മാനന്തവാടി: കാടിന്റെ കാവലാളായി കാക്കിയിട്ട് രമ്യ രാഘവൻ കുറിക്കുന്നത് ചരിത്രനേട്ടം. കാനനവഴികളെ അടുത്തറിയുന്ന േഗാത്രവിഭാഗത്തിൽനിന്ന് കാടിെൻറ സംരക്ഷകയെന്ന വേഷപ്പകർച്ചയിലേക്ക് രമ്യ മാറുേമ്പാൾ അത് സമാനതകളില്ലാത്ത അംഗീകാരമാവുകയാണ്.
കാടിനെ കാക്കാൻ ആദിവാസി വിഭാഗത്തിൽനിന്നുള്ള ആദ്യത്തെ റേഞ്ച് ഫോറസ്റ്റ് ഒാഫിസറായാണ് മീനങ്ങാടി സ്വദേശിനിയായ രമ്യ കഴിഞ്ഞദിവസം ചുമതലയേറ്റത്.
കാട് കാക്കാൻ വനിതകൾക്കുമാകുമെന്ന് തെളിയിച്ച്, മുസ്ലിം സമുദായത്തിൽനിന്നുള്ള ആദ്യത്തെ റേഞ്ചറായ എ. ഷജ്നക്ക് പിന്നാലെയാണ് വയനാട്ടിൽനിന്നുതന്നെ വീണ്ടുമൊരു വനിത ആ തസ്തികയിലെത്തുന്നത്. കർഷകനായ മീനങ്ങാടി അമ്പലപ്പടി മന്ദത്ത് രാഘവെൻറയും കുഞ്ഞിലക്ഷ്മിയുടെയും മകളായ ഇൗ 26കാരി കഴിഞ്ഞ മേയ് 25നാണ് പേര്യ റേഞ്ചിൽ ജോലിയിൽ പ്രവേശിച്ചത്. ഇപ്പോൾ വരയാൽ ഫോറസ്റ്റ് സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്.
കുറുമ സമുദായാംഗമായ രമ്യ പ്ലസ് ടു വരെ മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് പഠിച്ചത്. പിന്നീട് മണ്ണുത്തി വെള്ളാനിക്കര ഫോറസ്റ്റ് കോളജിൽനിന്നും ബി.എസ്സി, എം.എസ്സി ഫോറസ്ട്രി കോഴ്സുകൾ പൂർത്തിയാക്കുകയായിരുന്നു. പഠനത്തിനിടെ കാടിനെ കൂടുതൽ അറിഞ്ഞ രമ്യയുടെ മനസ്സ് കാടിനൊപ്പമാണിപ്പോൾ. വനം വകുപ്പിൽ ജോലി ചെയ്യണമെന്ന ആഗ്രഹത്തെതുടർന്ന് അപേക്ഷ നൽകുകയും തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. കോയമ്പത്തൂർ വനം പരിശീലന അക്കാദമിയിൽനിന്ന് ഒന്നര വർഷത്തെ പരിശീലനം വിജയകരമായി പൂർത്തിയാക്കിയതിന് ശേഷമാണ് വയനാട്ടിൽതന്നെ ജോലി ലഭിച്ചത്.
മൂന്ന് വനിതകളടക്കം 13 പേരാണ് രമ്യക്കൊപ്പം പരിശീലനം നേടിയത്. വനിതകളായ രണ്ടുപേർക്ക് പാലക്കാടും പുനലൂരുമാണ് നിയമനം. സഹപാഠികളായ പി.എസ്. നിഥിൻ ബേഗൂരും നിഥിൻ ലാൽ ചെതലയത്തും ജോലി ചെയ്യുന്നുണ്ട്. വന്യമൃഗങ്ങളെയെല്ലാം നേരിടേണ്ട ജോലി ആയതിനാൽ അമ്മക്ക് പേടിയായിരുന്നുവെന്നും തെൻറ നിർബന്ധത്തിന് ഒടുവിൽ മാതാപിതാക്കൾ വഴങ്ങുകയായിരുന്നെന്നും രമ്യ പറഞ്ഞു.
ജോലിയിൽ തികഞ്ഞ സത്യസന്ധത പുലർത്തുമെന്നും ജനങ്ങളുമായി പരസ്പരധാരണയോടെ പ്രവർത്തിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. സഹോദരി രജിതയെ വിവാഹം കഴിച്ചയച്ചു. ഏക സഹോദരൻ രജിത്ത് ബാലുശ്ശേരി ഗവ. കോളജിൽ അധ്യാപകനായി ജോലി ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.