കൊട്ടും കുരവയുമില്ലാതെ ഒരു പരിസ്ഥിതി കല്യാണം

പേരാമ്പ്ര: പെണ്‍മക്കളുടെ കല്യാണം രക്ഷിതാക്കള്‍ക്ക് വലിയ അങ്കലാപ്പാണ്. രണ്ടു പെണ്‍കുട്ടികളുടെ കല്യാണം ഒരേ ദിവസം നടക്കുകയാണെങ്കില്‍ അവര്‍ക്ക് ഊണും ഉറക്കവും ഉണ്ടാവില്ല. സ്വര്‍ണാഭരണങ്ങള്‍, വീട്ടിലത്തെുന്നവരെ സല്‍ക്കരിക്കല്‍ അങ്ങനെ പോകുന്നു കാര്യങ്ങള്‍. എന്നാല്‍, രണ്ടു പെണ്‍മക്കളുടെ വിവാഹം ഒരേദിവസം നടത്തിയ കുട്ടോത്ത് കുന്നുമ്മല്‍ സമം വീട്ടില്‍ അശോക് കുമാറി(ആഷൊ)നും ഭാര്യ അജിതക്കും ഒരു ടെന്‍ഷനും ഉണ്ടായില്ല.

ആടയാഭരണങ്ങള്‍ ഇല്ലാതെ, കതിര്‍ മണ്ഡപമില്ലാതെ, താലിയും മാലയും ബൊക്കയുമില്ലാതെ ആഷൊയും അജിതയും തങ്ങളുടെ മക്കളെ  നാട്ടുകാരുടെയും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ ഓലപ്പന്തലിനുള്ളില്‍ ഒരുക്കിയ മണ്‍തറയില്‍വെച്ച് വരന്മാരുടെ കൈകളിലേല്‍പിച്ചു. വധൂവരന്മാര്‍ ഓലത്തൊപ്പി പരസ്പരം അണിയിച്ചു. പിന്നീട് രക്ഷിതാക്കള്‍ നല്‍കിയ തേന്മാവിന്‍തൈ വീട്ടുവളപ്പില്‍ നട്ടു.

അശോക് കുമാറും ഭാര്യ അജിതയും
 


പരിസ്ഥിതി പ്രവര്‍ത്തകനായ ആഷൊ മതവും ജാതിയും ധൂര്‍ത്തും വെടിഞ്ഞ് പ്രകൃതിയെ ആധാരമാക്കി നടത്തിയ വിവാഹം പരമ്പരാഗത വിവാഹ സങ്കല്‍പങ്ങള്‍ തച്ചുതകര്‍ക്കുന്നതായി. പ്രകൃതിചികിത്സ ഡോക്ടറായ മകള്‍ മിലേന (അമ്മു) തമിഴ്നാട് ഹൊസൂരിലെ പ്രഭുവിനെയാണ് വിവാഹം കഴിച്ചത്. ഇദ്ദേഹം ചെന്നൈയില്‍ എം.ഡി ചെയ്യുകയാണ്. ആയുര്‍വേദ ഡോക്ടറായ ഹിത ജീവിത പങ്കാളിയായി തെരഞ്ഞെടുത്തത് കാസര്‍കോട് പാണത്തൂര്‍ സ്വദേശി ഐറീഷ് വത്സമ്മയെയാണ്. ഇദ്ദേഹം മലപ്പുറം കോട്ടക്കുന്നില്‍ സ്കൈ ലാന്‍ഡ് അഡ്വഞ്ചര്‍ പാര്‍ക്കിന്‍െറ അഡൈ്വസറും പരിസ്ഥിതി പ്രവര്‍ത്തകനുമാണ്.

പ്രദേശത്തെ തലമുതിര്‍ന്ന കര്‍ഷക തൊഴിലാളികള്‍ക്ക് വസ്ത്രങ്ങള്‍ നല്‍കി കാല്‍തൊട്ട് വന്ദിച്ചാണ് വധൂവരന്മാര്‍ അനുഗ്രഹം തേടിയത്. വിവാഹത്തില്‍ പങ്കെടുക്കാനത്തെിയവര്‍ക്ക്  ഓരോ വൃക്ഷത്തൈകളും ആഷൊ നല്‍കി. വിവാഹസദ്യയായി മുത്താറി പുട്ട്, ദോശ, കഞ്ഞി, ചെറുപയര്‍ എന്നിവയാണ് അതിഥികള്‍ക്ക് നല്‍കിയത്.  പ്രഫ. ടി. ശോഭീന്ദ്രന്‍ ഉള്‍പ്പെടെ നിരവധിപരിസ്ഥിതി പ്രവര്‍ത്തകരും കലാസാംസ്കാരിക പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്ത് വധൂവരന്മാരെ അനുഗ്രഹിച്ചു. കലാപരിപാടികളും അവതരിപ്പിച്ചു.

Tags:    
News Summary - environmental wedding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.