കോഴിക്കോട്: തൊഴിലുറപ്പ് ഓംബുഡ്സ്മാൻ നിയമനത്തിന് സർക്കാർ തയാറാക്കിയ പട്ടികയിൽ വൻ ക്രമക്കേടുകൾ നടന്നതായി വിവരം. സാധ്യതാ പട്ടികയിൽ ഉൾപ്പെട്ടവരുടെ സർട്ടിഫിക്കറ്റുകൾ മതിയായ പരിശോധന നടത്താതെയാണ് മാർക്ക് നൽകിയതെന്ന ഗുരുതര ക്രമക്കേടാണ് പുറത്തുവരുന്നത്. ബിരുദ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് 10 മാർക്ക് വെയിറ്റേജ് നൽകും. പി.ജിക്ക് ആറ് മാർക്കാണ് ലഭിക്കുക. ബിരുദ സർട്ടിഫിക്കറ്റിന് പകരം കോഴ്സ് സർട്ടിഫിക്കറ്റ് ഹാജരാക്കിയവർക്കും ഡിഗ്രിക്കുള്ള മാർക്ക് വെയ്റ്റേജ് നൽകിയതായാണ് ആരോപണം. പ്രവൃത്തിപരിചയത്തിനുള്ള അധിക മാർക്ക് നേടുന്നതിന് സ്വന്തമായി സന്നദ്ധ സംഘടനയുണ്ടാക്കുകയും ആ സംഘടനയിൽനിന്ന് അംഗീകാരം ലഭിച്ചതായുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കിയവരും ഉണ്ടെന്നാണ് വിവരം. കടലാസ് സംഘടനകളുടെ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയവരും പട്ടികയിലുണ്ട്.
റാങ്ക് പട്ടികയിൽ കടന്നുകൂടിയ ഒരാളുടെ ഇ-മെയിൽ ഐഡിയിൽനിന്നാണ് സംസ്ഥാന തൊഴിലുറപ്പ് മിഷൻ മറ്റുള്ളവർക്ക് മെയിലുകൾ അയക്കുകയും മറുപടി സ്വീകരിക്കുകയും ചെയ്തതെന്ന വിചിത്രവും ഗൗരവതരവുമായ ക്രമക്കേടും കണ്ടെത്തി. നിലവിലുള്ള ഓംബുഡ്സ്മാന്മാരുടെ പെർഫോമൻസ് അപ്രൈസൽ നടത്തുന്നതിനുള്ള പെർഫോമ അയച്ചുനൽകിയതുപോലും ഈ നിയുക്ത ഓംബുഡ്സ്മാന്റെ ഇ-മെയിൽ വിലാസത്തിൽനിന്നാണ്. നിയുക്ത ഓംബുഡ്സ്മാനും സംസ്ഥാന തൊഴിലുറപ്പ് മിഷനും വഴിവിട്ട് ഇടപെടുന്നുവെന്നാണ് ആരോപണം.
തൊഴിലുറപ്പ് ജില്ല ഓംബുഡ്സ്മാന്റെ ഉത്തരവുകൾ അവഗണിച്ച ഉദ്യോഗസ്ഥനെ ഓംബുഡ്സ്മാനായി അതേ ജില്ലയിൽതന്നെ പരിഗണിക്കുകയും ചെയ്തിട്ടുണ്ട്. വൻ തുകകൾ തൊഴിലുറപ്പ് ഫണ്ടിലേക്ക് തിരിച്ചടക്കുന്നതിൽനിന്നും ജീവനക്കാരെയും ജനപ്രതിനിധികളേയും രക്ഷിക്കാനുള്ള നീക്കമാണെന്ന വിമർശനവും ഉയർന്നു. അപ്പീൽ നടപടികളുടെ ചട്ടം മറികടന്ന്, ക്രമക്കേടുകളിൽനിന്ന് രക്ഷപ്പെടാൻ അവസരം ഉണ്ടാക്കിനൽകിയ ഉദ്യോഗസ്ഥനും ഓംബുഡ്സ്മാൻ നിയമന മുൻഗണന പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഉദ്യോഗാർഥികൾ തെളിവു സഹിതം നൽകിയ പരാതികൾ ഹിയറിങ് പോലും നടത്താതെ തള്ളിക്കളഞ്ഞ് പുതിയ സാധ്യതാ പട്ടികയുമായി സർക്കാർ മുന്നോട്ടു പോകുന്നതിനിടെയാണ് പുതിയ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.