സക്കറിയക്ക് എഴുത്തച്ഛന്‍ പുരസ്കാരം

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാറിന്റെ 2020-ലെ എഴുത്തച്ഛന്‍ പുരസ്കാരത്തിന് ചെറുകഥാ കൃത്തും നോവലിസ്റ്റുമായ സക്കറിയ അര്‍ഹനായി. സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കു നല്‍കുന്ന കേരള സര്‍ക്കാറിന്റെ പരമോന്നത പുരസ്കാരമാണ്‌ എഴുത്തച്ഛന്‍ പുരസ്കാരം. അഞ്ചുലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം സെക്രട്ടേറിയറ്റ്‌ ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ മന്ത്രി എ.കെ ബാലൻ അറിയിച്ചു. പുരസ്കാരം സമ്മാനിക്കുന്ന തീയതി പിന്നീട്അറിയിക്കും.

സാഹിത്യ അക്കാദമി പ്രസിഡന്റ്‌ വൈശാഖന്‍ അധ്യക്ഷനും സച്ചിദാനന്ദന്‍, എം. തോമസ്മാത്യു, ഡോ. കെ.ജി. പൗലോസ്, സാംസ്കാരിക വകുപ്പു സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

പോള്‍ സക്കറിയ എന്ന സക്കറിയ അര നൂറ്റാണ്ടിലേറെക്കാലമായി മലയാള സാഹിത്യത്തിനും മലയാളിയുടെ ചിന്തയ്ക്കും നല്‍കിയ സംഭാവനകള്‍ അതുല്യമാണെന്ന് ജൂറി വിലയിരുത്തി. മലയാള സാഹിത്യത്തില്‍ തൻറെ കഥകളും ചെറുനോവലുകളും വഴി ഒരേസമയം സൗന്ദര്യാത്മകവും നൈതികവുമായ ഒരു വഴിത്തിരിവുണ്ടാക്കാനും നമ്മുടെ ആഖ്യാന സാഹിത്യത്തില്‍ ദുരന്തബോധവും നര്‍മ്മബോധവും സമന്വയിക്കുന്ന ഒരു നവീന ഭാവുകത്വത്തിൻറെ അടിത്തറ പാകാനും സക്കറിയക്കു കഴിഞ്ഞിട്ടുണ്ട്. ഒപ്പം തന്നെ തൻറെ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ലേഖനങ്ങള്‍, പംക്തികള്‍, പ്രഭാഷണങ്ങള്‍ എന്നിവയിലൂടെ കേരളീയ സാമൂഹ്യജീവിത സമസ്യകളെക്കുറിച്ചു സ്വതന്ത്ര വീക്ഷണങ്ങള്‍ അവതരിപ്പിച്ചു കൊണ്ട് മലയാളികളെ ഉണര്‍ത്തി ചിന്തിപ്പിക്കുവാനും അദ്ദേഹം ശ്രമിച്ചുപോരുന്നു. പല ഭൂഖണ്ഡങ്ങളിലേക്കും നടത്തിയ യാത്രകളുടെ ലളിത സുഭഗമായ ആഖ്യാനങ്ങളിലൂടെ മലയാളികളുടെ അനുഭവ ചക്രവാളം വികസിപ്പിക്കുവാനും സക്കറിയയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും ജൂറി അഭിപ്രായപ്പെട്ടു. 

1945 ജൂണ്‍ 5-ന് കോട്ടയം ജില്ലയിലെ ഉരുളികുന്നത്താണ് സക്കറിയയുടെ ജനനം. ബംഗളുരു സര്‍വ്വകലാശാലയില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദാനന്തരബിരുദം നേടിയ അദ്ദേഹം കേരളത്തിനകത്തും പുറത്തും വിവിധ കോളെജുകളില്‍ ജോലി ചെയ്തു. 20 വര്‍ഷത്തോളം കേരളത്തിനുപുറത്ത് പി.ടി.ഐ, ഇന്‍ഡ്യാ ടുഡേ തുടങ്ങിയ മാധ്യമങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ചു. 1992-ല്‍ കേരളത്തില്‍ മടങ്ങിയെ ത്തിയ അദ്ദേഹം ഏഷ്യാനെറ്റിൻറെ സ്ഥാപക ടീമംഗമായി.

ചെറുകഥ, നോവല്‍, പൊതുവിഷയങ്ങളിലെ ഉപന്യാസങ്ങള്‍, യാത്രാ വിവരണങ്ങള്‍ എന്നിങ്ങനെ മലയാള സാഹിത്യത്തിൻറെ വിവിധ മേഖലകളില്‍ വ്യാപിച്ചു കിടക്കുന്നവയാണ് സക്കറിയയുടെ സാഹിത്യ സംഭാവനകള്‍. തന്‍റെ സമൂഹത്തെ തികഞ്ഞ ജാഗരൂകതയോടെ നോക്കിക്കാണുന്ന ഒരു പൗരന്‍ അദ്ദേഹത്തിനുള്ളിലുണ്ടെന്ന് ഇക്കാലയളവില്‍ അദ്ദേഹം നടത്തിയ സാംസ്കാരിക ഇടപെടലുകള്‍ സാക്ഷ്യപ്പെടുത്തും. മലയാളത്തിന് തികച്ചും നവീനമായ ഒരു ആഖ്യാന ശൈലിയില്‍, ഇരുണ്ട ഹാസ്യത്തോടടുത്തു നില്‍ക്കുന്ന നര്‍മ്മത്തെ ഉപയോഗിച്ച് അദ്ദേഹം ശരാശരി മലയാളിയുടെ സാധാരണത്ത്വങ്ങളെ അസാധാരണ സാഹിത്യ മുഹൂര്‍ത്തങ്ങളാക്കി. മതം, രാഷ്ട്രീയം തുടങ്ങിയ വ്യവഹാരങ്ങളെ ഭയലേശമന്യേ ആവിഷ്കരിക്കുന്നവയാണ് അദ്ദേഹത്തിന്‍റെ രചനകള്‍.

മനുഷ്യന്‍ എന്ന സാമൂഹ്യ നിര്‍മ്മിതിയെ നിരന്തരം വിചാരണ ചെയ്തു കൊണ്ട്, ആ സങ്കല്പത്തെയും സ്വന്തം കൃതികളെയും അദ്ദേഹം നവീകരിച്ചു കൊണ്ടേയിരിക്കുന്നു. എസ്.കെ. പൊറ്റക്കാടിന്‌ ശേഷം, മലയാളത്തിലെ സഞ്ചാര സാഹിത്യത്തിന് സര്‍ഗ്ഗാത്മകമായ ഒരു വഴിത്തിരിവു കൊണ്ടുവന്നതില്‍ അദ്ദേഹത്തിൻറെ യാത്രാവിവരണ കൃതികള്‍ക്ക് വലിയ പങ്കുണ്ട്. ഇംഗ്ലീഷ്, ജര്‍മ്മന്‍, ഫ്രഞ്ച് ഭാഷകളിലേക്കും നിരവധി ഇന്ത്യന്‍ ഭാഷകളിലേക്കും അദ്ദേഹത്തിന്‍റെ കൃതികള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

സലാം അമേരിക്ക, ഒരിടത്ത്, ആര്‍ക്കറിയാം, ഒരു നസ്രാണിയുവാവും ഗൗളി ശാസ്ത്രവും, ഭാസ്കര പട്ടേലരും എന്‍റെ ജീവിതവും, എന്തുണ്ടു വിശേഷം പീലാത്തോസേ?, പ്രെയ്സ് ദ ലോര്‍ഡ്, ബുദ്ധിജീവികളെക്കൊണ്ട് എന്തു പ്രയോജനം, ഗോവിന്ദം ഭജ മൂഢമതേ, ഒരു ആഫ്രിക്കന്‍ യാത്ര, അല്‍ഫോണ്‍ സാമ്മയുടെ മരണവും ശവസംസ്കാരവും, ഉരുളിക്കുന്നത്തിന്‍റെ ലുത്തീനിയ എന്നിവയാണ് പ്രധാന കൃതികള്‍:

1979-ലെ കേരള സാഹിത്യഅക്കാദമി പുരസ്കാരം, 2004-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം (2012), വി.കെ.എന്‍ പുരസ്കാരം (2020), ഓടക്കുഴല്‍ പുരസ്കാരം, മുട്ടത്തുവര്‍ക്കി പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.