കൊച്ചി: പാർശ്വവൽക്കരിക്കപ്പെട്ട സാന്ത്വന പരിചരണ രോഗികൾക്ക് നഗരയാത്ര ഒരുക്കി എറണാകുളം ജനറൽ ആശുപത്രിയിലെ പാലിയേറ്റീവ് വിഭാഗം. ലോക ഹോസ്പിസ് ദിനത്തോട് അനുബന്ധിച്ചാണ് പരിപാടി. 'കനിവ്' ചുമട്ടു തൊഴിലാളികളുടെ സഹായ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം മേയർ അഡ്വ. എം. അനിൽകുമാർ നിർവഹിച്ചു. ചടങ്ങിൽ ഹൈബി ഈഡൻ എം. പി മുഖ്യപ്രഭാഷണം നടത്തി. ടി.ജെ വിനോദ് എം.എൽ.എ പരിപാടിയിൽ പങ്കെടുത്തു. അഞ്ചു സാന്ത്വന പരിചരണ രോഗികൾക്ക് യാത്ര ഒരുക്കി കൊണ്ടാണ് പദ്ധതിക്ക് തുടക്കമായത്.
നാല് ചുവരുകൾക്കിടയിൽ എരിഞ്ഞു തീരുന്ന ജീവിതങ്ങൾക്ക് സ്മൃതികാല ഓർമ്മകളിലൂടെയുള്ള ഒരു യാത്ര ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പണ്ട് നടന്നു നീങ്ങിയ വഴികൾ, പഠിച്ച സ്കൂളുകൾ ,പാർക്കുകൾ, മാളുകൾ, ദേവാലയങ്ങൾ , സാംസ്ക്കാരിക കേന്ദ്രങ്ങൾ ഭക്ഷണശാലകൾ എന്നിങ്ങനെ സാന്ത്വന പരിചരണ രോഗികൾ ആഗ്രഹിക്കുന്ന ഏത് കേന്ദ്രങ്ങളിലേക്കും തിരിച്ചും, യാത്ര ഒരുക്കുന്നതാണ് പദ്ധതി.
വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന പ്രയാണം പരിപാടിയിൽ ആഴ്ചയിൽ രണ്ടു ദിവസം പാലിയേറ്റീവ് പരിചരണത്തിനുള്ള രോഗികളെ വീട്ടിലെത്തി അവർ ആഗ്രഹിക്കുന്ന കേന്ദ്രത്തിലേക്ക് യാത്ര സാധ്യമാക്കും. പദ്ധതിക്ക് വേണ്ടി വരുന്ന ഓട്ടോറിക്ഷ സൗകര്യം സൗജന്യമായി കനിവ് സിറ്റി ചുമട്ട് തൊഴാളികളുടെ നേതൃത്വത്തിലാണ് നടപ്പിലാക്കുന്നത്. ഉദ്ഘാടന ദിവസത്തിൽ അഞ്ച് സാന്ത്വന പരിചരണ രോഗികളുടെ യാത്രാ സ്വപ്നം യഥാർഥ്യമാക്കും.
എറണാകുളം ജനറൽ ആശുപത്രിലെ പാലിയേറ്റീവ് വിഭാഗം നൂതനമായ കരുതൽ പ്രക്രിയയിലൂടെ മുന്നേറുകയാണ് എന്ന് മെഡിക്കൽ ഓഫീസർ ഡോ. അനു പറഞ്ഞു. നിലവിൽ ആയിരത്തിലേറെ പേർ ഒ.പിയുടെയും ഗൃഹകേന്ദ്രീകൃത പദ്ധതിയുടെയും ഉപഭോക്താക്കളായിട്ടുണ്ട്. കഴിഞ്ഞ സെപ്തംബർ 29 ന് സഫലമീയാത്ര എന്ന പേരിൽ പാലിയേറ്റീവ് രോഗികൾ അടങ്ങുന്ന 23 പേർക്ക് ആകാശയാത്ര സാധ്യമാക്കി എറണാകുളം ജനറൽ ആശുപത്രിയിലെ പാലിയേറ്റീവ് വിഭാഗം ശ്രദ്ധ ആകർഷിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.