അക്ഷരങ്ങളിലൂടെ പ്രണയിച്ച രണ്ട് മനുഷ്യരെപറ്റിയുള്ള കഥയാണിനി പറയുന്നത്. അക്ഷരങ്ങൾ അന്യവും നിഷിദ്ധവുമായിരുന്ന കാലത്തെ കഥയാണെന്നോർക്കണം. ഇവിടത്തെ നായിക ആയിഷയാണ്. അക്ഷരങ്ങൾ പഠിക്കണം, വായിക്കണം എന്ന മോഹം അവൾക്ക് കുട്ടിക്കാലംമുതൽ ഉണ്ടായിരുന്നു. പക്ഷെ സാഹചര്യവും സമൂഹവും എതിരായിരുന്നു. 14ാം വയസിൽ അവൾക്ക് കൂട്ടായി റസാഖ് എത്തിച്ചേർന്നു. ജീവിതം ഒരുമിച്ച് കരുപ്പിടിക്കുന്നതിനിടയിൽ ഒരുകാര്യം റസാഖിന് മനസിലായി. തെൻറ പ്രണയത്തിെൻറ താക്കോൽ അക്ഷരങ്ങളാണെന്ന്. പൂക്കളും കുപ്പായങ്ങളും കല്ലുമാലകളും സമ്മാനങ്ങളായി നൽകുന്നതിന് പകരം റസാഖ് തെൻറ പ്രിയതമക്ക് പുസ്തകങ്ങൾ നൽകാൻ തുടങ്ങി. അവളെ കഥകൾ വായിച്ച് കേൾപ്പിക്കുന്നതും അക്ഷരം പഠിപ്പിക്കുന്നതും അയാൾതന്നെ. അങ്ങിനെ ആ വീട്ടിൽ അക്ഷരങ്ങളും പ്രണയവും പൂത്തുലഞ്ഞു. ആയിഷയുടേയും റസാഖിെൻറയും ജീവിത കഥ പങ്കുവച്ചത് മാധ്യമപ്രവർത്തകനായ ഹിജാസാണ്. ഹിജാസിെൻറ ഉമ്മയുടെ ഉമ്മയാണ് ആയിഷ. അക്ഷരങ്ങളെ പ്രണയിച്ച മരുഷ്യരെപറ്റിയുള്ള ഹൃദയസ്പർശിയായ ആ കുറിപ്പിെൻറ പൂർണരൂപം..
അക്ഷരങ്ങളിൽ നെയ്തെടുത്ത പതിറ്റാണ്ടുകൾ പഴക്കമുള്ള ഒരു പ്രണയകഥ.
ഈ കഥയിലെ കഥാപാത്രങ്ങൾ എെൻറ ഉമ്മയുടെ ഉമ്മയായ ആയിഷയും വാപ്പയായ അബ്ദുൽ റസാഖുമാണ്. ജനിച്ച് ഒന്നര വർഷം കഴിയുമ്പോൾ ആയിഷയുടെ ഉപ്പ അസുഖം മൂലം മരിച്ചു. പിന്നീടങ്ങോട്ട് അവരുടെ കൂടെയുണ്ടായിരുന്നത് മൂത്തപെങ്ങളും ഉമ്മയും മാത്രം. ദാരിദ്ര്യത്തിന്റെയും ഗതികേടിെൻറയും നാളുകളായിരുന്നു അത്. മുഴു പട്ടിണിയും അരപ്പട്ടിണിയും നിറഞ്ഞ നാളുകൾ. വളർന്നപ്പോൾ സ്കൂളിൽ പോകണം എന്ന ആഗ്രഹം ഉണ്ടായിരുന്നെങ്കിലും സഹോദരിയുടെ ഭർത്താവ് അതിനു സമ്മതിച്ചില്ല.
തന്നെക്കാൾ പത്ത് വയസ്സ് മൂത്ത സഹോദരിയെ വിവാഹം കഴിച്ചയാൾ ആയിരുന്നു പിന്നീട് വീട്ടിൽ ഗൃഹനാഥൻ ആയി മാറിയത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിെൻറ വാക്കുകൾ മറികടക്കൻ ആയിഷക്കും ഉമ്മാക്കും ആകുമായിരുന്നില്ല. എന്നാൽ അക്ഷരങ്ങളെ അറിയണം എന്നുള്ള നിരന്തരമായ ആയിഷയുടെ ആവശ്യത്തിൽ പൊറുതിമുട്ടിയ വീട്ടുകാർ ഒരു തീരുമാനത്തിലെത്തി. ആയിഷയെ സ്കൂളിലേക്ക് വിടില്ല, പക്ഷേ ഓത്തുപള്ളിയിൽ വിടാം. അങ്ങിനെ ആയിഷ ഓത്തുപള്ളിയിൽ പോയി തുടങ്ങി.
14 വയസ്സാകുമ്പോഴാണ് ബന്ധുകൂടിയായ അബ്ദുൾ റസാഖ് ആയിഷയെ വിവാഹം കഴിക്കുന്നത്. കർഷകനായ റസാഖുമൊന്നിച്ചായിരുന്നു ആയിഷയുടെ പിന്നീടങ്ങോട്ടുള്ള ജീവിതം. രാവും പകലും അവർ പണിയെടുത്തു. അധ്വാനമെല്ലാം സ്വരുക്കൂട്ടി ഒരു വീടുണ്ടാക്കി. പതിയെപ്പതിയെ നല്ലകാലം തുടങ്ങി. ആയിഷക്കും റസാഖിനും ഇടയിൽ വല്ലാത്തൊരു പ്രണയം ഉണ്ടായിരുന്നു. റസാഖ് എന്തിനേക്കാളുമുപരി ആയിഷയെ ഇഷ്ടപ്പെട്ടിരുന്നു. ആയിഷയുടെ കുട്ടിക്കാലത്തെ ദുരന്ത നാളുകൾ ഓർമ്മയുള്ളത് കൊണ്ടാകണം റസാഖ് പ്രിയതമയുടെ കണ്ണ് നനയാതിരിക്കാൻ എപ്പോഴും ശ്രദ്ധിച്ചിരുന്നു. നല്ല കാലം വന്നപ്പോൾ പാചകം ചെയ്യാനും, വീട്ടുജോലികൾ ചെയ്യാനും, കർഷകവൃത്തിക്കുമൊക്കെ ആയിഷക്ക് സഹായത്തിനായി റസാഖ് ആളിനെ ഒരുക്കി നൽകി.
ആ പ്രണയം ഇഴനെയ്തതിൽ അക്ഷരങ്ങൾക്ക് വലിയ പ്രാധാന്യം ഉണ്ടായിരുന്നു. വിവാഹത്തിെൻറ ആദ്യനാളുകളിൽ ആയിഷ പറഞ്ഞകാര്യം അദ്ദേഹം മനസ്സിൽ സൂക്ഷിച്ചുവെച്ചിരുന്നു. ഒരു രാത്രിയിൽ ആയിഷ റസാഖിന്നോട് പറഞ്ഞു, 'എനിക്ക് അക്ഷരങ്ങൾ പഠിക്കണം. എനിക്ക് ഈ ഭൂമിയിൽ ഉള്ളതൊക്കെ വായിക്കണം. എനിക്ക് എങ്ങനെയും പഠിക്കണം' അക്കാലത്ത് ഒരു യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിലെ സ്ത്രീയിൽ നിന്ന് ഇത്തരമൊരാഗ്രഹം ഉണ്ടാകുകയെന്നാൽ അതൊരു വിപ്ലവം തന്നെയായിരുന്നു.
സാഹചര്യങ്ങൾ ഒരുങ്ങിയപ്പോൾ റസാഖ് അതിന് വഴികണ്ടു. അക്കാലത്ത് കൂനൻവേങ്ങയിൽ ഓലമേഞ്ഞ ഒരു ഗ്രന്ഥശാലയുണ്ടായിരുന്നു. കഥയും കവിതയും നോവലും ഒക്കെ നിറഞ്ഞ നവപ്രഭ എന്ന കുഞ്ഞു ഗ്രന്ഥശാല. പിൽക്കാലത്ത് അത് എകെജി ഗ്രന്ഥശാല എന്ന് പേരുമാറ്റി.ഒരു ദിവസം വൈകുന്നേരം അബ്ദുറസാഖ് തന്റെ ഭാര്യക്കായി ഒരു സമ്മാനം കൊണ്ടുവന്നു. ഗ്രന്ഥശാലയിൽ നിന്നും ഒരു കുഞ്ഞു കഥാപുസ്തകവുമായി അന്നദ്ദേഹം വന്നത്. രാത്രിയിൽ പുസ്തകത്തിലെ കഥകൾ റസാക്ക് ആയിഷയെ വായിച്ചുകേൾപ്പിച്ചു. പിന്നീടങ്ങോട്ടുള്ള നാളുകളിൽ ആ വീട്ടിൽ കഥയും കഥാപാത്രങ്ങളും നിറഞ്ഞാടി. മലയാള അക്ഷരങ്ങൾ റസാഖ് ആയിഷയെ പഠിപ്പിച്ചു. അക്ഷരങ്ങൾ കൂട്ടിവച്ച് വാക്കുകളും വരികളും പറഞ്ഞു കൊടുത്തു.
നാളുകൾ പിന്നിട്ടു, റസാഖ് വായിച്ചുകേൾപ്പിക്കുന്നിടത്തുനിന്ന് ആയിഷ ഏറെ മുന്നോട്ടു നീങ്ങി. അവർ കഥകൾ സ്വന്തമായി വായിക്കാനാരംഭിച്ചു. പതിറ്റാണ്ടുകൾ കൊണ്ട് റസാഖും ആയിഷയും എണ്ണമറ്റ പുസ്തകങ്ങൾ വായിച്ചു തീർത്തു.താൻ കേട്ടറിഞ്ഞ, വായിച്ചറിഞ്ഞ കഥകളൊക്കെ ആയിഷ പിന്നെ മക്കൾക്ക് പറഞ്ഞു കൊടുത്തു. ആയിഷയുടെ കരുത്തുറ്റതും സൗമ്യവും ഹൃദയവുമായി പെരുമാറ്റം ചിലപ്പോൾ ഈ അക്ഷരങ്ങളുടെ കരുത്തിൽ നേടിയതാകാം.തെൻറ പങ്കാളിയോടുള്ള മാന്യമായ പെരുമാറ്റവും സഹജീവി സ്നേഹവുമൊക്കെ റസാഖിനെ പഠിപ്പിച്ചത് ഈ അക്ഷരങ്ങളാകും.
കാലം കഴിഞ്ഞു. റസാഖ് ആയിഷയെ വിട്ടുപിരിഞ്ഞു. പ്രായം തൊണ്ണൂറിനോടടുത്ത ആയിഷയുടെ കാഴ്ച മങ്ങി. പഴയ കഥാപാത്രങ്ങൾ നേരിയ ഓർമകൾ മാത്രമായി ചുരുങ്ങി. എങ്കിലും ആയിഷ ഇപ്പോഴും വായിക്കുന്നുണ്ട് . റസാക്ക് പറഞ്ഞു കൊടുത്ത അക്ഷരങ്ങൾ ചേർത്ത് വെച്ച്. കിട്ടുന്ന പുസ്തകങ്ങളൊക്കെ വായിക്കും. ഒന്നുമില്ലെങ്കിൽ എന്നും രാവിലെ പത്രം വായിക്കുന്നത് കാണാം.ഉമ്മയുടെയും ഉപ്പയുടെയും അക്ഷര പ്രണയത്തിന്റെ ചെറിയൊരംശം ആകാം പേരക്കുട്ടികളായ നമ്മളിലേക്കും എത്തിയത്. ഇനിയുമുണ്ടാകട്ടെ ഇതുപോലെ അക്ഷര പ്രണയങ്ങൾ.
ഇത് വായിച്ചു തീർന്നപ്പോൾ ആയിഷയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു
Latest Video:
:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.