കൊല്ലപ്പെട്ട അധ്യാപിക മുംതാസിന്റെ മൃതദേഹം സ്കൂളിൽ പൊതു ദർശനത്തിന് വെച്ചപ്പോൾ മന്ത്രി ജി.ആർ. അനിൽ അന്തിമോപചാരം അർപ്പിക്കുന്നു

ഭർത്താവ് വെട്ടിക്കൊന്ന മുംതാസ് ടീച്ചർക്ക് നാട് കണ്ണീരോടെ വിടചൊല്ലി; ഉമ്മയുടെ ഖബറിനരികിൽ അന്ത്യനിദ്ര

നെടുമങ്ങാട്: ഭർത്താവ് വെട്ടികൊലപ്പെടുത്തിയ അഴിക്കോട് വളവെട്ടി ആർഷയിൽ മുംതാസ് ടീച്ചർക്ക് (47) നാട് വിട നൽകി. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മുംതാസ് അധ്യാപികയായിരുന്ന നെടുമങ്ങാട് ഗവ. ഗേൾസ്‌ ഹയർ സെക്കൻഡറി സ്കൂളിൽ പൊതുദർശനത്തിന് വച്ചു. തങ്ങളുടെ പ്രിയ അധ്യാപികയെ അവസാനമായി ഒരു നോക്ക് കാണാൻ സ്കൂൾ അവധിയായിരുന്നിട്ടും വിദ്യാർഥികൾ ഒഴുകിയെത്തി.

ഇന്ന് ഉച്ചക്ക് ശേഷം മൂന്നു മണിയോടെയാണ് മൃതദേഹം സ്കൂളിലെത്തിയത്. ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ, നഗരസഭ ചെയർപേഴ്സൺ സി.എസ്. ശ്രീജ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സഹപ്രവർത്തകർ ഉൾപ്പെടെ വലിയൊരു ജനാവലി സ്കൂളിൽ എത്തിച്ച മൃതദ്ദേഹത്തിൽ പുഷ്പചക്രങ്ങൾ അർപ്പിച്ചു.

വൈകീട്ട് നാലുമണിയോടെ വാളിക്കോട് ജമാഅത്ത് ഖബർസ്ഥാനിൽ മാതാവ് ഷാഹിറയുടെ ഖബറിടത്തിന് സമീപത്തായി മുംതാസിന്റെ മൃതദേഹവും ഖബറടക്കി.

വ്യാഴാഴ്ച പുലർച്ചെയാണ് അഴിക്കോട് വളവട്ടിയിൽ ഭർത്താവ് തിരുവനന്തപുരം നഴ്സിംഗ് കോളേജിലെ സീനിയർ സൂപ്രണ്ട് വൈ. അലി അക്ബർ മുംതാസിനെയും മാതാവ് ഷാഹിറയെയും വെട്ടിക്കൊലപ്പെടുത്തിയത്. പിന്നാലെ ഇയാളും തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

സംഭവസ്ഥലത്ത് വെച്ചു തന്നെ ഭാര്യ മാതാവ് ഷഹീറ മരണപ്പെട്ടു. മുംതാസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകീട്ട് അഞ്ചു മണിയോടെയാണ് മരിച്ചത്.

മാതാവ് ഷഹീറയുടെ മൃതദേഹം ഇന്നലെ ഖബറടക്കിയിരുന്നു. ഇവരെ വെട്ടിക്കൊന്ന് ആത്മഹത്യക്ക് ശ്രമിച്ച അലി അക്ബർ ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല.


Tags:    
News Summary - farewell to Mumthas teacher who was killed by her husband

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.