കര്‍ഷകസംഘം സംസ്ഥാന സമ്മേളനം സമാപിച്ചു

കണ്ണൂര്‍: കേരളത്തിലെ ജലസേചന മാര്‍ഗങ്ങള്‍ ശാസ്ത്രീയമായും കാര്യക്ഷമമായും ഏകീകരിക്കണമെന്ന് കണ്ണൂരില്‍ സമാപിച്ച കര്‍ഷക സംഘം സംസ്ഥാന  സമ്മേളനം ആവശ്യപ്പെട്ടു. ജലം ലഭ്യമല്ലാത്തതുമൂലം ലക്ഷക്കണക്കിന് ഹെക്ടര്‍ ഭൂമി കൃഷിയോഗ്യമല്ലാത്ത അവസ്ഥയില്‍ നിലനില്‍ക്കുകയാണ്. നിലവില്‍ കൃഷിചെയ്തുകൊണ്ടിരിക്കുന്ന ആകെ ഭൂമിയുടെ 46 ശതമാനം ഭാഗത്ത് ജലസേചന സൗകര്യമുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ബാക്കി 54 ശതമാനം ഭൂമിയിലും മഴയെ ആശ്രയിച്ചാണ് കൃഷി നടക്കുന്നത്. മഴക്കുറവും വെള്ളപ്പൊക്കവുമുണ്ടാവുമ്പോള്‍ വന്‍തോതില്‍ കൃഷിനാശം സംഭവിക്കുകയും ചെയ്യുന്നു.

യഥാസമയം അറ്റകുറ്റപ്പണി നടക്കാത്തതുമൂലം പല പദ്ധതികളും  കാര്യക്ഷമമല്ല. ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയില്‍ ഭൂരിപക്ഷവും പ്രവര്‍ത്തനക്ഷമമല്ല. ഈ രംഗത്ത് സമഗ്രമായ പരിഷ്കാരങ്ങള്‍ വരുത്തുകയും കാലോചിതമായി അറ്റകുറ്റപ്പണികള്‍ നടത്തുകയും ചെയ്ത് എല്ലാ പദ്ധതികളും ജനങ്ങള്‍ക്ക് ഉപയോഗപ്രദമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

വനിത കര്‍ഷകരുടെ ക്ഷേമം ഉറപ്പാക്കുക, ഹരിതകേരളം പദ്ധതി വിജയിപ്പിക്കുക, അടക്ക കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുക, സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള നീക്കം ചെറുക്കുക, സുഗന്ധവിളകള്‍ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
സമ്മേളന സമാപന ദിവസമായ ബുധനാഴ്ച ഭാരവാഹികളുടെയും അഖിലേന്ത്യ സമ്മേളന പ്രതിനിധികളുടെയും തെരഞ്ഞെടുപ്പും ക്രെഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരണവുമാണ് നടന്നത്. കിസാന്‍സഭ ദേശീയ നേതാക്കളായ ഹനന്‍മുള്ള, പി. കൃഷ്ണപ്രസാദ്, ഇ.പി. ജയരാജന്‍ എം.എല്‍.എ, വിജു കൃഷ്ണന്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ക്രെഡന്‍ഷ്യല്‍ കമ്മിറ്റി കണ്‍വീനര്‍ ജോര്‍ജ് മാത്യു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കര്‍ഷകസംഘം ജില്ല സെക്രട്ടറി വത്സന്‍ പനോളി നന്ദി പറഞ്ഞു. തുടര്‍ന്ന് പ്രതിനിധികളും ദേശീയ-സംസ്ഥാന നേതാക്കളും അണിനിരന്ന റാലിയും കലക്ടറേറ്റ് മൈതാനിയില്‍ പൊതുസമ്മേളനവും നടന്നു. പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

Tags:    
News Summary - farmer's meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.