പത്തനംതിട്ട: മകരവിളക്ക് ദിനത്തിൽ സന്നിധാനത്ത് ഷൂട്ടിങ് നടന്നിട്ടില്ലെന്ന് ദേവസ്വം വിജിലൻസിന്‍റെ അന്വേഷണ റിപ്പോർട്ട്. അതേസമയം, മകരവിളക്ക് ദിനത്തിലുൾപ്പെടെ പമ്പയിൽ സിനിമ ചിത്രീകരിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഒരാഴ്ചയിലേറെ പമ്പയിൽ ഷൂട്ടിങ് നടന്നു. ഇതിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ വാക്കാൽ അനുമതി നൽകിയിരുന്നതായും പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മകരവിളക്ക് ദിവസം ശബരിമല സന്നിധാനത്ത് അനുമതിയില്ലാതെ സിനിമ ചിത്രീകരണം നടന്നുവെന്ന് പരാതി ഉയർന്നതോടെ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറാണ് വിശദ അന്വേഷണത്തിന് ദേവസ്വം വിജിലൻസിന് നിർദേശം നൽകിയത്. ഇവർ സംവിധായകൻ അനുരാജ് മനോഹറിന്റെ മൊഴി രേഖപ്പെടുത്തി.
ഷൂട്ടിങ് നടത്തിയത് സന്നിധാനത്തല്ലെന്നും പമ്പ ഹിൽടോപ്പിലാണെന്നുമാണ് അനുരാജ് മൊഴി നൽകിയത്. പൊലീസ് ഉദ്യോഗസ്ഥൻ നിർദേശിച്ച പ്രകാരമാണ് പമ്പയിൽ സിനിമ ചിത്രീകരിച്ചതെന്നും അദ്ദേഹം അറിയിച്ചു. വിജിലൻസ് റിപ്പോർട്ട് ഹൈകോടതിക്ക് കൈമാറാനാണ് ദേവസ്വം ബോർഡ് തീരുമാനം.
അനുമതിയില്ലാതെ സിനിമ ഷൂട്ടിങ് നടത്തിയതിന് അനുരാജ് മനോഹറിനെതിരെ വനം വകുപ്പ് കഴിഞ്ഞദിവസം കേസെടുത്തിരുന്നു. വനത്തിൽ അതിക്രമിച്ച് കയറിയെന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്. സിനിമ ഷൂട്ടിങ്ങിന് തന്നോട് ഫോണിലൂടെ സംവിധായകൻ അനുമതി തേടിയിരുന്നുവെന്നും ഹൈകോടതിയുടെ നിയന്ത്രണങ്ങളുള്ളതിനാൽ അന്ന് തന്നെ അനുമതി നിഷേധിച്ചിരുന്നതായും ദേവസ്വം ബോർഡ് പ്രസിഡന്‍റ് നേരത്തെ വ്യക്തമാക്കിയിരുന്നു.
‘ഇഷ്ക്’, ‘നരിവേട്ട’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അനുരാജ് മനോഹറിന്‍റെ പുതിയ സിനിമയുടെ ചിത്രീകരണമാണ് പമ്പയിലും പരിസരത്തുമായി നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.