സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കൊച്ചിയിൽനിന്ന് പുറപ്പെടുന്ന ഹജ്ജ് തീർഥാടക സംഘത്തെ വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനം കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോർജ് കുര്യൻ ഫ്ലാഗ്ഓഫ് ചെയ്യുന്നു
നെടുമ്പാശ്ശേരി: കൊച്ചിയിൽനിന്ന് ആദ്യ ഹജ്ജ് വിമാനം പുറപ്പെട്ടു. കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോർജ് കുര്യൻ ഫ്ലാഗ്ഓഫ് ചെയ്തു. കൊച്ചി എംബാർക്കേഷൻ പോയന്റ് വഴി ആദ്യദിനമായ വെള്ളിയാഴ്ച രണ്ട് വിമാനങ്ങളാണ് സർവിസ് നടത്തിയത്. വൈകീട്ട് 5.55ന് പുറപ്പെട്ട ആദ്യ വിമാനത്തിൽ 146 പുരുഷന്മാരും 143 സ്ത്രീകളുമാണുണ്ടായിരുന്നത്. രണ്ടാമത്തെ വിമാനം രാത്രി 8.20ന് പുറപ്പെട്ടു. ഈ വിമാനത്തിൽ 146 പുരുഷന്മാരും 140 സ്ത്രീകളുമാണുണ്ടായിരുന്നത്.
വെള്ളിയാഴ്ച പുറപ്പെട്ട വിമാനങ്ങളിലേക്കുള്ള തീർഥാടകർ വ്യാഴാഴ്ച രാവിലെയും വൈകുന്നേരവുമായി ഹജ്ജ് ക്യാമ്പിലെത്തിയിരുന്നു. ഹജ്ജ് ക്യാമ്പിലെത്തിയ ആദ്യ സംഘത്തിന് ഹജ്ജ് കമ്മിറ്റിയുടെയും സിയാലിന്റെയും നേതൃത്വത്തിൽ സ്നേഹോഷ്മള സ്വീകരണമാണ് നൽകിയത്.
വിമാനത്താവളത്തിലെത്തി ലഗേജ് കൈമാറിയശേഷം ഹജ്ജ് കമ്മിറ്റിയൊരുക്കിയ പ്രത്യേക വാഹനത്തിലാണ് തീർഥാടകരെ ക്യാമ്പിലെത്തിച്ചത്. തുടർന്ന് പാസ്പോർട്ട്, ബോർഡിങ് പാസ് ഉൾപ്പെടെയുള്ള രേഖകൾ ഹജ്ജ് സെൽ ഓഫിസർമാർ മുഖേന തീർഥാടകർക്ക് കൈമാറി. കൊച്ചിയിൽനിന്ന് ശനിയാഴ്ച രാത്രി 8.40ന് പുറപ്പെടുന്ന വിമാനത്തിൽ മുഴുവനായും വനിത തീർഥാടകരാണുണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.