ഫെനി ബാലകൃഷ്​ണൻ

സോളാർ: കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര്​ ചേർത്തത്​ ഗണേഷ്, ഇ.പി. ജയരാജനും സജി ചെറിയാനും ഇടപെട്ടു​ -ഫെനി

തിരുവനന്തപുരം: ആദ്യ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേരുണ്ടായിരുന്നി​ല്ലെന്നും ഗണേഷ്​ കുമാർ ഇടപെട്ടാണ്​ അത്​ കൂട്ടിച്ചേർത്തതെന്നും സോളാർ പരാതിക്കാരിയുടെ മുൻ അഭിഭാഷകൻ ഫെനി ബാലകൃഷ്​ണൻ. ഉമ്മൻ ചാണ്ടിക്കെതിരായ ലൈംഗിക ആരോപണം സജീവമാക്കി നിർത്തണമെന്ന് സി.പി.എം നേതാക്കളായ സജി ചെറിയാനും ഇ.പി. ജയരാജനും ആവശ്യപ്പെട്ടിരുന്നു. പീഡന പരാതിയിലെ തെളിവുകൾ നൽകണമെന്നാവശ്യപ്പെട്ട് പി.സി. ജോർജും സമീപിച്ചു.

പരാതിയിൽ ചില പേരുകൾ ഒഴിവാക്കാനും ചില പേരുകൾ ചേർക്കാനും എസ്.എൻ.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശനും ആവശ്യപ്പെട്ടു. പത്തനംതിട്ട ജയിലിൽ വെച്ച് കോടതിക്ക് നൽകാൻ തട്ടിപ്പ് കേസിലെ പ്രതിയായ വനിത തയാറാക്കിയത് 21 പേജുള്ള പരാതിയാണ്. ജയിലിൽനിന്ന്​ പരാതിയുമായി പുറത്തു വന്നപ്പോൾ ഗണേഷിന്റെ പി.എ പ്രദീപ് കാത്ത് നിന്നിരുന്നു.

പരാതിക്കാരിയുടെ നിർദേശ പ്രകാരം പ്രദീപിനൊപ്പം തിരുവനന്തപുരത്തെ ബാലകൃഷ്ണപിള്ളയുടെ ഓഫിസിലെത്തി, അത്​ ശരണ്യ മനോജിന് കൈമാറി. ഗണേഷ് കുമാറിന്റെ നിർദേശ പ്രകാരം പ്രദീപും ശരണ്യ മനോജും ചേർന്നാണ് കത്ത് തിരുത്തിയത്​. ആദ്യ കത്തിൽ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയോ ജോസ് കെ. മാണിയുടെയോ പേരില്ല. എന്നാൽ, കത്തിന്റെ രണ്ടാം പേജിൽ ഗണേഷ് കുമാർ ലൈംഗികമായി പീഡിപ്പിച്ചതായി ഉണ്ടായിരുന്നു. ഈ പേജ് മാറ്റി ഉമ്മൻ ചാണ്ടിയുടെയും ജോസ് കെ. മാണിയുടെയും പേര് ചേർത്തു. മറ്റ് പല പ്രമുഖരുടെയും പേരുകൾ ആദ്യ കത്തിൽ ഉണ്ടായിരുന്നു. ഗണേഷിന് മന്ത്രി സ്ഥാനം ലഭിക്കാനായി കത്ത് ഉപയോഗിക്കാനായിരുന്നു ശ്രമം. എന്നാൽ, ഇത് നടക്കാതെ വന്നതോടെ ഉമ്മൻചാണ്ടി സർക്കാറിനെ താഴെയിറക്കാൻ കത്ത് തിരുത്തി പ്രചരിപ്പിക്കുകയായിരുന്നു.

മരിക്കുംമുമ്പ് ഉമ്മൻ ചാണ്ടിയെ വീട്ടിൽ പോയി കണ്ടിരുന്നു. ‘ആ സ്ത്രീ എന്തിന് എന്റെ പേരെഴുതി’ എന്നാണ് ചോദിച്ചത്. ഗണേഷ് കുമാറിന്‍റെയും സംഘത്തിന്‍റെയും ഗൂഢാലോചന പറഞ്ഞു. സത്യം അറിഞ്ഞപ്പോൾ ‘തനിക്ക് ആരോടും പരാതിയില്ലെ’ന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ പ്രതികരണം. തെളിവുകളടങ്ങിയ സോളാർ നായികയുടെ ബാഗ് തന്റെ പക്കലുണ്ട്​. സീഡിയും കത്തുകളും ചിത്രങ്ങളും അടക്കമുള്ള രേഖകളടങ്ങിയ ബാഗ് ജയിലിൽനിന്ന്​ പുറത്തിറങ്ങിയപ്പോൾ പ്രതി തന്നെ ഏൽപ്പിച്ചിരുന്നു. പലർക്കും എതിരായ തെളിവുകൾ ഇതിലുണ്ട്. അതു​ പുറത്തുവിടില്ല. പരാതിക്കാരി പല തവണ തിരിച്ച് ചോദിച്ചെങ്കിലും ദുരുപയോഗം ചെയ്യുമെന്നതിനാലാണ്​ തിരികെ നൽകാത്തതെന്ന്​ ഫെനി പറഞ്ഞു.

Tags:    
News Summary - feni balakrishnan about solar case letter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.