ചരക്കുകപ്പൽ കത്തിയതിന്റെ രക്ഷാപ്രവർത്തനത്തിൽ ഇന്ത്യൻ നാവികസേന പുറത്തുവിട്ട ചിത്രം
കണ്ണൂർ: കടലിൽ തീപിടിച്ച സിംഗപ്പൂർ കപ്പൽ നീങ്ങുന്നത് ഉൾക്കടലിൽനിന്ന് തെക്കുകിഴക്കൻ ഭാഗത്തേക്ക്. കടലിൽ വീണ കണ്ടെയ്നറുകൾ തൃശൂരിനും എറണാകുളത്തിനും ഇടയിലുള്ള തീരത്ത് അടിയാനാണ് സാധ്യതയെന്ന് അഴീക്കൽ പോർട്ട് ഓഫിസർ ക്യാപ്റ്റൻ പി.കെ. അരുൺ കുമാർ പറഞ്ഞു.
ആശങ്കയൊഴിഞ്ഞെങ്കിലും അഴീക്കൽ, ബേപ്പൂർ തുറമുഖങ്ങളിൽ ഇപ്പോഴും ജാഗ്രത നിർദേശമുണ്ട്. രക്ഷാപ്രവർത്തനം അവലോകനം ചെയ്യാൻ വിവിധ സംഘങ്ങൾ യോഗം ചേരുന്നുണ്ട്. തീ നിയന്ത്രണവിധേയമായിട്ടില്ലെന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നവർ നൽകുന്ന വിവരം. കാറ്റിന്റെ ഗതിയും തീ നിയന്ത്രിക്കുന്നതില്‍ തിരിച്ചടിയാണ്.
കൊച്ചി: അഴീക്കൽ തുറമുഖത്തു നിന്ന് 44 നോട്ടിക്കൽ മൈൽ അകലെ അപകടത്തിൽ പെട്ട കപ്പലിലെ തീ പൂർണമായും നിയന്ത്രണ വിധേയമാക്കാനും കാണാതായ നാലു പേരെ കണ്ടെത്താനും പ്രഥമ പരിഗണന നൽകാൻ കൊച്ചിയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ്ങിന്റെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച യോഗം ചേർന്നത്.
ഇതിനിടെ അപകടത്തിൽ പെട്ട കപ്പലിൽ 2000 ടൺ ഫ്യുവൽ ഓയിലും 240 ടൺ ഡീസലും ഉണ്ടെന്ന വിവരം പുറത്തുവന്നു. തീപടർന്ന ഭാഗത്തോടടുത്താണ് ഇന്ധന ടാങ്ക് എന്നതിനാൽ ടാങ്കിലേക്ക് തീ പടരാതിരിക്കാനുള്ള തീവ്രശ്രമം തുടരുകയാണ്.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, കേരള മാരിടൈം ബോർഡ്, നാവികസേന, കോസ്റ്റ് ഗാർഡ് ഉന്നതരും യോഗത്തിൽ പങ്കെടുത്തു. നിലവിലെ സാഹചര്യം വിലയിരുത്തിയ യോഗം തീയുടെ വ്യാപനവും ചിതറിക്കിടക്കുന്ന കണ്ടെയ്നറുകളും രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നതായി വിലയിരുത്തി.
കണ്ടെയ്നർ നീക്കലിനൊപ്പം മലിനീകരണ നിയന്ത്രണ നടപടികളും തുടങ്ങും. കപ്പൽ വീണ്ടെടുക്കൽ ഉൾപ്പെടെ നടപടികളിലേക്ക് സാഹചര്യങ്ങൾ വിലയിരുത്തിയശേഷം നീങ്ങും. തീയണക്കലിനും ആളുകളെ കണ്ടെത്തലിനുമാണ് പ്രഥമ പരിഗണനയെന്നും തുടർനടപടികൾ പിന്നീടായിരിക്കുമെന്നും കേരള മാരിടൈം ബോർഡ് സി.ഇ.ഒ ഷൈൻ എ. ഹഖ് വ്യക്തമാക്കി. കപ്പൽ വീണ്ടെടുക്കലുമായി ബന്ധപ്പെട്ട് കപ്പൽ ഉടമകൾ, ഉടമകളുടെ സംഘടനകൾ എന്നിവരെക്കൂടി പങ്കെടുപ്പിച്ച് അടുത്ത ദിവസം മറ്റൊരു യോഗം നടക്കും.
കണ്ണൂർ: എണ്ണടാങ്കുകൾക്ക് സമീപമാണ് കണ്ടെയ്നറുകൾ സ്ഥിതി ചെയ്യുന്നത് എന്നതിനാൽ അത്യന്തം ദുഷ്കരമായാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. കപ്പൽ ഉടമകൾ നൽകുന്ന വിവരമനുസരിച്ച് 157 കണ്ടെയ്നറുകളിൽ വെടിമരുന്ന് ഉൾപ്പെടെ അപകടകരമായ വസ്തുക്കളുണ്ട്.
തീപിടിക്കുന്ന വസ്തുക്കളെ അടിസ്ഥാനപ്പെടുത്തി വിവിധ വിഭാഗങ്ങളായാണ് രക്ഷാപ്രവർത്തനത്തെ വേര്‍തിരിച്ചിരിക്കുന്നത്. ക്ലാസ് എ (ജനറൽ വിഭാഗം- മരം, കടലാസ് എന്നിവ), ക്ലാസ് ബി (ദ്രാവകം), ക്ലാസ് സി (വാതകം), ക്ലാസ് ഡി (ലോഹങ്ങൾ), ക്ലാസ് എഫ് (പാചക എണ്ണ), വൈദ്യുത വസ്തുക്കൾ എന്നിവയാണിത്. ഇതില്‍ ഓരോ തരത്തിലുള്ള തീ നിയന്ത്രിക്കുന്നതിനും വ്യത്യസ്ത മാര്‍ഗങ്ങളാണ് രക്ഷാപ്രവർത്തകർ സ്വീകരിക്കുന്നത്.
കപ്പലില്‍ ഒരേസമയം പല വസ്തുക്കളാണ് തീപിടിത്തത്തിനു കാരണമെന്നതിനാല്‍ വ്യത്യസ്ത മാര്‍ഗങ്ങള്‍ ഒരേസമയം ഉപയോഗിക്കേണ്ടിവരുന്നതും പ്രധാന വെല്ലുവിളിയാണെന്നും അദ്ദേഹം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.