‘എസ്.ഡി.പി.ഐയിൽ ചേർന്നാലും ബി.ജെ.പിയിലേക്കില്ല’; കൂടിക്കാഴ്ച വാർത്ത തള്ളി പത്മകുമാർ

പത്തനംതിട്ട: ബി.ജെ.പിയുമായി കൂടിക്കാഴ്ച നടത്തിയെന്ന വാർത്തകൾ തള്ളി സി.പി.എം പത്തനംതിട്ട ജില്ല സെക്രട്ടേറിയറ്റ് അംഗവും മുൻ എം.എൽ.എയുമായ എ. പത്മകുമാർ. എസ്.ഡി.പി.ഐയിൽ ചേർന്നാലും ബി.ജെ.പിയിൽ ചേരില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് കൂടിയായ പത്മകുമാർ പറഞ്ഞു.

ബി.ജെ.പിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. പാർട്ടിയുമായുള്ള പിണക്കം പരസ്യമാക്കിയ പത്മകുമാറുമായി ബി.ജെ.പി നേതാക്കൾ കൂടിക്കാഴ്ച നടത്തിയിരുന്നു. ബി.ജെ.പി ജില്ല പ്രസിഡന്റ് വി.എ. സൂരജും അയിരൂർ പ്രദീപുമാണ് അദ്ദേഹത്തിന്റെ വീട്ടിൽ ചർച്ചക്കെത്തിയത്. ബി.ജെ.പി സംസ്ഥാനനേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് ചർച്ച എന്നാണ് സൂചന.

പത്മകുമാർ വന്നാൽ സ്വീകരിക്കുമെന്ന് ബി.ജെ.പി പത്തനംതിട്ട ജില്ല നേതൃത്വം ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. മറ്റു കാര്യങ്ങൾ പാർട്ടി സംഘടനാ തലത്തിൽ തീരുമാനിക്കുമെന്നാണ് ഇന്ന് ചർച്ചയിൽ പങ്കെടുത്ത ബി.ജെ.പി ജില്ല വൈസ് പ്രസിഡന്‍റ് ആയിരൂർ പ്രദീപ് പറഞ്ഞത്. അതേസമയം, പത്മകുമാർ പാർട്ടി വിട്ടുവന്നാൽ സ്വീകരിക്കുന്നതിൽ തടസ്സമില്ലെന്ന് കോൺഗ്രസും വ്യക്തമാക്കിയിരുന്നു. അത്തരത്തിൽ ഒട്ടേറെ ആളുകൾ പാർട്ടിയിലേക്ക് വരുന്നുണ്ടെന്നാണ് ഡി.സി.സി പ്രസിഡന്‍റ് സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞത്.

പത്മകുമാർ ഒരുകാരണവശാലും മറുകണ്ടം ചാടില്ലെന്ന് മുതിർന്ന സി.പി.എം നേതാവ് എ.കെ. ബാലൻ പറഞ്ഞു. ‘ഉറപ്പിച്ച് ഞാൻ പറയുന്നു, അദ്ദേഹം ഒരുരൂപത്തിലും മറുകണ്ടം ചാടില്ല, ഞാൻ ഇന്ന് രാവിലെ അദ്ദേഹവുമായി സംസാരിച്ചിരുന്നു’ -ചാനൽ ചർച്ചയിൽ ഇതേക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി എ.കെ. ബാലൻ പറഞ്ഞു.

താൻ ഉൾപ്പെടുന്ന ആറന്മുള മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മന്ത്രി വീണ ജോർജിനെ ക്ഷണിതാവായി സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതാണ് പത്മകുമാറിനെ പ്രകോപിപ്പിച്ചതെന്നാണ് പറയപ്പെടുന്നത്. പാർട്ടിയിലെ പ്രവർത്തന പാരമ്പര്യവും സീനിയോറിറ്റിയും ഒക്കെ മാറ്റിവെച്ച് വീണ ജോർജിന് പാർട്ടി നേതൃത്വം നൽകുന്ന പരിഗണനയെച്ചൊല്ലി ജില്ലയിലെ പാർട്ടിയിൽ മുറുമുറുപ്പുണ്ട്. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളുമായുള്ള ബന്ധമാണ് ഈ പരിഗണനക്കും ഇപ്പോൾ പ്രത്യേക ക്ഷണിതാവാക്കിയതിനും പിന്നിലെ കാരണമെന്നാണ് വിമർശനം.

Tags:    
News Summary - 'Even if I join SDPI, I will not join BJP'; Padmakumar denies meeting news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.