എന്‍റെ കേരളം മലപ്പുറം പതിപ്പിനും ആരംഭം!

രണ്ടാം എൽ.ഡി.എഫ് സർക്കാരിന്‍റെ നാലാം വാർഷികത്തോട് അനുബന്ധിച്ചു സംഘടിപ്പിക്കുന്ന 'എന്‍റെ കേരളം' പ്രദർശന വിപണനമേളയ്ക്ക് മലപ്പുറത്ത് ഇന്നലെ തുടക്കമായി. കോട്ടക്കുന്ന് മൈതാനത്ത് നടന്ന ഉദ്ഘാടന പരിപാടി കായിക, ന്യൂനപക്ഷ ക്ഷേമ, വഖഫ് വകുപ്പ് മന്ത്രി വി. അബ്‌ദുറഹ്‌മാൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.

പി. നന്ദകുമാർ എം.എൽ.എ അധ്യക്ഷനായി. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. മേയ് എട്ടിന് രാവിലെ കുടുംബശ്രീയുടെ 'ഇ- മാലിന്യത്തിലെ സംരംഭക സാധ്യത' എന്ന വിഷയത്തിൽ മെഗാ പരിശീലന പരിപാടി നടന്നിരുന്നു. ഉച്ചയ്ക്ക് രണ്ടിന് മോട്ടോർ വാഹന വകുപ്പിൻ്റെ 'റോഡ് സുരക്ഷയും മാറുന്ന നിയമങ്ങളും' എന്ന വിഷയത്തിൽ സെമിനാറും അരങ്ങേറി. വൈകീട്ട് ഏഴിന് നാടൻപാട്ട് കലാകാരനായ അതുൽ നറുകരയും സംഘവും നയിക്കുന്ന ഫോക് ലോർ ലൈവും നടന്നിരുന്നു.

സംസ്ഥാന സർക്കാരിന്‍റെ 90-ഓളം വകുപ്പുകളുടെയും വിവിധ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്‍റെ നേതൃത്വത്തിലാണ് മേളയുടെ സംഘാടനം. കഴിഞ്ഞ ഒമ്പത് വർഷത്തെ സർക്കാറിന്‍റെ നേട്ടങ്ങൾ പ്രദർശിപ്പിക്കുന്ന മേളയാണ് കോട്ടക്കുന്നിൽ സംഘടിപ്പിക്കുന്നത്. വിവിധ വകുപ്പുകളുടെ സ്റ്റാളുകൾ സർക്കാരിന്റെ വ്യത്യസ്‌ത പദ്ധതികളെക്കുറിച്ച് ജനങ്ങൾക്ക് അറിവു നൽകുന്ന രീതിയിലാണ് ക്രമീകരിച്ചത്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ എൽ.ഇ.ഡി വാളുകളിൽ തത്സമയ പ്രദർശനങ്ങളും വിവിധ വകുപ്പുകളുടെ സേവനങ്ങളും ഉറപ്പാക്കും. കേരളത്തിന്റെ സമഗ്ര മുന്നേറ്റങ്ങളെ അടയാളപ്പെടുത്തുന്നതും മാറുന്ന കേരളത്തിന്റെ സ്പന്ദനങ്ങൾ തൊട്ടറിയുന്നതുമാണ് വിവര പൊതുജന സമ്പർക്ക വകുപ്പിന്‍റെ നേതൃത്വത്തിൽ നടക്കുന്ന എന്‍റെ കേരളം മെഗാ എക്സിബിഷൻ.

കോട്ടക്കുന്നിൽ രണ്ട് എസി ഹാംഗറുകളും ഒരു നോൺ എസി ഹാംഗറുമടക്കം ആകെ 45,192 ചതുരശ്രയടിയിൽ ശീതീകരിച്ച രണ്ട് ഹാംഗറുകൾ ഉൾപ്പെടെ 70,000 ചതുരശ്രയടി വിസ്തൃതിയിലുള്ള പ്രദർശന നഗരിയാണ് ഒരുക്കിയത്. വിപുലമായ സജ്ജീകരണങ്ങളോടെയാണ് പ്രദർശന വിപണന മേള നടക്കുന്നത്.

Tags:    
News Summary - enterkeralam started in malapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.