തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറിന്റെ കാലത്തെ അഞ്ച് ഉപതെരഞ്ഞെടുപ്പുകളിൽ നാലിലും വിജയം മാത്രമല്ല, യു.ഡി.എഫിന് ഭൂരിപക്ഷവുമുയർത്താനായെന്ന് കണക്കുകൾ. 2021ലെ നിയമസഭ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ വോട്ടുകയറ്റം ശ്രദ്ധേയം. ഉപതെരഞ്ഞെടുപ്പിൽ അവർ പരാജയം നുണഞ്ഞ ചേലക്കരയിലും എതിർ സ്ഥാനാർഥിയുടെ ഭൂരിപക്ഷം കുറക്കുകയും ചെയ്തു.
തൃക്കാക്കരയിൽ പി.ടി. തോമസ് ഇടതുസ്വതന്ത്രൻ ഡോ.ജെ.ജേക്കബിനോട് 14329 വോട്ടിനാണ് 2021ൽ ജയിച്ചതെങ്കിൽ 2022 ജൂണിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ് 25016 വോട്ടുമേൽക്കൈയിലാണ് ഇടതു സ്ഥാനാർഥി ഡോ. ജോ ജോസഫിനെ തോൽപിച്ചത്. 2021ൽ പുതുപ്പള്ളിയിൽ എൽ.ഡി.എഫിലെ ജെയ്ക്ക് സി. തോമസിനെതിരെ ഉമ്മൻ ചാണ്ടി നേടിയത് 9044 വോട്ട് ഭൂരിപക്ഷമാണ്.
എന്നാൽ, 2023 സെപ്റ്റംബറിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ജെയ്ക്കിനെതിരെ ചാണ്ടി ഉമ്മൻ നേടിയത് 37719 വോട്ട് ഭൂരിപക്ഷം. 2021ലെ പാലക്കാട് തെരഞ്ഞെടുപ്പിൽ ബി.ജെ.പിയിലെ ഇ. ശ്രീധരനെതിരെ 3859 വോട്ടിനാണ് ഷാഫി പറമ്പിൽ വിജയിച്ചത്. ഇവിടെ 2023 നവംബറിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥി സി. കൃഷ്ണകുമാറിനെ രാഹുൽ മാങ്കൂട്ടത്തിൽ പരാജയപ്പെടുത്തിയത് 18840 വോട്ടുകൾക്കും. നിലമ്പൂരിൽ യു.ഡി.എഫ് സ്ഥാനാർഥി വി.വി. പ്രകാശിനെതിരെ അന്ന് ഇടതുസ്വതന്ത്രനായ പി.വി. അൻവർ വിജയിച്ചത് 2700 വോട്ടിനെങ്കിൽ ഇക്കുറി ആര്യാടൻ ഷൗക്കത്ത് എം. സ്വരാജിനെ മറികടന്നത് 11077 വോട്ട് നേടിയാണ്.
ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് കാലിടറിയ ചേലക്കരയിലും വോട്ടുവിഹിതം ഉയർത്താനായി. 2021ൽ എൽ.ഡി.എഫിലെ കെ. രാധാകൃഷ്ണൻ 39400 വോട്ടിനാണ് കോൺഗ്രസിലെ സി.സി. ശ്രീകുമാറിനെ തോൽപിച്ചത്. 2024 ൽ നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ യു.ആര്. പ്രദീപ് ചെങ്കോട്ട കാത്തെങ്കിലും ഭൂരിപക്ഷം 12201 വോട്ടായി ഇടിഞ്ഞു. യു.ഡി.എഫിലെ രമ്യ ഹരിദാസായിരുന്നു എതിർസ്ഥാനാർഥി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.