കൊച്ചി/കോഴിക്കോട്: ആദ്യ രണ്ട് വിമാനങ്ങളിൽ കേരളത്തിലെത്തിയ പ്രവാസികളെ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം മുൻകൂട്ടി നിശ്ചയിച്ച ക്വാറന്റീൻ കേന്ദ്രങ്ങളിലേക്ക് മാറ്റി. അബൂദബിയിൽ നിന്ന് കൊച്ചിയിലെത്തിയ അഞ്ച് പേരെയും ദുബൈയിൽ നിന്ന് കരിപ്പൂരിലെത്തിയ മൂന്നു പേരെയും ആരോഗ്യ പ്രശ്നങ്ങൾ കണ്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി.
കൊച്ചിയിൽ നിന്നുള്ളവരെ അഞ്ച് ആംബുലൻസിൽ കയറ്റി ആലുവ ജില്ല ആശുപത്രിയിലാണ് എത്തിച്ചത്. വൃക്ക രോഗിയായ മലപ്പുറം സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും ചുമയുള്ള മറ്റൊരു മലപ്പുറം സ്വദേശിയെയും പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയനാട് സ്വദേശിയെയും മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി.
ശക്തമായ സുരക്ഷപരിശോധന പൂർത്തിയാക്കി ആദ്യത്തെ പ്രവാസി രാത്രി 12നുശേഷമാണ് കൊച്ചി വിമാനത്താവളത്തിന് പുറത്തിറങ്ങിയത്. മലപ്പുറം: പത്ത് (സ്ത്രീ), 13 (പുരുഷന്മാർ), പാലക്കാട്: നാല് (സ്ത്രീ), 11 (പുരു.). പത്തനംതിട്ട: നാല് (സ്ത്രീ), നാല് (പുരു), തൃശൂർ: 34 (സ്ത്രീ), 38 (പുരു), എറണാകുളം: 12 (സ്ത്രീ),13 (പുരു.), കോട്ടയം: ഏഴ് (സ്ത്രീ), ആറ് (പുരു.), ആലപ്പുഴ: എട്ട് (സ്ത്രീ)എട്ട് പുരുഷന്മാർ. കാസർകോട്: ഒരാൾ. ഇതിനുപുറമെ നാല് കുട്ടികളും മറ്റ് നാലുപേരും കൊച്ചിയിലെത്തി.
കൊച്ചിയിൽ എത്തിയവരിൽ ഏറ്റവും കൂടുതൽ തൃശൂരിൽ നിന്നുള്ള പ്രവാസികളായിരുന്നു. ഇവരിൽ 60 പേരെ മൂന്ന് ബസുകളിലായി തൃശൂരിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. യാത്രക്കാരെ ക്വാറൻറീൻ േകന്ദ്രങ്ങളിലേക്ക് കൊണ്ടുപോകാൻ എട്ട് കെ.എസ്.ആർ.ടി.സി ബസുകളും 40 ടാക്സി കാറുകളും ഏർപ്പെടുത്തിയിരുന്നു.
ഗർഭിണികൾ, മുതിർന്ന പൗരന്മാർ, 10 വയസ്സിൽ താഴെയുള്ള കുട്ടികൾ തുടങ്ങിയവരെ വീടുകളിലേക്ക് നിരീക്ഷണത്തിന് അയച്ചു. ഇവരെ കൂട്ടിക്കൊണ്ടുപോകാൻ ഒരുബന്ധുവിന് മാത്രം മേഖലയിലേക്ക് പ്രവേശനം അനുവദിച്ചു. കാസർകോട് ജില്ലക്കാരനായ ഏകയാത്രക്കാരനെ കളമശ്ശേരിയിലെ എസ്.സി.എം.എസ് ഹോസ്റ്റലിലേക്കാണ് കൊണ്ടുപോയത്.
അഞ്ച് കുട്ടികളുൾപ്പെടെ 182 പേരാണ് വ്യാഴാഴ്ച രാത്രി 10.32ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങിയത്. മലപ്പുറം ഉൾപ്പെടെ ഒമ്പത് ജില്ലകളിൽ നിന്നുള്ളവരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരെ എയ്റോബ്രിഡ്ജിൽ തന്നെ തെർമൽ സ്കാനിങിന് വിധേയരാക്കി.
ആരോഗ്യ പ്രശ്നമില്ലാത്ത മലപ്പുറം ജില്ലക്കാരെ കാളികാവിലെ സഫ ആശുപത്രിയിലെ കോവിഡ് കെയര്‍ സെൻററിലേക്ക് മാറ്റി. മറ്റ് ജില്ലകളിൽ നിന്നുള്ളവരെ ബസുകളിലും ടാക്സികളിലുമായി യാത്രയാക്കി. അബൂദബിയിൽ നിന്ന് കൊച്ചിയിലെത്തിയ 23 മലപ്പുറം ജില്ലക്കാരിൽ 18 പേരെ കാലിക്കറ്റ് സർവകലാശാല ഹോസ്റ്റലിലേക്കാണ് മാറ്റിയത്. റിയാദ് വിമാനം വെള്ളിയാഴ്ച കരിപ്പൂരിലെത്തും. മേയ് 11ന് ബഹ്ൈറനിൽ നിന്നും 13ന് കുവൈത്തിൽ നിന്നും കരിപ്പൂരിേലക്ക് സർവിസുണ്ട്. ഗർഭിണികളെയും കുട്ടികളെയും വീടുകളിലേക്കയക്കുകയും ബാക്കിയുള്ളവരെ ക്വാറൻറീനിലേക്ക് മാറ്റുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.