്‍. ചികിത്സക്ക് ഇപ്പോഴും മംഗലാപുരത്തെ ആശ്രയിക്കുകയാണ്. പാലക്കാട് മെഡിക്കല്‍ കോളജ് എ.പി. അനില്‍ കുമാര്‍ മന്ത്രിയായിരിക്കുന്ന കാലത്ത് എസ്.ടി- എസ്.ടി വകുപ്പില്‍ നിന്നും ഫണ്ട് എടുത്താണ് ആരംഭിച്ചത്. ആ മെഡിക്കല്‍ കോളജും ഇന്ന് പരിതാപകരമായ അവസ്ഥയിലാണ്. സാധാരണക്കാര്‍ക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാനാകാത്ത അവസ്ഥയാണ്. സ്വകാര്യ ആശുപത്രികളെ വലിയ കമ്പനികള്‍ ഏറ്റെടുക്കുകയാണ്.
സാധാരണക്കാര്‍ക്ക് ചികിത്സാ ചെലവ് താങ്ങാനാകാത്ത അവസ്ഥയാണ്. ജില്ലാ-തലൂക്ക് ആശുപത്രികളിലെയും മെഡിക്കല്‍ കോളജുകളിലെയും സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയില്ലെങ്കില്‍ സാധാരണക്കാരന് ചികിത്സ കിട്ടാത്ത അവസ്ഥയുണ്ടാകും. കേരളത്തിലെ ആരോഗ്യരംഗത്തെ മോശമാക്കി സ്വകാര്യ ആശുപത്രിയില്‍ ആളെക്കൂട്ടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് ഭരണപക്ഷം പറയരുത്. ഗൗരവമുള്ള വിഷയമായതു കൊണ്ടാണ് നിയമസഭയില്‍ വിഷയം ചര്‍ച്ചയ്ക്ക് എടുത്തത്. ആരോഗ്യ വകുപ്പിനെ കുറിച്ച് എന്ത് പറഞ്ഞാലും മന്ത്രിയെ വ്യക്തിപരമായി വിമര്‍ശിക്കുകയാണെന്നാണ് മന്ത്രിയുടെ വിചാരം. സര്‍ക്കാരിനെ വിമര്‍ശിക്കുമ്പോള്‍ മന്ത്രിക്കും ഉത്തരവാദിത്തമുണ്ട്.
സിസ്റ്റം തകര്‍ന്നാല്‍ അതിന്റെ ഉത്തരവാദിത്തം മന്ത്രിക്കും സര്‍ക്കാരിനുമുണ്ട്. സിസ്റ്റം തകര്‍ന്നെന്ന് ഡോക്ടര്‍മാരും മന്ത്രിമാരുമാണ് പറയുന്നത്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യ വകുപ്പില്‍ മാത്രം നാലായിരം മുതല്‍ അയ്യായിരം പേരെയാണ് നിയമിച്ചത്. എല്ലാ സര്‍ക്കാരിന്റെ കാലത്തും അത് കൂടിക്കൊണ്ടിരിക്കും. അസുഖം വന്നാല്‍ ഒരാള്‍ പോക്കറ്റില്‍ നിന്നും ചെലവാക്കേണ്ടത് 60 മുതല്‍ 70 ശതമാനം വരെയാണ്. അക്കാര്യത്തില്‍ ഇന്ത്യയില്‍ നമ്പര്‍ വണ്‍ ആണ് കേരളം. തമിഴ്‌നാട്ടില്‍ 32 ശതമാനമാണ് ഔട്ട് ഓഫ് പോക്കറ്റ് എക്‌സ്‌പെന്‍ഡിച്ചര്‍.
ആരോഗ്യ കേരളം വെന്റിലേറ്ററിലാണ്. അവിടെ നിന്നും അതിനെ പുറത്ത് കൊണ്ടു വന്ന് പൂര്‍ണ ആരോഗ്യവതിയാക്കി മാറ്റിയാല്‍ മാത്രമെ കേരളത്തിലെ പാവങ്ങള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കൂ. അതിന് കൂട്ടായ പരിശ്രമം വേണം. എല്ലാ കാര്യത്തിലും പ്രതിപക്ഷം സഹകരിക്കാറുണ്ട്. പക്ഷെ തെറ്റ് കണ്ടാല്‍ ചൂണ്ടിക്കാട്ടും. ഓപറേഷന്‍ നടത്തിയപ്പോള്‍ അകത്ത് കത്രിക പോയ സ്ത്രീയല്ലേ നിങ്ങളുടെ വീടിന് മുന്നില്‍ സമരം ചെയ്യുന്നത്. അവരെ സഹായിക്കണ്ടേ? 5 വര്‍ഷം കത്രിക വയറ്റില്‍ ചുമന്നുകൊണ്ട് നടന്ന അവര്‍ അനുഭവിച്ച കഷ്ടപ്പാടും വേദനയും ദുരിതവും ഓര്‍ക്കാന്‍ പറ്റില്ല. അവരുടെ ചികിത്സ ഏറ്റെടുക്കുന്നു എന്ന് പറയാനുള്ള മനസെങ്കിലും കാണിക്കണ്ടേ? അവരെ ചേര്‍ത്ത് പിടിക്കാന്‍ സര്‍ക്കാര്‍ തയാറേകണ്ടേ? പക്ഷെ മനസാക്ഷിയിലാത്ത സര്‍ക്കാരാണ് കേരളത്തിലുള്ളത്. ആരോഗ്യ കേരളത്തെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം -വി.ഡി. സതീശൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.