സ​പ്ലൈ​കോ​യു​ടെ മു​ദ്ര​വെ​ച്ച ചാ​ക്കി​ൽ എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ വി​ത​ര​ണ​ത്തി​നെ​ത്തി​ച്ച വ്യാ​ജ വെ​ള്ള മ​ട്ട അ​രി

കർഷകന്‍റെ നെല്ല് സ്വകാര്യ ബ്രാൻഡുകൾക്ക്; വ്യാജൻ സുലഭം, മട്ടയിൽ വെട്ടിപ്പ്

തിരുവനന്തപുരം: സ്വകാര്യ മില്ലുകളിലെ ഭക്ഷ്യവകുപ്പിന്‍റെ പരിശോധനകൾ പ്രഹസനമായതോടെ സംസ്ഥാനത്ത് വീണ്ടും വ്യാജ മട്ട അരി സുലഭം. കർഷകരിൽനിന്ന് കോടികൾ മുടക്കി സർക്കാർ സംഭരിക്കുന്ന മുന്തിയ ഇനം നെല്ല് പ്രമുഖ സ്വകാര്യ അരി ബ്രാൻഡുകൾക്ക് കൈമാറി പകരം ഇതര സംസ്ഥാനത്തങ്ങളിൽനിന്ന് കുറഞ്ഞ വിലയ്ക്ക് എത്തിക്കുന്ന വെള്ള അരിയാണ് വെള്ള മട്ട എന്ന പേരിൽ റേഷൻ കടകൾ വഴി വിൽക്കുന്നത്. ഇതുസംബന്ധിച്ച് റേഷൻ വ്യാപാരികൾ ഭക്ഷ്യവകുപ്പിന് പരാതി നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല.

നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് 50 ഓളം സ്വകാര്യ മില്ലുകളാണ് സംസ്ഥാന സർക്കാറുമായി കരാറിലുള്ളത്. കരാർ പ്രകാരം 100 കിലോ നെല്ല് നൽകുമ്പോൾ 64.5 കിലോ അരി മില്ലുടമ സപ്ലൈകോക്ക് തിരികെ നൽകണം. ഒരു ക്വിൻറലിന് 214 രൂപ മില്ലുടമകൾക്ക് നൽകും. എന്നാൽ, കർഷകരിൽനിന്ന് സംഭരിക്കുന്ന ഗുണമേന്മയുള്ള ജ്യോതി, ജയ, ഉമ ഇനങ്ങളിലുള്ള നെല്ല് മില്ലുകാർ അരിയാക്കി സ്വകാര്യ മൊത്തക്കച്ചവടക്കാർക്ക് മറിച്ചുവിൽക്കുകയാണ്. പകരം തമിഴ്നാട്, ആന്ധ്ര, മൈസൂരു എന്നിവിടങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന വിലകുറഞ്ഞ വെള്ള അരിയും എഫ്.സി.ഐയിൽനിന്ന് ടെൻഡർ അടിസ്ഥാനത്തിൽ വിലകുറച്ച് വാങ്ങുന്ന അരിയും ചേർത്ത് സപ്ലൈകോയുടെ മുദ്രവെച്ച ചാക്കുകളിൽ എൻ.എഫ്.എസ്.എ ഗോഡൗണുകളിൽ എത്തിക്കുന്നു.

മില്ലുകാർ നൽകുന്ന മുന്തിയ ഇനം അരി ജനപ്രിയ ബ്രാൻഡുകളുടെ ലേബലിൽ പൊതുവിപണിയിൽ കൂടിയ വിലയ്ക്ക് എത്തുന്നു. തട്ടിപ്പ് തടയാൻ സ്വകാര്യ മില്ലുകളിൽനിന്ന് അരി എടുക്കുംമുമ്പ് ഗുണനിലവാരം പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് മുൻ സർക്കാറിന്‍റെ കാലത്ത് ഭക്ഷ്യവകുപ്പ് ഉത്തരവിട്ടിരുന്നു. എന്നാൽ, സർക്കാർ മാറിയതോടെ ഉത്തരവ് പഴങ്കഥയായി. മേൽത്തട്ടിലെ ഉദ്യോഗസ്ഥരടക്കം ഓരോ ലോഡിലും ലക്ഷങ്ങൾ കൈമടക്ക് വാങ്ങിയാണ് തട്ടിപ്പ് നടക്കുന്നത്. സ്വകാര്യ മില്ലുകളിലെ പരിശോധന ഒഴിവാക്കി കഴിഞ്ഞ ഡിസംബറിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് ഉത്തരവിറക്കിയില്ലെങ്കിലും വിവാദമായതിനെ തുടർന്ന് പിൻവലിച്ചിരുന്നു. നെല്ല് കൂട്ടിക്കലർത്തുന്നതിനെതിരെ അന്വേഷണം ഉണ്ടാകുമെന്ന് മന്ത്രി ജി.ആർ. അനിൽ ഏപ്രിലിൽ മുന്നറിയിപ്പ് നൽകിയെങ്കിലും കാര്യമായ നടപടി ഉണ്ടായില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.