കപ്പലിലെ തീ ശമിച്ചിട്ടില്ല, വശങ്ങളിലേക്ക് പടരുന്നു; ഇന്ത്യൻ തീരത്ത് കൂടി പോകുന്ന കപ്പലുകൾക്ക് മുന്നറിയിപ്പ്

കൊച്ചി: കേരള തീരത്ത് അപകടമുണ്ടായ ചരക്കുകപ്പലിലെ തീ അണയാത്ത സാഹചര്യത്തിൽ അപകട സാധ്യത നിലനിൽക്കുകയാണെന്ന് റിപ്പോർട്ട്. കപ്പലിന്‍റെ മധ്യഭാഗത്തും കണ്ടെയ്നർ ബേയിലിലും കനത്ത പുക ഉയരുന്നുണ്ട്. തീ കപ്പലിന്‍റെ മധ്യഭാഗത്ത് നിന്ന് മറ്റ് വശങ്ങളിലേക്ക് പടരുന്നതായാണ് ലഭിക്കുന്ന വിവരം. കപ്പലിനെ സ്ഥാനവും ഒഴുകി നീങ്ങുന്ന പാതയും നിരീക്ഷണത്തിലാണ്. സുരക്ഷിതമാണെങ്കിൽ കപ്പലിനെ മുന്നോട്ടോ പിന്നോട്ടോ വലിച്ചു കൊണ്ടുപോകാൻ സാധിക്കും. തീ പൂർണമായി നിയന്ത്രണത്തിലായ ശേഷം ടൗലൈൻ കണക്ഷന് ശ്രമിക്കും.

തിങ്കളാഴ്ച രാവിലെ ആരംഭിച്ച തീയണക്കൽ മൂന്നാം ദിവസവും കോസ്റ്റ് ഗാർഡും നാവികസേനയും തുടരുകയാണ്. നിയന്ത്രണാതീതമായ വിധത്തിൽ തീയാളുന്നതും ഇടക്കുള്ള പൊട്ടിത്തെറിയുമാണ് രക്ഷാപ്രവർത്തനത്തിൽ വലിയ പ്രതിസന്ധിയാവുന്നത്. തീയും പുകയും കാരണം ഒരു പരിധിക്കപ്പുറം ദൗത്യ സേനാംഗങ്ങൾക്ക് കപ്പലിന് അടുത്തേക്ക് പോകാനാവാത്ത സാധിക്കുന്നില്ല.

നിലവിൽ കപ്പൽ ഒഴുകി പോകാതെ സ്ഥിരത കൈവരിച്ചതായാണ് റിപ്പോർട്ട്. കപ്പൽ ഇന്ത്യൻ തീരത്ത് നിന്ന് അകന്നു പോകുന്നത് ആശങ്കക്ക് വഴിവെക്കും. കപ്പലിന്‍റെ തെക്ക് കിഴക്കായി പൊങ്ങിക്കിടക്കുന്ന കണ്ടെയ്‌നറുകൾ ഒഴുകി നീങ്ങുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യൻ തീരത്ത് കൂടി കടന്നു പോകുന്ന കപ്പലുകൾക്ക് മുന്നറിയിപ്പ് നൽകാൻ ഇന്ത്യൻ കോസ്റ്റ് ഗാർഡും ഇന്ത്യൻ നേവൽ ഹൈഡ്രോഗ്രാഫിക് ഓഫിസും (ഐ.എൻ.എച്ച്.ഒ) ആവശ്യപ്പെട്ടിട്ടുണ്ട്. കടലിൽ വീണ കണ്ടെയ്നറുകൾ കണ്ടെത്താനും വീണ്ടെടുക്കാനും കപ്പലുകളെ വിന്യസിച്ചിട്ടുണ്ട്.


കപ്പലിൽ കത്തിക്കൊണ്ടിരിക്കുന്ന വസ്തുവകകൾ എടുത്തുമാറ്റുകയോ, ഓക്സിജൻ ലഭ്യത പൂർണമായും ഇല്ലാതാക്കുകയോ ചെയ്താലേ തീ നിയന്ത്രിക്കാനാവൂ. എന്നാൽ, കപ്പലിനു തൊട്ടടുത്തേക്ക് എത്താനാവാത്തതിനാൽ ഇതു രണ്ടും അപ്രായോഗികമാണ്. കപ്പലിനെ വാട്ടർജെറ്റ് ഉപയോഗിച്ച് തണുപ്പിക്കുകയും (ഫയർ കൂളിങ്) ഇതിലൂടെ തീ കൂടുതൽ പടരുന്നത് ഒഴിവാക്കുകയുമാണ് നിലവിൽ ചെയ്തു കൊണ്ടിരിക്കുന്നത്. അതിമർദത്തിൽ വെള്ളവും തീ കെടുത്താനുള്ള പതയും ചീറ്റിയാണ്​ ജീവൻ പണയപ്പെടുത്തിയുള്ള ദൗത്യസേനയുടെ പോരാട്ടം​. സമുദ്ര പ്രഹരി, സചേത്, സമർഥ് എന്നീ തീരരക്ഷാസേന കപ്പലുകളാണ്​ ജലവർഷം നടത്തി ദൗത്യത്തിലുള്ളത്​.


അതേസമയം, അപകടത്തിൽ കാണാതായ നാലു കപ്പൽ ജീവനക്കാർക്കായി തിരച്ചിൽ തുടരുകയാണ്. നാവികസേനയുടെ ഐ.എൻ.എസ് സത്‍ലജ് ആണ്​ കാണാതായവർക്കായി തിരച്ചിൽ നടത്തുന്നത്​. 18 നാവികരെ രക്ഷപ്പെടുത്തി മംഗളൂരുവിൽ എത്തിച്ച ഐ.എൻ.എസ് സൂറത്തും രക്ഷാദൗത്യത്തിനായി തിരിച്ചെത്തിയിട്ടുണ്ട്.

22 കപ്പൽ ജീവനക്കാരിൽ 18 പേരെ രക്ഷ​പ്പെടുത്തിയിരുന്നു. രക്ഷപ്പെടുത്തിയ ജീവനക്കാർ മംഗളൂരുവിൽ ഹോട്ടലിലും പരിക്കേറ്റവർ ആശുപത്രിയിലുമാണുള്ളത്. രക്ഷപ്പെടുത്തിയ ജീവനക്കാരിൽ ലു യാൻലി (17), സോണിതൂർ ഹേനി (18) എന്നിവർക്ക് ഗുരുതര പരിക്കേറ്റു. നാലു പേർക്ക് നിസ്സാര പരിക്കുണ്ട്. മറ്റുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കൂടാതെ, തീരസേനയുടെ ഡോണിയർ വിമാനം വ്യോമനിരീക്ഷണം നടത്തുന്നുണ്ട്​. ഇതിൽ നിന്നുള്ള വിവരം ലഭിച്ചാലേ കപ്പലിൽ നിന്ന് എണ്ണപ്പാട ഉണ്ടായിട്ടുണ്ടോ എന്ന് അറിയാനാവൂ.

തിങ്കളാഴ്ച രാവിലെ 9.20ഓടെ കണ്ണൂർ അഴീക്കലിൽ നിന്ന് 44 നോട്ടിക്കൽ മൈൽ അകലെയാണ് (81.49 കിലോമീറ്റർ) സിം​​ഗ​​പ്പൂ​​രി​​ന്റെ എം.​​വി വാ​​ൻ​​ഹാ​​യ് 503 എന്ന ചരക്കു കപ്പലിന്​ തീപിടിച്ചത്​.

Tags:    
News Summary - Fire on ship not extinguished, spreading to sides; Warning to ships passing through Indian coast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.