അത്യാഹിത വിഭാഗത്തിലെ ഈ വാതിലിന്റെ ചില്ല് പൊട്ടിച്ചാണ് രോഗികളെ രക്ഷപ്പെടുത്തിയത്
കോഴിക്കോട്: ‘പുകനിറഞ്ഞ് ആളുകളെല്ലാം പരിഭ്രാന്തരായ അവസ്ഥ, ഐ.സി.യുവിൽ നിന്ന് സഹോദരിയുമായി പുറത്തിറങ്ങിയെങ്കിലും എമർജൻസി എക്സിറ്റ് കൂട്ടിക്കെട്ടിപൂട്ടിയിട്ടിരിക്കുകയായിരുന്നു. പ്രാണരക്ഷാർഥം ഒരുപാടുപേർ പിന്നിലും. പിന്നെ ഒന്നും നോക്കിയില്ല, പുറത്തേക്കുകണ്ട മറ്റൊരു വാതിൽ ചവിട്ടിപ്പൊളിച്ച് എല്ലാവരെയും പുറത്തെത്തിച്ചു’ മെഡിക്കൽ കോളജ് മോർച്ചറിക്കു മുന്നിൽ സഹോദരിയുടെ മൃതദേഹം വിട്ടുകിട്ടാൻ കാത്തിരിക്കുമ്പോൾ ചങ്കുപിടയുന്ന ദുരന്ത നിമിഷങ്ങൾ ഓർത്തെടുക്കുകയായിരുന്നു യൂസുഫലി.
സംഭവത്തിനിടെ മരിച്ച വയനാട് മേപ്പാടി സ്വദേശി നസീറയുടെ സഹോദരനാണ് യൂസുഫലി. പൊട്ടിത്തെറി ഉണ്ടായി പുക പരന്നതോടെ എന്ത് ചെയ്യണമെന്നറിയാതെ പരക്കം പായുകയായിരുന്നു എല്ലാവരും. ഏഴുരോഗികളാണ് ഐ.സി.യുവിലുണ്ടായിരുന്നത്. പുക മൂടിയത് കാരണം മെയിന്‍ ഡോര്‍ വഴി പുറത്തേക്ക് കടക്കുക പ്രയാസം. പിന്നിലുണ്ടായിരുന്ന മറ്റൊരു ഡോര്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. തൊട്ടടുത്ത കണ്ട മറ്റൊരു വാതിൽ ചവിട്ടിപ്പൊളിച്ചാണ് രോഗികളെ പുറത്തെത്തിച്ചത്.
ഓക്സിജൻ എടുത്ത് മാറ്റിയ ശേഷം 20 മിറ്റോളം ഡോർ തുറക്കാൻ കഴിയാതെ ആശുപത്രിക്കുള്ളിൽ കുടുങ്ങി. രോഗിയേയുമായി പുറത്തെത്തി 15 മിനിറ്റിന് ശേഷമാണ് ആംബുലന്‍സ് എത്തിയത്. മൊത്തം 35 മിനിറ്റ് കഴിഞ്ഞ ശേഷമാണ് നസീറയെ ആശുപത്രിയിലെ ഐ.സി യുവിലേക്ക് മാറ്റാനായത്. ശേഷം മരണവും സംഭവിച്ചു. ഭര്‍ത്താവിന്റെ മരണ ശേഷം മാനസിക നില തെറ്റിയാണ് നസീറ വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായത്.
മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടാഴ്ചയോളം വെന്റിലേറ്റര്‍ സപ്പോര്‍ട്ട് വേണമെന്നായിരുന്നു ഡോക്ടര്‍മാരുടെ അഭിപ്രായം. സാമ്പത്തിക ബാധ്യത താങ്ങാനാകാതെ കോഴിക്കോട് മെഡി.കോളജിലെത്തിയപ്പോൾ സഹോദരിയെ തന്നെ നഷ്ടപ്പെട്ട വേദനയിലാണ് കുടുംബം.
കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിലെ പുതിയ പി.എം.എസ്.എസ്.വൈ കെട്ടിടത്തിലുള്ള അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടിത്തത്തിൽ സമഗ്ര അന്വേഷണം അനിവാര്യമാണെന്ന് ഷാഫി പറമ്പിൽ എം.പി. അപകടത്തിന് പിന്നാലെ ആളുകൾ മരിക്കുകയും 200ലധികം രോഗികളെ ഒഴിപ്പിക്കുകയും ചെയ്യേണ്ടിവന്നത് ആശങ്കാജനകമായ വസ്തുതയാണ്.
അപകടത്തിന്റെ കാരണം സംബന്ധിച്ച് അടിയന്തര അന്വേഷണം നടത്തുകയും മരണകാരണം ശാസ്ത്രീയമായി പരിശോധിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട്: മെഡി. കോളജ് സൂപ്പർ സ്പെഷാലിറ്റി അത്യാഹിതവിഭാഗം അടച്ചിട്ട സാഹചര്യത്തിൽ മെഡിക്കൽ കോളജിലെ പഴയ കാഷ്വാലിറ്റി ഞായർ രാവിലെ മുതൽ തുറക്കും.
പുരുഷന്മാർക്കായി 20 ബെഡുകളും സ്ത്രീകൾക്കായി 16 ബെഡുകളുമാണ് നിലവിൽ സജ്ജമാക്കിയിട്ടുള്ളത്. ഹെൽപ് ഡെസ്ക്: 7356657221.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.