കൊച്ചി: കേരളത്തിലെ എല്ലാ കലാകാരന്മാർക്കും അപമാനമാണ് നടൻ വിനായകനെന്നും പിടിച്ചുകെട്ടി കൊണ്ടുപോയി ചികിത്സിക്കാൻ സർക്കാർ തയാറാവണമെന്നും എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. ഈ നാടിന്റെ സംസ്കാരത്തിന് ചേരാത്ത കലാകാരനാണ് വിനായകനെന്നും ഷിയാസ് എറണാകുളം ഡി.സി.സി ഓഫീസിൽ വിളിച്ച് ചേർത്ത വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ലഹരിയുമായി ബന്ധപ്പെട്ട് സിനിമ മേഖലയിലുള്ള ആളുകളെ കുറിച്ച് നിരന്തരം പരാതികൾ ഉയരുന്നുണ്ട്. എന്നാൽ, കലാകാരനാണെന്നതും സിനിമ പ്രവർത്തകരാണെന്നുമുള്ള ഒരു പരിരക്ഷ പലപ്പോഴും സർക്കാറും പൊതുസമൂഹവുമൊക്കെ ഇത്തരക്കാർക്ക് നൽകുന്നുണ്ട്. ഇത് ഗുരുതരമായ തെറ്റാണെന്നും ഇവരെ ആരാധിക്കുന്നയാളുകളെ ആകർഷിക്കാൻ ഇടയാക്കുമെന്നും ഷിയാസ് പറഞ്ഞു.
സമൂഹമാധ്യമങ്ങൾ വഴി നിരന്തരം സഭ്യമല്ലാത്ത ഭാഷയിൽ വിമർശനങ്ങൾ നടത്തുന്ന വിനായകൻ കഴിഞ്ഞ ദിവസമാണ് യേശുദാസ്, അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ളവരെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടത്.
ഇത് വിവാദമായതോടെ ഡിലീറ്റ് ചെയ്ത് വീണ്ടും ആരോപണവുമായി രംഗത്തു വന്നു. ‘സ്ത്രീകൾ ജീൻസോ, ലെഗിൻസോ ഇടുന്നതിനെ അസഭ്യമായി ചിത്രീകരിച്ച യേശുദാസ് പറഞ്ഞത് അസഭ്യമല്ലേ? സിനിമകളിലൂടെ സ്ത്രീ ശരീരത്തെ അസഭ്യനോട്ടം നോക്കിയ ആളല്ലേ അടൂർ? വെള്ളയിട്ട് പറഞ്ഞാൽ യേശുദാസ് പറഞ്ഞത് അസഭ്യം ആകാതിരിക്കുമോ? ജുബ്ബയിട്ട് ചെയ്താൽ അടൂർ അസഭ്യമാകാതെ ഇരിക്കുമോ? സംസ്കൃതത്തിൽ അസഭ്യം പറയുന്നവരോട് പച്ച മലയാളത്തിൽ തിരിച്ചു പറയുന്നത് അസഭ്യമാണെങ്കിൽ അത് തുടരുക തന്നെ ചെയ്യും’ -എന്നായിരുന്നു പുതിയ കുറിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.