മഅ്ദിൻ അക്കാദമി ചെയർമാനും കേരള മുസ്‍ലിം ജമാഅത്ത് ജനറൽ സെക്രട്ടറിയുമായ ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരിയുടെ മാതാവ് ഫാത്വിമ ഇമ്പിച്ചി ബീവി ഹജ്ജുമ്മയുടെ മയ്യിത്ത് നമസ്കാരത്തിന് കടലുണ്ടി കോർണിഷ് മുഹ്‌യുദ്ദീൻ മസ്ജിദിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകുന്നു

‘ആറുമക്കളുടെ മരണം കാണേണ്ടിവന്നിട്ടുണ്ട് ഉമ്മക്ക്, എന്നിട്ടും ആ കവിളിലൂടെ കണ്ണീർ ഇറ്റുവീഴുന്നത് ആരും കണ്ടിട്ടില്ല...’; ഉമ്മയെ കുറിച്ച് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി

മലപ്പുറം: വലിയ പ്രയാസങ്ങളെയും പരീക്ഷണങ്ങളെയും അചഞ്ചലമായ മനക്കരുത്ത് കൊണ്ടാണ് ഉമ്മ നേരിട്ട​തെന്ന് മഅ്ദിൻ അക്കാദമി ചെയർമാനും കേരള മുസ്‍ലിം ജമാഅത്ത് ജനറൽ സെക്രട്ടറിയുമായ ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി. ഇന്നലെയാണ് മാതാവ് ഫാത്വിമ ഇമ്പിച്ചി ബീവി ഹജ്ജുമ്മ നിര്യാതയായത്.

ജീവിതത്തിലെ സകല പ്രതിസന്ധികളിലും പതറാതെ പിടിച്ചുനിൽക്കാൻ തുണയായിരുന്ന വലിയൊരു തണലാണ് ഇല്ലാതായതെന്ന് അദ്ദേഹം ഓർമക്കുറിപ്പിൽ പറഞ്ഞു. ‘വേവലാതികളും സങ്കടങ്ങളും ചെന്ന് പറയാനും ഹൃദയം തുറന്ന് ദുആ ചെയ്യിപ്പിക്കാനും ഓടിയെത്തിയിരുന്നത് ആ സന്നിധിയിലേക്കായിരുന്നു. ദീർഘയാത്രകൾക്ക് ഇറങ്ങുമ്പോൾ ഉമ്മയുടെ പൊരുത്തം വാങ്ങി, ആ കൈകാലുകളിൽ ചുംബിച്ചല്ലാതെ പടിയിറങ്ങാറില്ല. ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമായിരുന്നു അത്. ഇനി വീട്ടിൽ ഉമ്മയില്ല എന്ന യാഥാർഥ്യം വേദനയുണ്ടാക്കുന്നതാണ്.

എങ്കിലും, ഉമ്മ വലിയ ഭാഗ്യവതിയായിരുന്നു. ജീവിതകാലം മുഴുവൻ നാഥന്റെ വിധിയെ പൂർണ്ണമായി ഉൾക്കൊണ്ട, മാതൃകാപരമായ ജീവിതം നയിച്ച ഒരു തികഞ്ഞ മാതൃത്വം. വലിയ പ്രയാസങ്ങളെയും പരീക്ഷണങ്ങളെയും അചഞ്ചലമായ മനക്കരുത്ത് കൊണ്ടാണ് ഉമ്മ നേരിട്ടത്. പന്ത്രണ്ട് പ്രസവിച്ചുട്ടുണ്ട്. ഓരോ ഗർഭകാലത്തും കഠിനമായ ഛർദ്ദിയും ക്ഷീണവും ഉമ്മയെ തളർത്തിയിരുന്നു. വീട്ടുജോലികൾക്ക് ഒരു സഹായി പോലുമില്ലാതിരുന്നിട്ടും ആ പരാധീനതകളൊന്നും ഉമ്മ വകവെച്ചതേയില്ല. ഒരുപാട് മക്കളെ വളർത്തുന്നതിലെ ഭാരം ചൂണ്ടിക്കാട്ടിയവരോട് ഉമ്മ നൽകിയ മറുപടിയിലുണ്ട് അവരുടെ തവക്കുലിന്റെ കരുത്ത്.

"ഭൂമിക്ക് മരം ഭാരമല്ല; മരത്തിന് കായ്കനികളും ഭാരമാവില്ലല്ലോ... അതുപോലെ ഒരുമ്മയ്ക്കും മക്കൾ ഭാരമാവില്ല. എന്റെ റബ്ബ് എനിക്ക് നൽകുന്ന മക്കളെ എത്രയായാലും ഞാൻ ഇരുകൈയും നീട്ടി സ്വീകരിക്കും."


രണ്ട് ആണും നാല് പെണ്ണുമടക്കം ആറുമക്കൾ മരണപ്പെടുന്നത് കാണേണ്ടിവന്നിട്ടുണ്ട് ഉമ്മക്ക്. എന്നിട്ടും ഒരു തുള്ളി കണ്ണീരുപോലും ആ കവിളിലൂടെ ഇറ്റുവീഴുന്നത് ആരും കണ്ടിട്ടില്ല. അത്രത്തോളം ക്ഷമയുണ്ടായിരുന്നു. അതിനാൽ കൂടിയായിരിക്കണം സബൂറിനാണ് സുൽത്വാൻ പട്ടം എന്നത് ഉമ്മയുടെ സ്ഥിരം പ്രയോഗങ്ങളിലൊന്നായി മാറിയത്.

ഒരു റബീഉൽ അവ്വൽ മാസത്തിൽ മൗലിദ് സദസ്സിലേക്ക് വീട്ടിൽ നിന്നിറങ്ങിയതായിരുന്നു പ്രിയപ്പെട്ട ഉപ്പ. പിന്നീട് ഉപ്പയുടെ മയ്യിത്താണ് തിരികെ വീട്ടിലെത്തിയത്. എന്റെ വിവാഹ ഒരുക്കങ്ങൾക്കിടയിലാണ് ഉപ്പ യാത്രയാകുന്നത്. ആ സന്ദർഭത്തിലും കുടുംബത്തെ ചേർത്തുപിടിച്ച് ഉമ്മ കാണിച്ച മനക്കരുത്ത് അത്ഭുതപ്പെടുത്തുന്നതായിരുന്നു. "ഒരാളും കരയരുത്" എന്ന് മക്കളെ ഓർമ്മിപ്പിച്ച ഉമ്മ, അവരെ ഖുർആൻ പാരായണത്തിലേക്കും പ്രാർത്ഥനകളിലേക്കും വഴിതിരിച്ചുവിട്ടു. തുടർന്ന് കുടുംബത്തിന്റെ ചുമതല ഏറ്റെടുക്കാൻ ഞാനും ഇക്കാക്കയും മാത്രമായിരുന്നു ആണുങ്ങളായി ഉണ്ടായിരുന്നത്. സങ്കടങ്ങൾ ഉള്ളിലൊതുക്കി ഉമ്മ അന്ന് പറഞ്ഞു: "ഉപ്പ നല്ല നിലയ്ക്ക് മടങ്ങി. ഇനി നിങ്ങളാണ് കാര്യങ്ങൾ നോക്കേണ്ടത്; അള്ളാഹു നിങ്ങൾക്ക് ഹൈറും ബറകത്തും തരട്ടെ." ആ ഹൃദയം തൊട്ട പ്രാർത്ഥനയായിരുന്നു പിൽക്കാലത്ത് ഞങ്ങളുടെ സകല വിജയങ്ങൾക്കും നിദാനം’ -ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി പറഞ്ഞു.

‘സ്വന്തമായി അധ്വാനിച്ച് ജീവിക്കണമെന്ന നിർബന്ധബുദ്ധിയുള്ള സ്ത്രീയായിരുന്നു ഉമ്മ. തയ്യൽവേലയിൽ അതീവ നൈപുണ്യം പുലർത്തിയിരുന്ന ഉമ്മ തുന്നിയ കുപ്പായങ്ങളും നെയ്തെടുത്ത തൊപ്പികളും അക്കാലത്ത് വലിയങ്ങാടിയിലെ കടകളിലും നാട്ടിൻപുറങ്ങളിലും ഏറെ ശ്രദ്ധേയമായിരുന്നു. പാചകത്തിൽ പുതുമകൾ പരീക്ഷിക്കാനും വീട്ടിലെത്തുന്ന അതിഥികളെ ഹൃദ്യമായി സൽക്കരിക്കാനും ഉമ്മ വലിയ താല്പര്യം കാണിച്ചു. "കൊണോം കൊശിയുമില്ലെങ്കിലും വീട്ടിലെത്തുന്നവർക്ക് ഉള്ളത് വെച്ചുവിളമ്പണം"എന്നതായിരുന്നു ഉമ്മയുടെ വരികളെങ്കിലും, ഉമ്മയുടെ കൈപ്പുണ്യത്തിന് വല്ലാത്തൊരു സ്വാദായിരുന്നു.

വീട്ടുജോലികളിലും അടുക്കളയിലുമെല്ലാം മക്കളെയും പങ്കാളികളാക്കുന്ന രീതിയായിരുന്നു ഉമ്മയുടേത്. പച്ചക്കറി അരിയുന്നതിലും അരി കഴുകുന്നതിലുമെല്ലാം ഉമ്മ ഞങ്ങളെ ഒപ്പം കൂട്ടി. ഉത്തരവാദിത്തബോധമുള്ള മാതൃകാ കുടുംബജീവിതം നയിക്കാൻ പിൽക്കാലത്ത് ഞങ്ങൾക്ക് വലിയ മുതൽക്കൂട്ടായത് ആ പരിശീലനമാണ്.

മക്കളുടെ ഓരോ ചലനങ്ങളും ഉമ്മയുടെ സൂക്ഷ്മദൃഷ്ടിയിൽ പതിയണമായിരുന്നു. മറ്റുള്ളവരുടെ വസ്തുവകകൾ അവരുടെ പൂർണ്ണസമ്മതമില്ലാതെ ഒരിക്കലും എടുക്കരുതെന്ന വലിയ പാഠം കുട്ടിക്കാലത്തേ ഞങ്ങളുടെ മനസ്സിൽ പതിപ്പിച്ചു. അയൽവാസിയുടെ പറമ്പിൽ നിന്ന് വീണുകിട്ടിയ മാങ്ങയുമായി ഓടിയെത്തിയ ഏഴുവയസ്സുകാരനായ എന്നോട്, "ആരാന്റെ മാങ്ങ ചോദിക്കാതെ തിന്നാൽ പടച്ചോൻ പൊറുക്കൂല, നമ്മുടെ ദുആക്ക് ഉത്തരം കിട്ടൂല മോനേ..." എന്ന് പറഞ്ഞ് അത് തിരികെ ഏൽപ്പിക്കാൻ പഠിപ്പിച്ച ഉമ്മയുടെ പാഠങ്ങളെങ്ങനെ മറക്കാൻ! മദ്രസയിൽ നിന്ന് കിട്ടുന്ന രണ്ട് ഈത്തപ്പഴം പോലും തുല്യമായി പകുത്തു നൽകാൻ പരിശീലിപ്പിച്ചതിലൂടെയാണ് പങ്കുവെക്കലിന്റെയും സഹജീവിസ്നേഹത്തിന്റെയും ബാലപാഠങ്ങൾ ഉമ്മ ഞങ്ങളുടെ ജീവിതത്തിലേക്ക് പകർന്നുതന്നത്’ -അദ്ദേഹം അനുസ്മരിച്ചു.

കുറിപ്പിന്റെ പൂർണരൂപം:

പ്രിയപ്പെട്ട ഉമ്മ വിടപറഞ്ഞു. ജീവിതത്തിലെ സകല പ്രതിസന്ധികളിലും പതറാതെ പിടിച്ചുനിൽക്കാൻ തുണയായിരുന്ന വലിയൊരു തണലാണ് ഇല്ലാതായത്. വേവലാതികളും സങ്കടങ്ങളും ചെന്ന് പറയാനും ഹൃദയം തുറന്ന് ദുആ ചെയ്യിപ്പിക്കാനും ഓടിയെത്തിയിരുന്നത് ആ സന്നിധിയിലേക്കായിരുന്നു. ദീർഘയാത്രകൾക്ക് ഇറങ്ങുമ്പോൾ ഉമ്മയുടെ പൊരുത്തം വാങ്ങി, ആ കൈകാലുകളിൽ ചുംബിച്ചല്ലാതെ പടിയിറങ്ങാറില്ല. ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമായിരുന്നു അത്. ഇനി വീട്ടിൽ ഉമ്മയില്ല എന്ന യാഥാർഥ്യം വേദനയുണ്ടാക്കുന്നതാണ്.

എങ്കിലും, ഉമ്മ വലിയ ഭാഗ്യവതിയായിരുന്നു. ജീവിതകാലം മുഴുവൻ നാഥന്റെ വിധിയെ പൂർണ്ണമായി ഉൾക്കൊണ്ട, മാതൃകാപരമായ ജീവിതം നയിച്ച ഒരു തികഞ്ഞ മാതൃത്വം. വലിയ പ്രയാസങ്ങളെയും പരീക്ഷണങ്ങളെയും അചഞ്ചലമായ മനക്കരുത്ത് കൊണ്ടാണ് ഉമ്മ നേരിട്ടത്. പന്ത്രണ്ട് പ്രസവിച്ചുട്ടുണ്ട്. ഓരോ ഗർഭകാലത്തും കഠിനമായ ഛർദ്ദിയും ക്ഷീണവും ഉമ്മയെ തളർത്തിയിരുന്നു. വീട്ടുജോലികൾക്ക് ഒരു സഹായി പോലുമില്ലാതിരുന്നിട്ടും ആ പരാധീനതകളൊന്നും ഉമ്മ വകവെച്ചതേയില്ല. ഒരുപാട് മക്കളെ വളർത്തുന്നതിലെ ഭാരം ചൂണ്ടിക്കാട്ടിയവരോട് ഉമ്മ നൽകിയ മറുപടിയിലുണ്ട് അവരുടെ തവക്കുലിന്റെ കരുത്ത്.

"ഭൂമിക്ക് മരം ഭാരമല്ല; മരത്തിന് കായ്കനികളും ഭാരമാവില്ലല്ലോ... അതുപോലെ ഒരുമ്മയ്ക്കും മക്കൾ ഭാരമാവില്ല. എന്റെ റബ്ബ് എനിക്ക് നൽകുന്ന മക്കളെ എത്രയായാലും ഞാൻ ഇരുകൈയും നീട്ടി സ്വീകരിക്കും."

രണ്ട് ആണും നാല് പെണ്ണുമടക്കം ആറുമക്കൾ മരണപ്പെടുന്നത് കാണേണ്ടിവന്നിട്ടുണ്ട് ഉമ്മക്ക്. എന്നിട്ടും ഒരു തുള്ളി കണ്ണീരുപോലും ആ കവിളിലൂടെ ഇറ്റുവീഴുന്നത് ആരും കണ്ടിട്ടില്ല. അത്രത്തോളം ക്ഷമയുണ്ടായിരുന്നു. അതിനാൽ കൂടിയായിരിക്കണം സബൂറിനാണ് സുൽത്വാൻ പട്ടം എന്നത് ഉമ്മയുടെ സ്ഥിരം പ്രയോഗങ്ങളിലൊന്നായി മാറിയത്.

ഒരു റബീഉൽ അവ്വൽ മാസത്തിൽ മൗലിദ് സദസ്സിലേക്ക് വീട്ടിൽ നിന്നിറങ്ങിയതായിരുന്നു പ്രിയപ്പെട്ട ഉപ്പ. പിന്നീട് ഉപ്പയുടെ മയ്യിത്താണ് തിരികെ വീട്ടിലെത്തിയത്. എന്റെ വിവാഹ ഒരുക്കങ്ങൾക്കിടയിലാണ് ഉപ്പ യാത്രയാകുന്നത്. ആ സന്ദർഭത്തിലും കുടുംബത്തെ ചേർത്തുപിടിച്ച് ഉമ്മ കാണിച്ച മനക്കരുത്ത് അത്ഭുതപ്പെടുത്തുന്നതായിരുന്നു. "ഒരാളും കരയരുത്" എന്ന് മക്കളെ ഓർമ്മിപ്പിച്ച ഉമ്മ, അവരെ ഖുർആൻ പാരായണത്തിലേക്കും പ്രാർത്ഥനകളിലേക്കും വഴിതിരിച്ചുവിട്ടു. തുടർന്ന് കുടുംബത്തിന്റെ ചുമതല ഏറ്റെടുക്കാൻ ഞാനും ഇക്കാക്കയും മാത്രമായിരുന്നു ആണുങ്ങളായി ഉണ്ടായിരുന്നത്. സങ്കടങ്ങൾ ഉള്ളിലൊതുക്കി ഉമ്മ അന്ന് പറഞ്ഞു: "ഉപ്പ നല്ല നിലയ്ക്ക് മടങ്ങി. ഇനി നിങ്ങളാണ് കാര്യങ്ങൾ നോക്കേണ്ടത്; അള്ളാഹു നിങ്ങൾക്ക് ഹൈറും ബറകത്തും തരട്ടെ." ആ ഹൃദയം തൊട്ട പ്രാർത്ഥനയായിരുന്നു പിൽക്കാലത്ത് ഞങ്ങളുടെ സകല വിജയങ്ങൾക്കും നിദാനം.

കുട്ടിക്കാലത്ത് നിരന്തരം രോഗബാധിതനായിരുന്ന എന്നെ അളവറ്റ സ്നേഹവും കരുതലും നൽകി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് ഉമ്മയാണ്. ഒരുപക്ഷേ എന്റെ ശരീരത്തിന് വൈകല്യം സംഭവിച്ചേക്കാം എന്ന് വൈദ്യന്മാർ സംശയിച്ചപ്പോഴും ഉമ്മ പതറിയില്ല. ഒടുവിൽ ഒരു പോറലുമേൽക്കാതെ എന്നെ വാരിയെടുത്തത് ആ അസാധാരണമായ ശുശ്രൂഷയായിരുന്നു.

സ്വന്തമായി അധ്വാനിച്ച് ജീവിക്കണമെന്ന നിർബന്ധബുദ്ധിയുള്ള സ്ത്രീയായിരുന്നു ഉമ്മ. തയ്യൽവേലയിൽ അതീവ നൈപുണ്യം പുലർത്തിയിരുന്ന ഉമ്മ തുന്നിയ കുപ്പായങ്ങളും നെയ്തെടുത്ത തൊപ്പികളും അക്കാലത്ത് വലിയങ്ങാടിയിലെ കടകളിലും നാട്ടിൻപുറങ്ങളിലും ഏറെ ശ്രദ്ധേയമായിരുന്നു. പാചകത്തിൽ പുതുമകൾ പരീക്ഷിക്കാനും വീട്ടിലെത്തുന്ന അതിഥികളെ ഹൃദ്യമായി സൽക്കരിക്കാനും ഉമ്മ വലിയ താല്പര്യം കാണിച്ചു. "കൊണോം കൊശിയുമില്ലെങ്കിലും വീട്ടിലെത്തുന്നവർക്ക് ഉള്ളത് വെച്ചുവിളമ്പണം"എന്നതായിരുന്നു ഉമ്മയുടെ വരികളെങ്കിലും, ഉമ്മയുടെ കൈപ്പുണ്യത്തിന് വല്ലാത്തൊരു സ്വാദായിരുന്നു.

വീട്ടുജോലികളിലും അടുക്കളയിലുമെല്ലാം മക്കളെയും പങ്കാളികളാക്കുന്ന രീതിയായിരുന്നു ഉമ്മയുടേത്. പച്ചക്കറി അരിയുന്നതിലും അരി കഴുകുന്നതിലുമെല്ലാം ഉമ്മ ഞങ്ങളെ ഒപ്പം കൂട്ടി. ഉത്തരവാദിത്തബോധമുള്ള മാതൃകാ കുടുംബജീവിതം നയിക്കാൻ പിൽക്കാലത്ത് ഞങ്ങൾക്ക് വലിയ മുതൽക്കൂട്ടായത് ആ പരിശീലനമാണ്.

മക്കളുടെ ഓരോ ചലനങ്ങളും ഉമ്മയുടെ സൂക്ഷ്മദൃഷ്ടിയിൽ പതിയണമായിരുന്നു. മറ്റുള്ളവരുടെ വസ്തുവകകൾ അവരുടെ പൂർണ്ണസമ്മതമില്ലാതെ ഒരിക്കലും എടുക്കരുതെന്ന വലിയ പാഠം കുട്ടിക്കാലത്തേ ഞങ്ങളുടെ മനസ്സിൽ പതിപ്പിച്ചു. അയൽവാസിയുടെ പറമ്പിൽ നിന്ന് വീണുകിട്ടിയ മാങ്ങയുമായി ഓടിയെത്തിയ ഏഴുവയസ്സുകാരനായ എന്നോട്, "ആരാന്റെ മാങ്ങ ചോദിക്കാതെ തിന്നാൽ പടച്ചോൻ പൊറുക്കൂല, നമ്മുടെ ദുആക്ക് ഉത്തരം കിട്ടൂല മോനേ..." എന്ന് പറഞ്ഞ് അത് തിരികെ ഏൽപ്പിക്കാൻ പഠിപ്പിച്ച ഉമ്മയുടെ പാഠങ്ങളെങ്ങനെ മറക്കാൻ! മദ്രസയിൽ നിന്ന് കിട്ടുന്ന രണ്ട് ഈത്തപ്പഴം പോലും തുല്യമായി പകുത്തു നൽകാൻ പരിശീലിപ്പിച്ചതിലൂടെയാണ് പങ്കുവെക്കലിന്റെയും സഹജീവിസ്നേഹത്തിന്റെയും ബാലപാഠങ്ങൾ ഉമ്മ ഞങ്ങളുടെ ജീവിതത്തിലേക്ക് പകർന്നുതന്നത്.

ഒരു മാതൃകയായി മുന്നിൽ നടന്ന്, നന്മകളിലേക്ക് വഴിനടത്തി, ഞങ്ങൾക്ക് വേണ്ടിയല്ലാതെ മറ്റൊന്നിനും ആഗ്രഹിക്കാതെ ജീവിച്ച പ്രിയപ്പെട്ട ഉമ്മ നാഥന്റെ സന്നിധിയിലേക്ക് മടങ്ങിയിരിക്കുന്നു. അള്ളാഹു ഉമ്മയുടെ പരലോകജീവിതം പ്രകാശപൂർണ്ണമാക്കട്ടെ; സ്വർഗ്ഗത്തിൽ അവർക്ക് ഉന്നതമായ സ്ഥാനം നൽകി അനുഗ്രഹിക്കുമാറാകട്ടെ... ആമീൻ.

Tags:    
News Summary - Mother of Ma'din Chairman Sayyid Ibraheemul Khaleel Al Bukhari Thangal shares memoir of mother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.