ഉപഗ്രഹ സർവേകളിൽ ഗുരുതര തെറ്റുകൾ

കോട്ടയം: പരിസ്ഥിതിലോല മേഖല നിർണയത്തിന് ചുമതലപ്പെടുത്തിയ റിമോട്ട് സെൻസിങ് ആന്‍ഡ് എൻവയൺമെന്‍റ് സെന്‍റർ നേരത്തേ നടത്തിയ ഉപഗ്രഹ സർവേയിൽ കടന്നുകൂടിയത് കടുത്ത തെറ്റുകൾ. ഗാഡ്ഗിൽ-കസ്തൂരിരംഗൻ റിപ്പോർട്ടുകളിൽ പരാമർശിച്ച വില്ലേജുകളിൽ പരിസ്ഥിതിലോല പ്രദേശങ്ങളും ജനവാസ കേന്ദ്രങ്ങളും തരംതിരിക്കാനായി 2013 നവംബർ, 2014 ഫെബ്രുവരി കാലഘട്ടത്തിൽ നടത്തിയ ഉപഗ്രഹ സർവേയിലാണ് തെറ്റുകളുള്ളത്.

വനംവകുപ്പിനുപോലും ഈ റിപ്പോർട്ട് തള്ളിക്കളയേണ്ടിവന്നിരുന്നു. സർവേ റിപ്പോർട്ടും അതിനുള്ളിൽ നൽകിയ കണക്കുകളും പൊരുത്തപ്പെടാത്തതാണ് ഗുരുതര പ്രശ്നം. സർവേ റിപ്പോർട്ടിൽ കൃഷിഭൂമി 3117.66 ചതുരശ്ര കിലോമീറ്റർ ആണ്. എന്നാൽ, വില്ലേജുകളിൽ സർവേ നടത്തിയതിന്‍റെ കണക്കുകൾ പരിശോധിക്കുമ്പോൾ കിട്ടുന്ന കൃഷിഭൂമിയുടെ വിസ്തൃതി 3199.49 ചതുരശ്ര കിലോമീറ്ററാണ്.

നിർമിതികൾ 130.19 ചതുരശ്ര കിലോമീറ്ററാണെന്ന് റിപ്പോർട്ട് പറയുമ്പോൾ കണക്കുകളിൽ 73.11 ച.കി.മീറ്റർ മാത്രമാണ്. തരിശുഭൂമി റിപ്പോർട്ടിൽ 924.26 ച.കി.മീറ്ററും കണക്കിൽ 934.56 ച.കി.മീറ്റർ ആണ്. റിപ്പോർട്ടിൽ വനം 7547.90 ച.കി.മീറ്റർ ഉണ്ട്. കണക്കിൽ അത് 8123.26 ച.കി.മീറ്റർ ആണ്. വനത്തിനുള്ളിലെ തോട്ടങ്ങൾ റിപ്പോർട്ടിൽ 880.21 ച.കി.മീറ്ററും കണക്കിൽ 950.52 ച.കി.മീറ്ററുമാണ്.

ചുരുക്കത്തിൽ വനം ഏതാണ് തോട്ടം ഏതാണ് എന്ന് ഉപഗ്രഹ സർവേയിൽ വേർതിരിക്കാനായിട്ടില്ല. ജലവൈദ്യുതി പദ്ധതികളുടെ റിസർവോയറുകളടക്കമുള്ള ജലാശയങ്ങൾ റിപ്പോർട്ടിൽ 306.66 ച.കി.മീ മാത്രമാണെങ്കിൽ കണക്കിൽ അത് 334.41 ച.കി.മീറ്റർ ആണ്. വെള്ളം കിടക്കുന്ന കുഴിയുടെപോലും കണക്ക് ഉപഗ്രഹ സർവേയിൽ കിട്ടില്ലെന്ന് വ്യക്തം.

വസ്തുതകൾ ഇതായിരിക്കെയാണ് മലയോര കർഷകരെ ഏറ്റവും കൂടുതൽ ബാധിക്കുന്ന കരുതൽ മേഖല നിർണയത്തിനും ഉപഗ്രഹ സർവേ തന്നെ ഉപയോഗിച്ചിരിക്കുന്നത്. ഇതിനുപകരം കേരളത്തിലെ 25 വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റും ഒരു കിലോമീറ്റർ വീതിയിൽ എത്ര കെട്ടിടങ്ങളും മറ്റുമുണ്ടെന്ന വിവരം നൽകാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിരുന്നെങ്കിൽ കുടുംബശ്രീ പ്രവർത്തകരെ അണിനിരത്തി ഒരു മാസത്തിനുള്ളിൽ വ്യക്തമായ കണക്ക് ശേഖരിക്കാമായിരുന്നു.

സംസ്ഥാനത്തെ ലക്ഷക്കണക്കിന് തൊഴിൽരഹിതരുടെ കണക്കെടുക്കാൻ കുടുംബശ്രീക്ക് ഒരു മാസംപോലും വേണ്ടിവന്നിരുന്നില്ല. 2022 ജൂൺ മൂന്നിലെ സുപ്രീം കോടതി വിധിയുടെ പകർപ്പ് അന്നുതന്നെ സംസ്ഥാന സർക്കാറിന് ലഭിച്ചതാണ്. വൈകാതെതന്നെ നേരിട്ടുള്ള സ്ഥലപരിശോധനയിലൂടെ സ്ഥിതിവിവരക്കണക്കുകൾ ശേഖരിക്കേണ്ടതായിരുന്നു.

എന്നാൽ, കെ-റെയിൽ സർവേക്ക് സമാനമായ ജനരോഷം ഭയന്നാണ് ഉപഗ്രഹ സർവേ മതിയെന്ന തീരുമാനത്തിൽ അധികൃതർ എത്തിയത്. ഉപഗ്രഹ സർവേയുടെ റിപ്പോർട്ട് കഴിഞ്ഞ ആഗസ്റ്റ് അവസാനം വനംവകുപ്പിന് കിട്ടിയതാണ്. മൂന്നുമാസം കഴിഞ്ഞിട്ടും ഇതിൽ തുടർനടപടി ഉണ്ടായില്ല. 

Tags:    
News Summary - errors in satellite surveys

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.