ഊരുകളിലേക്ക് പ്രവേശന വിലക്ക്: ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് ആദിവാസി നേതാക്കൾ

കോഴിക്കോട്: പുറത്തുനിന്നുള്ളവർ ആദിവാസി ഊരുകളിലേക്ക് പ്രവേശിക്കുന്നതിന് പ്രത്യേക അനുമതി വേണമെന്ന പട്ടികവർഗ വകുപ്പിന്റെ സർക്കുലർ പിൻവലിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് ആദിവാസി സംഘടന നേതാക്കൾ. ആദിവാസികൾക്ക് മൗലിക അവകാശങ്ങൾ നിഷേധിക്കുന്ന സർക്കുലർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പട്ടികവർഗ ഡയറക്ടർക്ക് കത്ത് നൽകും. തുടർന്ന് നടപടിയുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും ആദിവാസി സംഘടന നേതാക്കളായ ചിത്ര നിലമ്പൂർ, അമ്മിണി വയനാട്, മുരുകൻ (അട്ടപ്പാടി), രാമചന്ദ്രൻ ചോല, എം. ഗീതാനന്ദൻ, ചന്ദ്രൻ (അട്ടപ്പാടി) തുടങ്ങിയവർ വ്യക്തമാക്കി.

പട്ടികവർഗ വകുപ്പിന്റെ പുതിയ നോട്ടീസ് അംഗീകരിക്കാനാവില്ലെന്ന് ഇവർ 'മാധ്യമം ഓൺലൈനി'നോട് പറഞ്ഞു. ആദിവാസി ജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന സർക്കുലറാണിത്. 'പട്ടികവർഗ വകുപ്പ് ഉദ്യോഗസ്ഥന്മാർ ഊരുകളിൽ പോകാറില്ല. അവിടുത്തെ മനുഷ്യവകാശ ലംഘനകളും തട്ടിപ്പുകളും പുറത്തുവരുന്നത് ഗവേഷണ വിദ്യാർഥികളും മാധ്യമ പ്രവർത്തകരുമൊക്കെ ഊരിലെത്തുമ്പോഴാണ്. ആദിവാസി ചൂഷണത്തിന്റെ കഥകൾ പുറംലോകമറിയുന്നത് സർക്കാറിന് തലവേദനയാണ്. പട്ടികവർഗ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് മാധ്യമങ്ങളെ പേടിയാണ്. ആദിവാസികളെ ഭീഷണിപ്പെടുത്താനാണ് സർക്കുലർ പുറപ്പെടുവിച്ചത്' -ചിത്ര പറഞ്ഞു. ആദിവാസികളെ ഇല്ലായ്മ ചെയ്യുന്നതിനുള്ള പദ്ധതിയാണ് സർക്കാർ ആവിഷ്കരിക്കുന്നതെന്ന് അമ്മിണി ചൂണ്ടിക്കാട്ടി.

ഊരിന്റെ അധികാരം ഊരുകൂട്ടത്തിനാണ്. മൂപ്പന്റെ വീടിന് ചുറ്റം കൂടിയിരുന്നാണ് പണ്ടുകാലത്ത് ആദിവാസികൾ തീരുമാനം എടുത്തിരുന്നത്. പണ്ട് പുറത്തുള്ളവർ ഊരിലേക്ക് പ്രവേശിക്കില്ലായിരുന്നു. വനവിഭവ ശേഖരണം നടത്തിയിരുന്നതും മൂപ്പന്റെ നേതൃത്വത്തിലായിരുന്നു. പഞ്ചായത്തീരാജ് ആക്ട് നിലവിൽ വന്നതോടെ പഞ്ചായത്തിലെ വാർഡ് മെമ്പർക്ക് മൂപ്പന്റെ മേൽ സ്ഥാനം നൽകി. വനംവകുപ്പ് ചെക്ക് പോസ്റ്റ് സ്ഥാപിച്ച് ഭരണം നടത്തുകയാണ്. വനംവകുപ്പ്, പട്ടികവർഗ വകുപ്പ്, ഗ്രാമപഞ്ചായത്ത് തുടങ്ങിയ ഉദ്യോഗസ്ഥർ ഊരിലേക്ക് പോകുന്ന ആദിവാസികളെ പോലും വഴിയിൽ തടയുകയാണ്. മൂപ്പൻ പറഞ്ഞാലും ചെക്ക് പോസ്റ്റിൽ ആദിവാസികളെ തടയുന്നുണ്ട്. ഊരിലേക്ക് യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥ നിലവിലുണ്ടെന്നും ചിത്ര സൂചിപ്പിച്ചു.

2022 ആദിവാസികളുടെ ഊരുകൂട്ടം ശക്തിപ്പെട്ട കാലമാണ്. വയനാട് നൂൽപ്പുഴയിൽ ചെട്ടിയാലത്തൂർ ഊരിൽ 100 വർഷത്തിലേറെയായി പട്ടികവർഗ വകുപ്പിന്റെ പരിരക്ഷ ലഭിക്കാത്ത കാട്ടുനായ്ക്കരുണ്ട്. അവരുടെ പ്രശ്നങ്ങൾ എഴുതി മുഖ്യമന്ത്രിക്ക് നൽകി. ഒരാഴ്ച കഴിഞ്ഞ് ഉദ്യോഗസ്ഥരെത്തി. ചെട്ടിയാലത്തൂർ വന്നത് എന്തിനെന്നാണ് പൊലീസ് ചോദിച്ചുവെന്ന് ചിത്ര പറഞ്ഞു. ഊരുകൂട്ടങ്ങൾ ശക്തിപ്പെടുന്നത് സർക്കാറിന് ഭയമാണ്. പൊലീസ് നിരന്തരം ആദിവാസി പ്രവർത്തകരെ വേട്ടയാടുകയാണ്. ആദിവാസികൾ ചൂഷണം തിരിച്ചറിയാതിരിക്കാനുള്ള ശ്രമമാണ് പട്ടികവർഗ വകുപ്പിന്റെ സർക്കുലർ. ജനനീ ജന്മരക്ഷാ പദ്ധതിയുടെ തുക വരെ പഞ്ചായത്ത് മെമ്പർ തടഞ്ഞുവെക്കുന്ന സംഭവമുണ്ട്. രാഷ്ട്രീയ പാർട്ടികൾ ആദിവാസികളെ ഭീഷണിപ്പെടുത്തിയാണ് നിലനിർത്തുന്നതെന്നും ചിത്ര പറഞ്ഞു.

ആദിവാസി ഊര് എന്നത് ജനാധിപത്യപരമായ അധികാരങ്ങളുള്ള സ്ഥാപനമാണ്. അവിടത്തെ നിയമങ്ങൾ എന്തായിരിക്കണം, അവിടെ ആർക്കൊക്കെയാണ് അവകാശങ്ങൾ ഉള്ളത്, ആർക്കൊക്കെയാണ് അവകാശങ്ങൾ ഇല്ലാത്തത്, അവിടെ ആര് വരണം, ആര് വരണ്ട എന്നൊക്കെ തീരുമാനിക്കേണ്ടത് അവിടത്തെ ജനങ്ങളാണെന്ന് രാമചന്ദ്രൻ ചോല പറഞ്ഞു. പട്ടികവർഗ വകുപ്പ് ഇക്കാര്യത്തിൽ ഊരുകൂട്ടത്തിന്റെ അധികാരങ്ങളെ റദ്ദ് ചെയ്യുന്ന സർക്കുലറാണ് ഇറക്കിയത്. ആദിവാസി ഊരുകൂട്ടം തീരുമാനിക്കേണ്ട കാര്യങ്ങൾ പട്ടികവർഗ വകുപ്പിലെ ഉദ്യോഗസ്ഥർ തീരുമാനിച്ചാൽ അത് അംഗീകരിക്കാനാവില്ലെന്ന് മുരുകൻ വ്യക്തമാക്കി.

അട്ടപ്പാടിയിൽ ആദിവാസി ഭൂമിക്ക് വ്യാജരേഖയുണ്ടാക്കി വൻതോതിൽ കൈയേറുന്നതിന് റവന്യൂ-പട്ടികവർഗ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് ഭൂമാഫിയക്ക് കുട പിടിക്കുന്നതെന്ന് ചന്ദ്രൻ അഭിപ്രായപ്പെട്ടു. ആദിവാസികളുടെ കൈയിൽ സർക്കാർ വിതരണം ചെയ്ത പട്ടയ കടലാസുകൾ മാത്രമേയുള്ളൂ. ഭൂമി എവിടെയാണെന്ന് തഹസിൽദാർക്ക് പോലും അറിയില്ല. ഇതെല്ലാം മറച്ചുവെക്കാനാണ് മാധ്യമപ്രവർത്തകരെ ഉൾപ്പെടെ തടയാനുള്ള സർക്കുലർ ഇറക്കിയതെന്ന് അദ്ദേഹം പറഞ്ഞു. വനം, പട്ടികവർഗ വകുപ്പുകൾ ഊരിനുമേലുള്ള അധികാരം കൈയാളാനാണ് പുതിയ സർക്കുലർ ഇറക്കിയതെന്ന് ഗോത്ര മഹാസഭാ നേതാവ് എം. ഗീതാനന്ദൻ അഭിപ്രായപ്പെട്ടു. 

Tags:    
News Summary - Entry ban in adivasi colonies: Tribal leaders will approach the court if the order is not withdrawn

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.