കോഴിക്കോട്: നടിയെ ആക്രമിച്ച കേസില്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളികളായവര്‍ കുറ്റക്കാരാണെന്ന വിധി ആശ്വാസകരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഒരു സ്ത്രീക്കും സംഭവിക്കാന്‍ പാടില്ലാത്ത ദുരന്തമാണ് അതിജീവിതക്കുണ്ടായത്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടെന്നത് സന്തോഷകരമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ഈ വിധി കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
‘തൃക്കാക്കര എം.എല്‍.എ ആയിരുന്ന പി.ടി തോമസിന്റെ അതിശക്തമായ ഇടപെടലാണ് ഇത്തരം ഒരു പരിസമാപ്തിയിലേക്ക് കേസിനെ എത്തിച്ചത്. അദ്ദേഹത്തിന്റെ ഇടപെടല്‍ ഉണ്ടായിരുന്നില്ലെങ്കില്‍ കേസ് പോലും ഇല്ലാതാകാനുള്ള സാധ്യതയുണ്ടാകുമായിരുന്നു. സ്ത്രീ ആക്രമിക്കപ്പെട്ടപ്പോള്‍ പ്രതികള്‍ രക്ഷപ്പെടരുതെന്ന വാശി പി.ടി തോമസിനുണ്ടായിരുന്നു.
കേരളത്തില്‍ സ്ത്രീസുരക്ഷ കുറേക്കൂടി ഉറപ്പ് വരുത്തേണ്ടതുണ്ട്. സംസ്ഥാനത്ത് മയക്കുമരുന്നിന്റെ വ്യാപനം കൂടിയതോടെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചു. സ്ത്രീ സുരക്ഷ പ്രധാനപ്പെട്ട ഘടകമാക്കി മാറ്റി അവര്‍ക്ക് സംരക്ഷണം നല്‍കാന്‍ കൂടുതല്‍ ശ്രദ്ധിക്കണം. അതിന് ശാസ്ത്രീയ സംവിധാനം വേണം. പരാതിയുമായി എത്തുന്ന സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കണം. ഇപ്പോഴത്തെ സംവിധാനങ്ങള്‍ അതിന് പര്യാപ്തമല്ല. കാലഘട്ടത്തിന് അനുയോജ്യമായ സംവിധാനങ്ങളാണ് ഉണ്ടാകേണ്ടത്.
സ്വാഭാവികമായും പ്രോസിക്യൂഷന്‍ അപ്പീല്‍ നല്‍കും. തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി തീരുമാനം എടുക്കുന്നത്. തെളിവുകളുടെ അടിസ്ഥാനത്തില്‍ തീരുമാനം എടുത്തിട്ടില്ലെങ്കില്‍ പ്രോസിക്യൂഷന് അപ്പീല്‍ കോടതിയെ സമീപിക്കാം. പ്രോസിക്യൂഷന് പരാതി ഉണ്ടെങ്കില്‍ അവര്‍ അപ്പീല്‍ പോകും. അപ്പീല്‍ കോടതിയും തെളിവുകളുടെ അടിസ്ഥാനത്തില്‍ തീരുമാനം എടുക്കും. പ്രോസിക്യൂഷന്‍ പരാജയപ്പെട്ടിട്ടുണ്ടോയെന്ന് വിശദമായ വിധി വന്നാലെ വ്യക്തമാകൂ’ -സതീശൻ വ്യക്തമാക്കി.
അതേസമയം, കോടതി വിധി തൃപ്തികരമല്ലെന്നാണ് കെ.പി.സി.സി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ പ്രതികരിച്ചത്. കേസ് വാദിച്ച് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായും ഗൂഢാലോചന ഭാഗം തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഇത് കേസ് അന്വേഷിച്ച പൊലീസിന്റെയും കോടതിയില്‍ അവതരിപ്പിച്ച പ്രോസിക്യൂഷൻറെയും ഗൗരവമേറിയ പരാജയമാണ്. എന്നും അതിജീവിതക്കൊപ്പമാണ് കോൺഗ്രസ് നിലയുറപ്പിച്ചത്. ഇനിയും പിന്തുണ തുടരും. പി.ടി. തോമസ് തുടക്കത്തിൽ തന്നെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഉമ തോമസ് അത് ആവർത്തിച്ചിട്ടുണ്ട്. ഞങ്ങൾ എല്ലാകാലത്തും അതിജീവിതയുടെ വേദനയിൽ പങ്കുചേരും’ -അദ്ദേഹം പറഞ്ഞു.
‘വിധിയെക്കുറിച്ച് പ്രതികരിച്ച മന്ത്രി സജിചെറിയാൻ ഉരുണ്ടുകളിക്കുകയായിരുന്നു. സർക്കാറിന്റെ ഇരട്ടത്താപ്പാണ് മന്ത്രിയുടെ വാക്കുകളിൽ നിന്ന് വ്യക്തമായത്. ഗൂഢാലോചനയില്ല, ഗൂഢാലോചനയിൽ പ്രതികളില്ല, അത് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല എന്നുവന്നാൽ പ്രോസിക്യൂഷൻ സ്റ്റോറി തന്നെ ആകെ പരാജയപ്പെട്ടിരിക്കുന്നു. കേസ് തന്നെ പരാജയമാണ്. സർക്കാറിന് ഒരിക്കലും സ്ത്രീപക്ഷം പറയാൻ പറ്റില്ല. ഇതേതുടർന്ന് വന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അവസ്ഥ എന്താണ്? മന്ത്രി പഠിച്ചിട്ടില്ല, ചിന്തിക്കും എന്നൊക്കെ പറയുന്നത് ഒഴികഴിവാണ്’ -സണ്ണി ജോസഫ് പറഞ്ഞു.
കേസിൽ ദിലീപ് അടക്കം നാലുപ്രതികളെ വെറുതെ വിട്ടുകൊണ്ട് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി.എം വർഗീസാണ് വിധി പ്രസ്താവിച്ചത്. ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികളുടെ ശിക്ഷ ഡിസംബർ 12ന് പ്രഖ്യാപിക്കും. എൻ.എസ് സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം, പ്രദീപ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ദിലീപ് കുറ്റകൃത്യത്തിൽ പങ്കെടുത്തതിന് തെളിവില്ലെന്ന് കോടതി നിരീക്ഷിച്ചു.
ഒന്നു മുതൽ ആറ് വരെ പ്രതികൾക്കെതിരെ ചുമത്തിയ ബലാത്സംഗം ഉൾപ്പടെയുള്ള കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞു. എന്നാൽ, ഏഴ് മുതലുള്ള പ്രതികൾക്കെതിരെ ചുമത്തിയ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ദിലീപിനൊപ്പം ഏഴാം പ്രതി ചാർളി തോമസ്, ഒമ്പതാം പ്രതി സനിൽകുമാർ, പത്താം പ്രതി ശരത് ജി നായർ എന്നിവരെയാണ് കോടതി വെറുതെവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.