തലശ്ശേരിയിൽ വീട്ടിൽ സ്ഫോടനം; യുവാവിന് പരിക്ക്

തലശ്ശേരി: യുവാവ് തനിച്ച് താമസിക്കുന്ന വീട്ടിനകത്ത് ബോംബ് സ്ഫോടനം. തലശ്ശേരി റെയിൽവേ സ്റ്റേഷൻ റോഡിൽ ലോട്ടസ് ഓഡിറ്റോറിയത്തിന് സമീപത്തെ വീട്ടിലാണ് വ്യാഴാഴ്ച ഉച്ചക്ക് രണ്ടരയോടെ സ്ഫോടനമുണ്ടായത്. ഉഗ്ര ശബ്ദത്തോടെയുള്ള പൊട്ടിത്തെറിയിൽ യുവാവ് തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു.

നടമ്മൽ വീട്ടിൽ ജിതിനാണ് (25) സ്ഫോടനത്തിൽ പരിക്കേറ്റത്. പൊലീസെത്തിയാണ് ജിതിനെ തലശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് വിദഗ്ധ ചികിത്സക്കായി പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കൈക്കും മുതുകിനും കാലിനുമാണ് ജിതിന് പരിക്കേറ്റത്. സ്ഫോടനത്തിൽ ഓടിട്ട വീടിന്റെ മുറിക്ക് കേടുപാടു സംഭവിച്ചു. ജനൽ ചില്ലുകളും ഫാനും തകർന്നിട്ടുണ്ട്. വിവരമറിഞ്ഞയുടൻ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പൊട്ടിയത് സ്റ്റീൽ ബോംബാണെന്ന് പൊലീസ് പറഞ്ഞു.

ഒന്നിലധികം ബോംബുകൾ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് സ്ഥലം സന്ദർശിച്ച കണ്ണൂർ സിറ്റി പൊലീസ് മേധാവി കെ. അജിത്ത് കുമാർ പറഞ്ഞു. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സ്ഫോടനം നടന്ന വീടും പരിസരപ്രദേശങ്ങളും ബോംബ് -ഡോഗ് സ്ക്വാഡിന്റെ നേതൃത്വത്തിൽ വിശദമായി പരിശോധിച്ചു. യുവാവിന്റെ പരിക്ക് ഗുരുതരമുള്ളതല്ല. ബോംബ് വീട്ടിൽ സൂക്ഷിച്ച സംഭവത്തിൽ സമഗ്രാന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം. 

Tags:    
News Summary - Explosion at house in Thalassery; The youth was injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.