തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രതിസന്ധിയെ കുറിച്ചുള്ള ഡോ. ഹാരിസ് ചിറയ്ക്കലിന്റെ പരാതിയില്‍, ഡോക്ടർമാരുടെ നേതൃത്വത്തിൽ നിയോഗിച്ച വിദഗ്ധസമിതിയുടെ പ്രാഥമിക റിപ്പോർട്ട് ബുധനാഴ്ച രാത്രിയോടെ, മെഡിക്കൽ വദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിച്ചു.
ഉപകരണക്ഷാമം കാരണം ഡോ. ഹാരിസിന്റെ യൂനിറ്റിൽ ശസ്ത്രക്രിയകൾ മുടങ്ങിയതിന്റെ പിറ്റേദിവസം യൂറോളജിയിലെ മറ്റൊരു യൂനിറ്റിൽ ഇതേ ശസ്ത്രക്രിയ നടന്നതായി അന്വേഷണത്തിൽ കണ്ടെത്തിയതായാണ് വിവരം. ആ യൂനിറ്റ് ചീഫിന്റെ പക്കൽ ഉപകരണമുണ്ടായിരുന്നു. വകുപ്പിനുള്ളിലെ ആശയവിനിമയങ്ങളിൽ പോരായ്മകളുണ്ടെന്നും കണ്ടെത്തലിലുണ്ട്.
ബുധനാഴ്ച രാത്രി വൈകിയാണ് സമിതിയുടെ പ്രാഥമിക റിപ്പോർട്ട് ഡി.എം.ഇ ഡോ. വിശ്വനാഥന് കൈമാറിയത്. ഈ റിപ്പോർട്ട് വ്യാഴാഴ്ച ആരോഗ്യമന്ത്രി വീണാ ജോർജിന് നൽകും. ഡോ. ഹാരിസിന്റെ ആരോപണങ്ങൾക്കിടയാക്കിയ സാഹചര്യങ്ങൾ പലതും ശരിവെക്കുന്നതാണ് റിപ്പോർട്ട്.
ഉപകരണക്ഷാമം നിലനിൽക്കുന്നുണ്ടെന്നും അത് മെച്ചപ്പെടുത്തേണ്ട സാഹചര്യമുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഭാവിയിൽ ഇതുപോലെയുള്ള സംഭവങ്ങളുണ്ടാകാതിരിക്കാൻ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്ന നിർദേശവും റിപ്പോർട്ടിലുണ്ട്.
തിങ്കളാഴ്ച ആരംഭിച്ച മൊഴിയെടുക്കലും വിവരശേഖരണവും ബുധനാഴ്ചയും തുടർന്നു. ആലപ്പുഴ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ബി. പത്മകുമാർ, കോട്ടയം, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ടി.കെ. ജയകുമാർ, ആലപ്പുഴ, മെഡിക്കൽ കോളജ് നെഫ്രോളജി വിഭാഗം മേധാവി ഡോ.എസ്. ഗോമതി, കോട്ടയം, മെഡിക്കൽ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ. രാജീവൻ അമ്പലത്തറക്കൽ എന്നിവരടങ്ങുന്നതാണ് അന്വേഷണ സമിതി.
തിരുവനന്തപുരം: സർക്കാറിനും സംവിധാനത്തിനും അപകീർത്തിയുണ്ടാക്കുംവിധത്തിൽ സമൂഹമാധ്യമംവഴി കുറിപ്പ് പങ്കുവെച്ചതിനെതിരെ ഡോ. ഹാരിസിനെതിരെ നടപടിയുണ്ടാകാനും സാധ്യത. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഇതിന്റെ സൂചനയും നൽകി.
അതിനെ പിന്തുണച്ച് മന്ത്രിമാരും സി.പി.എം സംസ്ഥാന സെക്രട്ടറിയും രംഗത്തുവന്നുകഴിഞ്ഞു. എന്നാൽ, ജനരോഷമുയരുമെന്നതിനാൽ കടുത്ത നടപടിക്ക് സാധ്യതയില്ലെന്നും താക്കീതിൽ ഒതുക്കുമെന്നുമാണ് ലഭിക്കുന്ന വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.