ചെങ്ങന്നൂർ മാന്നാറിൽ നാലു വയസ്സുകാരനെ കൊന്ന്​ പിതാവ് ജീവനൊടുക്കി

ചെങ്ങന്നൂർ: മാന്നാറിൽ നാലു വയസ്സുകാര​നെ കഴുത്തുഞെരിച്ച്​ കൊന്നശേഷം പിതാവ്​ ജീവനൊടുക്കി. മാന്നാർ കുട്ടമ്പേരൂർ 11ാം വാർഡിൽ കുന്നത്തൂർ ക്ഷേത്രത്തിനു കിഴക്ക് വല്ലത്തേരിൽ ഓർത്തഡോക്സ് പള്ളിക്ക്​ സമീപം ഗുരുതിയിൽ വടക്കേതിൽ കൃപാസദനം സൈമൺ-സൂസൻ ദമ്പതികളുടെ മകൻ പെയിന്‍റിങ്​ ജോലിക്കാരനായ മിഥുൻ കുമാറാണ്​ (രഞ്​ജിത് ജോൺ -34) ഏകമകൻ ഡെൽവിൻ ജോണിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.

ഞായറാഴ്ച രാവിലെയാണ് സംഭവം പുറംലോകം അറിയുന്നത്​. പന്തളം ഇടപ്പോൺ ജോസ്കോ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനായ സൈമൺ ജോലി കഴിഞ്ഞ് രാവിലെ വരുന്നവഴി ചെന്നിത്തല ഒരിപ്രം പുത്തുവിളപ്പടിക്ക് സമീപമുള്ള മലങ്കര കത്തോലിക്ക പള്ളിയിൽ പ്രാർഥനക്കുപോയ ഭാര്യ സൂസനെയും കൂട്ടി രാവിലെ 9.30നാണ്​ വീട്ടിലെത്തിയത്. മകനും കൊച്ചുമകനും ഉറക്കമാണെന്ന്​ കരുതി വിളിച്ചുണർത്താൻ ഡൈനിങ്​ ഹാളിന്‍റെ വശത്തെ മുറിയിൽ തട്ടിയെങ്കിലും വാതിൽ തുറന്നില്ല. തുടർന്ന്​ നടത്തിയ പരിശോധനയിലാണ്​ ഇരുവരും മരിച്ചു കിടക്കുന്നതായി കണ്ടത്​.

മകനെ ശ്വാസം മുട്ടിച്ചുകൊന്ന്​ ഇരുകൈയിലെയും ഞരമ്പ് മുറിച്ചതിനുശേഷം മെത്തക്ക്​ മുകളിൽ കിടത്തി. തുടർന്ന്​​ മിഥുൻ മുറിയിലെ ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കുഞ്ഞിന്‍റെ മൃതദേഹം കട്ടിലിലും മിഥുന്‍റെ മൃതദേഹം കെട്ടിത്തൂങ്ങിയ ഷാൾ പൊട്ടി നിലത്തുവീണ നിലയിലുമാണ് കാണപ്പെട്ടത്. മുറിയിൽനിന്ന്​ മിഥുന്‍റെ ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

12 വർഷത്തോളം ഗൾഫിൽ ജോലി ചെയ്തിരുന്ന മിഥുൻ അഞ്ച് വർഷം മുമ്പ് തിരികെ നാട്ടിലെത്തിയ ശേഷം പെയിന്‍റിങ്​ ജോലിയാണ്​ ചെയ്തിരുന്നത്​. പത്തനംതിട്ട റാന്നി നെല്ലിക്കമൺ തൈപ്പറമ്പിൽ ജോൺ-ലത ദമ്പതികളുടെ മകൾ സെലിനാണ് മിഥുന്‍റെ ഭാര്യ. ഇവർ ഒന്നര വർഷമായി സൗദിയിൽ നഴ്​സാണ്​.

ആലപ്പുഴയിൽനിന്നുള്ള ഫോറൻസിക് വിദഗ്​ധരായ ചിത്ര, ചന്ദ്രദാസ് എന്നിവരെത്തി തെളിവുകൾ ശേഖരിച്ചു. ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ, ചെങ്ങന്നൂർ ഡിവൈ.എസ്.പി എം.കെ. ബിനുകുമാർ, മാന്നാർ എസ്.എച്ച്.ഒ ജോസ് മാത്യു, എസ്.ഐ സി.എസ്. അഭിരാം എന്നിവർ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ച ശേഷം മൃതദേഹങ്ങൾ വണ്ടാനം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പോസ്​​റ്റ്​മോർട്ടം നടത്തി. സെലിൻ സൗദിയിൽനിന്ന്​ വന്നതിനുശേഷം സംസ്കാരം നടത്തും. മിഥുന്‍റെ സഹോദരി: രഞ്ജിനി.

Tags:    
News Summary - Father killed four-year-old boy in Mannar, Chengannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.