തൊഴിലുടമ വിഹിതം അടച്ചില്ല; മൈക്രോ ഫിനാൻസ് കമ്പനിക്കെതിരായ കേസിൽ ഇ.പി.എഫ്.ഒക്ക് വിജയം

പാലക്കാട്: തൊഴിലുടമയുടെ വിഹിതമടക്കുന്നതിൽ വീഴ്ച വരുത്തിയ സ്വകാര്യ മൈക്രോ ഫിനാൻസ് കമ്പനിക്കെതിരെ നൽകിയ കേസിൽ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്സ് ഓർഗനൈസേഷന് (ഇ.പി.എഫ്.ഒ) വിജയം. ഇ.പി.എഫ്.ഒ പാലക്കാട് എൻഫോഴ്‌സ്‌മെന്റ് ഓഫിസർ നൽകിയ കേസിലാണ് പാലക്കാട്ടെ മൈക്രോ ഫിനാൻസ് കമ്പനിക്കെതിരെ വിധി നേടിയത്.

2016 ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. 2013 ഏപ്രിൽ മുതൽ ജൂൺ വരെ തൊഴിലുടമയുടെ വിഹിതം അടക്കുന്നതിൽ വീഴ്ച വരുത്തിയ കമ്പനിക്ക് ആ കാലയളവിലെ തുക തിരിച്ചടക്കാനാവശ്യപ്പെട്ട് ഇ.പി.എഫ്.ഒ കത്ത് നൽകി. എന്നാൽ, ഹിയറിങ്ങ് കഴിഞ്ഞിട്ടും കമ്പനി നിശ്ചിത കാലയളവിലെ തുകയടച്ചില്ല.

തുടർന്നാണ് കേസ് ഫയൽ ചെയ്തത്. എന്നാൽ, 2014ൽ അന്നത്തെ മാനേജിങ് ട്രസ്റ്റിയും സ്ഥാപന ചെയർമാനുമായ രാജു കുര്യച്ചൻ മരിച്ചതിനാൽ തങ്ങൾ തുക തിരിച്ചടക്കാൻ ബാധ്യസ്ഥരല്ലെന്ന കാരണം പറഞ്ഞ് കമ്പനി അനുകൂല വിധി നേടി. എന്നാൽ, 1952 ലെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിയമപ്രകാരം നിശ്ചിത സമയത്തിനകം വിഹിതമടക്കണമെന്നതിനാൽ മാനേജിങ് ട്രസ്റ്റി മരിച്ചെന്നത് മറ്റ് ഡയറക്ടർമാർക്ക് ഒഴിയാനുള്ള കാരണമല്ലെന്നും തൊഴിൽ ദാതാവ് മരിച്ചാലും കേസ് നിലനിൽക്കുമെന്നും കോടതി കണ്ടെത്തി.

ഇതിന്റെ അടിസ്ഥാനത്തിൽ ഒന്നാം പ്രതിയായ കമ്പനിയെ സി.ആർ.പി.സി സെക്ഷൻ 248 (1) പ്രകാരം കുറ്റവിമുക്തനാക്കിയിട്ടുണ്ടെങ്കിലും സെക്ഷൻ 14(2) പ്രകാരം പെൻഷൻ ഫണ്ടിലും, ഇൻഷുറൻസ് ഫണ്ടിലും കമ്പനി കൂടി പ്രതിയാണെന്ന് കോടതി കണ്ടെത്തി. രണ്ടാമത്തെയും മൂന്നാമത്തെയും പ്രതികളായ ജോയ് വർഗീസ്, രവീന്ദ്രനാഥ പ്രഭ എന്നിവർ സി.ആർ.പി.സി സെക്ഷൻ 248 (2) പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തി.

പ്രൊവിഡന്റ് ഫണ്ട് വ്യവസ്ഥകൾ ലംഘിച്ചതിന് 1000 രൂപ വീതം പിഴയടക്കാനും ഓരോരുത്തർക്കും 10 ദിവസത്തെ തടവിനുമാണ് പാലക്കാട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കെ.എസ്. വരുൺ ശിക്ഷ വിധിച്ചത്. പാലക്കാട് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ ഇൻസ്പെക്ടറായ എൻഫോഴ്സ്മെന്റ് ഓഫിസർ അംബിക ദേവദാസായിരുന്നു എ.പി.പി. ഈ വിധി തുടർകേസുകൾക്ക് പ്രചോദനമാകുമെന്ന് അംബിക ദേവദാസ് പറഞ്ഞു.

Tags:    
News Summary - EPFO wins case against microfinance company

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.