തിരുവനന്തപുരം: ശബരിമലയില്‍ മണ്ഡല മകരവിളക്കിനോടനുബന്ധിച്ച് ആദ്യ ദിവസങ്ങളില്‍ പ്രതിദിനം 25,000 പേരെ പ്രവേശിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. എണ്ണത്തില്‍ മാറ്റം വേണമെങ്കില്‍ പിന്നീട് ചര്‍ച്ച ചെയ്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. വെര്‍ച്വല്‍ ക്യൂ സംവിധാനം തുടരും. 10 വയസ്സിന് താഴെയും 65 വയസ്സിന് മുകളിലുമുള്ള തീർഥാടകർക്കും പ്രവേശനം അനുവദിക്കും. രണ്ട് ഡോസ് കോവിഡ് വാക്സിൻ എടുത്തവർ അല്ലെങ്കിൽ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്കാവും പ്രവേശനം നൽകുക.
അഭിഷേകം ചെയ്ത നെയ്യ് എല്ലാവര്‍ക്കും കൊടുക്കുന്നതിന് ദേവസ്വംബോര്‍ഡ് സംവിധാനമൊരുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദര്‍ശനം കഴിഞ്ഞ് സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കില്ല. ഇക്കാര്യത്തില്‍ കഴിഞ്ഞ വര്‍ഷത്തെ നില തുടരും. എരുമേലി വഴിയുള്ള കാനനപാത, പുല്‍മേട് വഴി സന്നിധാനത്ത് എത്തുന്ന പരമ്പരാഗത പാത എന്നിവയിലൂടെ തീര്‍ത്ഥാടകരെ അനുവദിക്കില്ല.
പമ്പയില്‍ സ്‌നാനത്തിന് അനുമതി നല്‍കും. വാഹനങ്ങള്‍ നിലക്കല്‍ വരെ മാത്രമേ അനുവദിക്കുള്ളൂ. അവിടെ നിന്ന് പമ്പ വരെ കെ.എസ്.ആര്‍.ടി.സി ബസ്സുകൾ ഉപയോഗിക്കണം. അതിന് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി അധികൃതര്‍ക്ക് നിർദേശം നല്‍കി. കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റോപ്പുകളില്‍ മതിയായ ശൗചാലയങ്ങള്‍ ഉറപ്പാക്കണം. ശുചീകരണ തൊഴിലാളികളുടെ ശമ്പളം വർദ്ധിപ്പിക്കും. അഗ്നി സുരക്ഷാ സംവിധാനങ്ങൾ നിലവിലില്ലാത്ത കെട്ടിടങ്ങളിൽ സ്മോക്ക് ഡിറ്റക്ടറുകൾ സ്ഥാപിക്കണം.
കോവിഡ്മുക്തരിൽ അനുബന്ധരോഗങ്ങൾ ഉള്ളവർ ആരോഗ്യസ്ഥിതി പരിശോധിച്ച് മാത്രമേ ദർശനത്തിന് വരാൻ പാടുള്ളൂ എന്ന് മുഖ്യമന്ത്രി നിർദേശിച്ചു.
ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍, ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ്, വനം മന്ത്രി എ കെ ശശീന്ദ്രൻ, ഗതാഗത മന്ത്രി ആന്‍റണി രാജു, ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ, ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാര്‍, എംഎൽഎമാരായ സെബാസ്റ്റ്യൻ കുളത്തുങ്കൽ, പ്രമോദ് നാരായണ്‍, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്, ദേവസ്വം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, വിവിധ വകുപ്പ് സെക്രട്ടറിമാര്‍, ഡയറക്ടര്‍മാര്‍, ജില്ല കലക്ടര്‍മാര്‍, ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ എന്‍. വാസു, റെയില്‍വേ - ബി.എസ്.എന്‍.എല്‍ അധികൃതര്‍, മുന്‍സിപാലിറ്റി-ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍, അയ്യപ്പസേവാ സംഘം, പന്തളം രാജകൊട്ടാരം നിർവാഹക സംഘം പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.