കോഴിക്കോട്: കെ.എസ്.ആർ.ടി.സി ബസ് യാത്രക്കിടെ കോഴിക്കോട്ടുകാരിയായ യുവതിക്കുനേരെ ലൈംഗികാതിക്രമമുണ്ടായ സംഭവത്തിൽ പ്രതി പിടിയിലായില്ല. ശനിയാഴ്ച രാത്രി തിരുവനന്തപുരത്തുനിന്നും കോഴിക്കോട്ടേക്കുള്ള യാത്രക്കിടെ എറണാകുളത്തിനും തൃശൂരിനുമിടയിലാണ് യുവതിക്ക് ദുരനുഭവമുണ്ടായത്. കേസ് രജിസ്റ്റർ ചെയ്ത നടക്കാവ് പൊലീസ് യുവതിയിൽനിന്നും ഒപ്പമുണ്ടായിരുന്ന സുഹൃത്തിൽനിന്നും മൊഴിയെടുത്തു.
ബസിലെ റിസർവേഷൻ യാത്രക്കാരുടെ വിവരങ്ങളും ശേഖരിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്. തൃശൂര്‍ എത്തുന്നതിനുമുമ്പ് തൊട്ടുപിറകിലെ സീറ്റിലിരുന്നയാള്‍ മോശമായി സ്പര്‍ശിച്ചുവെന്നാണ് യുവതിയുടെ പരാതി. ശരീരത്തിൽ സ്പർശിച്ചതോടെ എഴുന്നേറ്റ് എന്ത് വൃത്തികേടാണ് കാണിക്കുന്നതെന്ന് ചോദിച്ചതോടെ അയാള്‍ മാപ്പുപറഞ്ഞ് മറ്റൊരു സീറ്റിലേക്ക് മാറി. എന്നാൽ, ഇതേക്കുറിച്ച് കണ്ടക്ടറോടും സഹയാത്രികരോടും പറഞ്ഞിട്ടും ഗൗരവത്തിലെടുത്തില്ലെന്നാണ് ആക്ഷേപം.
അതിനിടെ അതിക്രമം അറിയിച്ചിട്ടും ഇടപെടാതിരുന്ന കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവർ കം കണ്ടക്ടർ വി.കെ. ജാഫറിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. യാത്രക്കാരിയുടെ പരാതി അനുഭാവപൂർവം കേൾക്കാതെ കയർത്തുസംസാരിച്ചു, അനുമതിയില്ലാതെ മാധ്യമങ്ങളിലൂടെ സംസാരിച്ച് കോർപറേഷന് അവമതിപ്പുണ്ടാക്കി എന്നിവ ചൂണ്ടിക്കാട്ടിയാണ് നടപടി. കണ്ടക്ടറുടെയും സഹയാത്രികരുടെയും മൗനം, ബസിൽ നേരിട്ട അതിക്രമത്തെക്കാള്‍ മുറിവേല്‍പിച്ചുവെന്ന് യുവതി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചതിനെ തുടർന്ന് സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു അറിയിച്ചിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.