നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ ഹജ്ജിന് പോയവർ മടങ്ങിയെത്തുന്നത് ഒരുദിവസം വൈകും. ആദ്യ സംഘം ജൂൺ 11ന് എത്തിച്ചേരുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും പുതുക്കിയ ഷെഡ്യൂൾ പ്രകാരം 12ന് പുലർച്ചെ 5.30 നാണ് ആദ്യവിമാനം എത്തുക. ജൂൺ 21 വരെ 20 വിമാനങ്ങളാണ് മടക്കയാത്രക്ക് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
മടങ്ങിയെത്തുന്ന ഹാജിമാരെ സ്വീകരിക്കാൻ കൊച്ചി വിമാനത്താവളത്തിൽ ഒരുക്കം പൂർത്തിയായി. തീർത്ഥാടകരെ സഹായിക്കുന്നതിനായി ഹജ്ജ് സെൽ അംഗങ്ങൾ അടക്കം 60 അംഗ വളന്റിയർ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ജില്ല കലക്ടറുടെ നിർദേശപ്രകാരം എ.ഡി.എം ഷിജു മാത്യുവിന്റെ ചേംബറിൽ ചേർന്ന ഉന്നതതല യോഗം ക്രമീകരണങ്ങൾ വിലയിരുത്തി.
ഹാജിമാർക്ക് സൗകര്യപ്രദമായ രീതിയിൽ ദീർഘദൂര കെ.എസ്.ആർ.ടി.സി ബസുകൾക്ക് അങ്കമാലി അത്താണിയിൽ സ്റ്റോപ്പ് അനുവദിക്കാൻ നിർദേശം നൽകാൻ യോഗം തീരുമാനിച്ചു. വിമാനം ഇറങ്ങിയ ശേഷം ടെർമിനലിലെത്തുന്ന ഹാജിമാരെ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം വളന്റിയർമാർ ടെർമിനലിന് പുറത്ത് കാത്ത് നിൽക്കുന്ന ബന്ധുക്കളുടെ സമീപത്തേക്ക് എത്തിക്കും.
ഓരോ ഹാജിക്കും അഞ്ച് ലിറ്റർ വീതം സംസം വെള്ളം ടെർമിനലിൽ തന്നെ വിതരണം ചെയ്യും. വളന്റിയർമാരെ എട്ട് ടീമുകളായി തിരിച്ചാണ് ചുമതലകൾ ഏൽപ്പിച്ചിരിക്കുന്നത്. ടെർമിനലിന് പുറത്ത് നിൽക്കുന്ന ബന്ധുക്കൾക്ക് ഹാജിമാരെ സംബന്ധിച്ച വിവരങ്ങൾ നൽകാൻ പ്രത്യേക ഇൻഫോർമേഷൻ കൗണ്ടറും പ്രവർത്തിക്കും.
യോഗത്തിൽ ഹജ്ജ് കമ്മിറ്റി അംഗങ്ങളായ അനസ് ഹാജി, സക്കീർ ഹാജി ഈരാറ്റുപേട്ട, നൂർ മുഹമ്മദ് നൂർഷ, അസി. സെക്രട്ടറി മുജീബ് റഹ്‌മാൻ പുത്തലത്ത്, നോഡൽ ഓഫിസർ പി.എ അഹമ്മദ് കബീർ, ഹജ്ജ് സെൽ ഓഫിസർ എസ്. നജീബ്, ജില്ല ട്രെയിനിങ് ഓർഗനൈസർ സി.എം. നവാസ്, സി.എം. അസ്‌കർ, എം.എ. സുധീർ, ഇബ്രാഹിംകുട്ടി കാക്കനാട്, അസി. ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആശ, സിയാൽ അസി. മാനേജർ ശങ്കർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.