തിരുവനന്തപുരം: പി.എസ്.സി ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പളം ലക്ഷങ്ങള്‍ വര്‍ധിപ്പിച്ചതിനു പിന്നാലെ, സര്‍ക്കാറിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസിന് യാത്രാബത്ത ഇനത്തിൽ വലിയ വർധനക്ക് കളമൊരുങ്ങുന്നു.
തോമസിനുള്ള വാർഷിക യാത്രാബത്ത 11.31 ലക്ഷമായി വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് പൊതുഭരണ പ്രോട്ടോകോൾ വിഭാഗം ധനവകുപ്പിനെ സമീപിച്ചു. യാത്രാബത്ത ഇനത്തിൽ 2025-26 ലെ ബജറ്റിൽ അഞ്ചുലക്ഷമാണ് വകയിരുത്തിട്ടുള്ളത്. എന്നാൽ, നിലവിൽ 6.31 ലക്ഷം ചെലവാകുന്നുണ്ടെന്നും ഇത് കണക്കിലെടുത്ത് വിഹിതം 11.31 ലക്ഷമായി ഉയർത്തണമെന്നുമാണ് പ്രോട്ടോകോൾ വിഭാഗത്തിന്റെ ആവശ്യം. ഇനി തീരുമാനമെടുക്കേണ്ടത് ധനവകുപ്പാണ്.
കെ.വി. തോമസിന്റെ ഓണറേറിയത്തിനായി കഴിഞ്ഞ ബജറ്റിൽ നൽകിയത് 24.67 ലക്ഷം രൂപയായിരുന്നു. തൊട്ടു മുൻബജറ്റിൽ 17 ലക്ഷവും. ഓരോ വർഷവും ബജറ്റ് വിഹിതം വർധിപ്പിച്ചുവരികയാണ്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് സർക്കാർ ആവർത്തിക്കുന്നതിനിടെയാണ് പരിധിവിട്ട വർധിപ്പിക്കലുകളുടെ വിവരം പുറത്തുവരുന്നത്. കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയ മുന്‍ കേന്ദ്രമന്ത്രി കെ.വി. തോമസിനെ 2023 ജനുവരി 19 നാണ് കാബിനറ്റ് പദവിയോടെ, ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിച്ചത്.
കേരളത്തിന്റെ താല്പര്യങ്ങള് ദേശീയതലത്തില്‍ സംരക്ഷിക്കുന്നതിനും കേന്ദ്രസര്‍ക്കാറുമായും ഉദ്യോഗസ്ഥരുമായും ചര്‍ച്ചകള്‍ നടത്തി പ്രധാന വിഷയങ്ങളില്‍ ഇടപെടുന്നതിനുമാണ് പ്രത്യേക പ്രതിനിധിയെ നിയോഗിച്ചത്.
നിയമിതനായ ഘട്ടത്തിൽ ശമ്പളം വേണ്ട ഓണറേറിയം മതി എന്ന നിലപാടാണ് തോമസ് സ്വീകരിച്ചത്. യാത്രപ്പടി, ടെലിഫോൺ തുടങ്ങിയ മറ്റ് അലവൻസുകളും കിട്ടുന്നുണ്ട്. അടുത്തിടെ, കെ.വി. തോമസിന് സർക്കാർ പ്രൈവറ്റ് സെക്രട്ടറിയെയും അനുവദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.