ശബരിമല സ്വർണക്കൊള്ള ഇ.ഡി അന്വേഷിക്കും; എസ്.ഐ.ടിയുടെ എതിർപ്പ് തള്ളി കോടതി, രേഖകൾ കൈമാറാൻ നിർദേശം

കൊല്ലം: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനും (ഇ.ഡി) അന്വേഷണം നടത്താമെന്ന് കൊല്ലം വിജിലൻസ് കോടതി. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഇതുവരെ അന്വേഷണം നടത്തിയ പ്രത്യേക സംഘം (എസ്.ഐ.ടി) ഇ.ഡിക്ക് കൈമാറണമെന്ന് കോടതി നിർദേശിച്ചു. സ്വർണക്കൊള്ളക്കേസിലെ എഫ്.ഐ.ആർ ഉൾപ്പെടെയുള്ള രേഖകൾ ആവശ്യപ്പെട്ട് ഇ.ഡി സമർപ്പിച്ച അപേക്ഷയിലാണ് വിജിലൻസ് കോടതിയുടെ വിധി.

കള്ളപ്പണ ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാനാണ് രേഖകൾ വേണമെന്ന് ഇ.ഡി ആവശ്യപ്പെട്ടത്. എന്നാൽ, സമാന്തര അന്വേഷണം കേസിലെ കൂടുതൽ പ്രതികളിലേക്ക് എത്തുന്നതിന് തടസ്സമാകുമെന്ന് ചൂണ്ടിക്കാട്ടിയുള്ള എസ്.ഐ.ടി വാദം കോടതി തള്ളി. ഹൈകോടതിയുടെ അനുമതിയോടെയാണ് തങ്ങൾ രേഖകൾ ആവശ്യപ്പെടുന്നതെന്നാണ് ഇ.ഡി വ്യക്തമാക്കിയത്. രേഖകൾ കൈമാറുന്നത് അന്വേഷണത്തിന്റെ രഹസ്യസ്വഭാവത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷൻ വാദത്തെ കോടതി പരിഗണിച്ചില്ല.

ശബരിമല സ്വർണക്കൊള്ളയിൽ ഇ.ഡി അന്വേഷിക്കേണ്ടതില്ലെന്ന നിലപാടായിരുന്നു സർക്കാരും ദേവസ്വം ബോർഡും എസ്.ഐ.ടിയും സ്വീകരിച്ചത്. എന്നാൽ, വിജിലൻസ് കോടതി ഇത് തള്ളി. റിപ്പോർട്ടുകൾ അടക്കം എല്ലാ രേഖകളും അടിയന്തരമായി ഇഡിയ്ക്ക് കൈമാറണമെന്നാണ് കൊല്ലം വിജിലൻസ് കോടതിയുടെ ഉത്തരവ്. ഹൈകോടതിയെ ആയിരുന്നു ഇഡി ആദ്യം സമീപിച്ചത്. എന്നാൽ, വിജിലൻസ് കോടതിയെ സമീപിക്കാൻ ഹൈകോടതി നിർദേശിക്കുകയായിരുന്നു.

അതേസമയം സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ ഹൈകോടതി തള്ളി. ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ. വാസു, മുരാരി ബാബു, കെ.എസ്. ബൈജു എന്നിവരുടെ ജാമ്യഹരജിയാണ് കോടതി തള്ളിയത്. ജസ്റ്റിസ് ബദറുദ്ദീൻ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം നിഷേധിച്ചത്. ഗൗരവതരമായ കേസിൽ ഇപ്പോൾ ജാമ്യം നൽകേണ്ട സാഹചര്യമില്ലെന്ന് കോടതി നിരീക്ഷിച്ചു. 

Tags:    
News Summary - Enforcement Directorate to Investigate Sabarimala Gold Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.