പരീക്ഷാക്രമക്കേട്; പി.എസ്.സി സഹകരിച്ചില്ല, ചോദ്യം ചെയ്യലിൽ വിവാദം കൊഴുക്കുന്നു
തിരുവനന്തപുരം: പി.എസ്.സി ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ചോദ്യംചെയ്യൽ വിവാദം കൊഴുക്കുന്നു. ഇന്നലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് എത്താൻ പി.എസ്.സി അംഗത്തിന് നോട്ടീസ് നൽകിയെങ്കിലും ഹാജരായില്ല.
പി.എസ്.സിക്ക് ഭരണഘടനാ സ്ഥാപനമെന്ന പരിരക്ഷയുണ്ടെന്നും അതിനാൽ ഹാജരാകില്ലെന്നുമുള്ള നിലപാട് പി.എസ്.സി തുടരുകയാണ്. എന്നാൽ ഹാജരാകണമെന്ന നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാട് ക്രൈംബ്രാഞ്ചും കൈക്കൊണ്ടതോടെ വിഷയം കീറാമുട്ടിയായി.
അന്വേഷണസംഘം നിലപാട് കടുപ്പിച്ചാൽ ഹൈകോടതിയെ സമീപിക്കാനാണ് പി.എസ്.സി നീക്കം. നിലവിൽ നാല് പി.എസ്.സി അംഗങ്ങൾക്കാണ് നോട്ടിസ് നൽകിയത്. എന്നാൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടെന്നും ആവശ്യമെങ്കിൽ പി.എസ്.സി ആസ്ഥാനത്ത് അത് നടത്തിയാൽ മതിയെന്നുമുള്ള നിലപാടാണ് കമീഷൻ യോഗം കൈക്കൊണ്ടത്.
മൊഴി നൽകാൻ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്തിയേ പറ്റൂ എന്ന് കാട്ടി ഐ.ജി അജീത ബീഗം കത്ത് നൽകും. ക്രിമിനൽ ചട്ടപ്രകാരം പി.എസ്.സി അംഗങ്ങൾക്ക് പ്രത്യേക പരിഗണന ഇല്ലെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ വാദം. ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്കില്ലെന്ന് പി.എസ്.സി കത്ത് നൽകിയിരുന്നു. നിയമസഭ സമിതി വിളിച്ചിട്ടും പോയിട്ടില്ലെന്നാണ് പി.എസ്‍.സിയുടെ വിശദീകരണം. എന്നാല്‍ നിയമസഭാ സമിതിയും കേസന്വേഷണവും രണ്ടായി കാണണമെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്.
നേരത്തെ പി.എസ്.സി സെക്രട്ടറിയെ നിയമസഭ പെറ്റീഷൻ കമ്മിറ്റി വിളിച്ചു വരുത്താൻ നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ ഹൈകോടതിയെ സമീപിച്ചപ്പോൾ ഭരണഘടന സ്ഥാപനമായതിനാൽ ഹാജരാകേണ്ടെന്ന് ഉത്തരവിട്ടു. ഇതടക്കം ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ച് നോട്ടീസിനെ പി.എസ്.സി പ്രതിരോധിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.