15 വർഷം കഴിഞ്ഞ ബസുകൾ പരിവാഹൻ പോർട്ടലിലില്ല; പുക പരിശോധന പ്രതിസന്ധിയിൽ കെ.എസ്.ആർ.ടി.സി
പത്തനംതിട്ട: കെ.എസ്.ആർ.ടി.സി ബസുകളുടെ രജിസ്ട്രേഷൻ കാലാവധി 15ൽ നിന്ന് 20 വർഷമാക്കിയെങ്കിലും വാഹനങ്ങളുടെ പുക പരിശോധന നടത്താനുള്ള സംവിധാനം അപര്യാപ്തമാണ്. 15 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങൾ പരിവാഹൻ പോർട്ടലിൽ ചേർക്കാനാകാത്തതിനാലാണ് പുക പരിശോധനയ്ക്കു സാധിക്കാത്തത്. ഇതോടെ കെ.എസ്.ആർ.ടി.സിക്ക് കീഴിലെ ഏതാനും പുക പരിശോധന കേന്ദ്രങ്ങളെയാണ് സർക്കാർ വാഹനങ്ങൾ ആശ്രയിക്കുന്നത്.
സാധാരണ പുക പരിശോധന കേന്ദ്രങ്ങളിൽ പരിവാഹൻ പോർട്ടലിൽനിന്ന് വാഹനങ്ങളുടെ വിവരങ്ങൾ തിരഞ്ഞാണ് വാഹനം തിരിച്ചറിഞ്ഞു പുക സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നത്. പരിശോധന നടക്കുന്ന സമയത്ത് ക്യാമറകൾ ലൈവായി ദൃശ്യം അപ്‌ലോഡ് ചെയ്യുകയും വേണം.
എന്നാൽ, 15 വർഷം കഴിഞ്ഞ കെ.എസ്.ആർ.ടി.സി ബസുകളുടെ വിവരങ്ങൾ പോർട്ടലിൽ ഇല്ല. അതിനാൽ സാധാരണ പുക പരിശോധന കേന്ദ്രങ്ങളിൽ സർട്ടിഫിക്കറ്റ് ലഭിക്കില്ല. കെ.എസ്.ആർ.ടി.സിയുടെ വികാസ്ഭവൻ, ആലുവ, പയ്യന്നൂർ തുടങ്ങി ഏതാനും ഡിപ്പോകളിൽ മാത്രമാണ് പുക പരിശോധന കേന്ദ്രമുള്ളത്. ഈ കേന്ദ്രങ്ങളിൽ പരിശോധന നടത്തി സർട്ടിഫിക്കറ്റ് ലഭ്യമാക്കിയാണ് ബസുകൾക്കു ഫിറ്റ്നസ് നേടുന്നതെന്ന് അധികൃതർ പറയുന്നു. മറ്റിടങ്ങളിലെ ബസുകൾ ഇവിടങ്ങളിലേക്ക് എത്തിച്ചാണ് പരിശോധന നടത്തുന്നത്.
കഴിഞ്ഞദിവസം പത്തനംതിട്ട ഡിപ്പോയിലെ ഓർഡിനറി ബസ് പുക പരിശോധനയ്ക്കായി മാത്രം 212 കിലോമീറ്ററാണ് ഓടിയത്. ഫിറ്റ്നസ് കഴിയുന്ന വാഹനങ്ങൾ ഏറെ ദൂരം ഓടിച്ചു പുക സർട്ടിഫിക്കറ്റ് വാങ്ങേണ്ടി വരുന്നത്. കെ.എസ്.ആർ.ടി.സി ബസുകൾ എത്തിക്കാതെ പുക സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതായി മുമ്പ് വാർത്തകൾ വന്നിരുന്നു. ഇതിനു പിന്നാലെയാണ് സർട്ടിഫിക്കറ്റിനായി ബസുകൾ ഏറെദൂരം കാലിയായി ഓടിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.