കണ്ണൂർ: ഇടനിലക്കാരൻ നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന കൊച്ചിയിലെ ചടങ്ങിൽ പങ്കെടുത്തതിനെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ സി.പി.എമ്മിന്റെ ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുക്കുമെന്ന സൂചന നൽകി ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജൻ. ജാഥയിൽ പങ്കെടുക്കാത്തതിനെ കുറിച്ച് നിങ്ങൾ എന്തുവേണമെങ്കിലും പ്രചരിപ്പിച്ചോളൂവെന്നും ഇത്തരം വാർത്തകൾക്ക് അരമണിക്കൂറിന്റെ ആയുസ്സേയുള്ളൂവെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
ജാഥയിൽ പങ്കെടുക്കുമെന്നോ ഇല്ലെന്നോ കൃത്യമായി പറഞ്ഞില്ലെങ്കിലും കഴിഞ്ഞദിവസം നടത്തിയ പ്രതികരണത്തിൽനിന്നുള്ള പിന്മാറ്റം കൂടിയായി ഈ പ്രതികരണം. തിരക്ക് ഉൾെപ്പടെയുള്ള കാര്യങ്ങൾ പറഞ്ഞാണ് ജാഥയിൽനിന്ന് വിട്ടുനിന്നത്. ജാഥയിൽ പങ്കെടുക്കാത്തത് മനപ്പൂർവമല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
വിട്ടുനിൽക്കൽ വലിയ ചർച്ചയായ വേളയിലാണ് ജാഥ തുടങ്ങി പിറ്റേന്ന് കൊച്ചിയിൽ ഇടനിലക്കാരൻ നന്ദകുമാറിനെ ഇ.പി. ജയരാജൻ കാണാൻ പോയ വിഡിയോ പുറത്തുവന്നത്. മുൻ നിലപാടിൽനിന്ന് മലക്കംമറിഞ്ഞതോടെ ഉടൻ ജാഥയുടെ ഭാഗമാവുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.