പൊ​ന്നാ​നി താ​ലൂ​ക്കി​ലെ സ്വ​കാ​ര്യ ബ​സ് പ​ണി​മു​ട​ക്കി​നെ തു​ട​ർ​ന്ന് വ​ഴി​യി​ൽ കു​ടു​ങ്ങി​യ​വ​ർ

പൊന്നാനി താലൂക്കിൽ ഇന്നും സ്വകാര്യ ബസ് പണിമുടക്ക്

പൊന്നാനി: വിദ്യാര്‍ഥിനിക്കുനേരെ ലൈംഗികാതിക്രമം കാണിച്ചെന്ന പരാതിയില്‍ ബസ് ജീവനക്കാരനെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്ത നടപടിയില്‍ പ്രതിഷേധിച്ച് രണ്ടുദിവസമായി തുടരുന്ന സ്വകാര്യ ബസ് പണിമുടക്ക് പൊന്നാനി താലൂക്കില്‍ വെള്ളിയാഴ്ചയും തുടരും. ബുധനാഴ്ച പൊന്നാനി കുണ്ടുകടവ് ജങ്ഷൻ -ഗുരുവായൂർ സംസ്ഥാന പാതയിൽ മാത്രം നടന്ന പണിമുടക്ക് വ്യാഴാഴ്ച ഉച്ചയോടെ പൊന്നാനി താലൂക്കിലേക്ക് വ്യാപിപ്പിച്ചു.

കള്ളകേസെടുത്തെന്നും ഇത് പിൻവലിക്കുംവരെ പണിമുടക്കുമായി മുന്നോട്ട് പോകുമെന്നുമുള്ള നിലപാടിലാണ് സ്വകാര്യ ബസുടമകളും തൊഴിലാളികളും. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ജില്ലയിലെ മുഴുവൻ റൂട്ടുകളിലും സ്വകാര്യ ബസ് സർവിസ് നിർത്തിവെക്കാനാണ് തീരുമാനം. വ്യാഴാഴ്ച പൊന്നാനി, എടപ്പാള്‍, ചങ്ങരംകുളം, പുത്തന്‍പള്ളി, ഉപ്പുങ്ങല്‍കടവ് റൂട്ടുകളിലെ സ്വകാര്യ ബസ് സര്‍വിസുകള്‍ നിര്‍ത്തിവെച്ചു.

കഴിഞ്ഞ ദിവസം പൊന്നാനി കുണ്ടുകടവ്-ഗുരുവായൂര്‍ റൂട്ടിലോടുന്ന ബസിലെ കണ്ടക്ടര്‍ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറി എന്നാരോപിച്ച് സ്‌കൂള്‍ അധ്യാപകര്‍ നല്‍കിയ പരാതിയില്‍ പോക്‌സോ കേസ് ചുമത്തി കണ്ടക്ടറെ അറസ്റ്റ് ചെയ്തിരുന്നു. ഒരുവിധത്തിലുള്ള തൊഴില്‍ സുരക്ഷയും ലഭിക്കുന്നില്ലെന്നും അന്വേഷണം നടത്താതെയാണ് കേസെടുത്തതെന്നും സമൂഹത്തില്‍ മാന്യമായി ജീവിക്കാനുള്ള അവകാശമാണ് നിഷേധിക്കപ്പെട്ടിരിക്കുന്നതെന്നുമുള്ള ആരോപണവുമായാണ് ബസ് ജീവനക്കാര്‍ രംഗത്തെത്തിയത്.

അതേസമയം, സംഭവത്തിൽ അന്വേഷണം നടത്തി ബസ് തൊഴിലാളികളുമായി ചർച്ച നടത്തി റിപ്പോർട്ട് നൽകാൻ ജില്ല കലക്ടർ പൊന്നാനി ജോയൻറ് ആർ.ടി.ഒയോട് ആവശ്യപ്പെട്ടു. എന്നാൽ, പണിമുടക്ക് തുടർന്നാൽ കെ.എസ്.ആർ.ടി.സി അധിക സർവിസ് നടത്തുന്ന കാര്യം പരിഗണിക്കുമെന്ന് എ.ടി.ഒ 'മാധ്യമ'ത്തോട് പറഞ്ഞു.

പെ​രു​വ​ഴി​യി​ലാ​യി യാ​ത്ര​ക്കാ​ർ

എടപ്പാൾ: പൊന്നാനി താലൂക്കിൽ അപ്രതീക്ഷിതമായുണ്ടായ സ്വകാര്യ ബസ് പണിമുടക്കിൽ ജനങ്ങൾ വലഞ്ഞു. കുണ്ടുകടവ്-കുന്നംകുളം റൂട്ടിൽ മാത്രം പ്രഖ്യാപിച്ച ബസ് പണിമുടക്കാണ് ഉച്ചയോടെ താലൂക്കിലേക്ക് വ്യാപിപ്പിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് 12ഓടെയാണ് താലൂക്കിൽ മുഴുവനായി ബസ് ജീവനക്കാർ മിന്നൽ പണിമുടക്ക് ആരംഭിച്ചത്.

സ്വ​കാ​ര്യ ബ​സു​ക​ൾ പ​ണി​മു​ട​ക്കി​യ​തി​നെ തു​ട​ർ​ന്ന് കു​റ്റി​പ്പു​റം ബ​സ് സ്റ്റാ​ൻ​ഡി​ൽ കു​ടു​ങ്ങി​യ​വ​ർ

തൊഴിലാളി നേതാക്കൾ എത്തിയാണ് സർവിസ് നിർത്തിവെച്ചത്. സംഭവമറിയാതെ രാവിലെ ബസിൽ ജോലി സ്ഥലത്തേക്ക് പോയവർ കൂടുതൽ ദുരിതത്തിലായി.തിരിച്ചുമടങ്ങുമ്പോൾ ബസില്ലാത്തത് കാരണം പലരും വലഞ്ഞു. വിദ്യാർഥികൾ അടക്കം കാൽനടയായാണ് വീട്ടിലെത്തിയത്. എടപ്പാൾ, തവനൂർ, ചങ്ങരംകുളം, പൊന്നാനി, കുറ്റിപ്പുറം മേഖലയിലുള്ളവരാണ് കൂടുതൽ ദുരിതം പേറിയത്.

Tags:    
News Summary - Even today in Ponnani Taluk Private bus strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.