മണ്ണാര്‍ക്കാട്: തെങ്കര മെഴുകുംപാറയില്‍ പിടിയാനയെയും കുട്ടിയാനയെയും ചെരിഞ്ഞ നിലയില്‍ കണ്ടെത്തി. മണ്ണാര്‍ക്കാട് വനം ഡിവിഷനിലെ മണ്ണാര്‍ക്കാട് ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലെ മെഴുകുംപാറ മിച്ചഭൂമി ഉന്നതിക്കു സമീപം വനത്തോടു ചേര്‍ന്ന സ്വകാര്യവ്യക്തിയുടെ സ്ഥലത്തോടു ചേര്‍ന്നുള്ള ചോലക്കടുത്തായാണ് ജഡങ്ങള്‍ കണ്ടെത്തിയത്.
ചോലക്കു മുകളിലെ പാറക്കെട്ടുകളില്‍ കുടുങ്ങിയ നിലയിലായിരുന്നു. പാറക്കെട്ടിലെ ചളിയില്‍ കുടുങ്ങിയ കുട്ടിയാനയെ രക്ഷിക്കാനുള്ള ശ്രമത്തിലാകാം തള്ളയാനയും അപകടത്തില്‍പെട്ടതെന്നാണ് നിഗമനം. ജഡത്തിന് രണ്ടു ദിവസത്തെ പഴക്കമുള്ളതായാണ് കരുതുന്നത്. 16 വയസ്സ് തോന്നിക്കുന്ന പിടിയാനയും മൂന്നുമാസം പ്രായമുള്ള കുട്ടിയാനയുമാണ് ചെരിഞ്ഞിട്ടുള്ളത്. ചൊവ്വാഴ്ച രാവിലെ 11ന് ഉന്നതിയിലുള്ളവരാണ് സംഭവം കാണുന്നത്.
തുടര്‍ന്ന് വാര്‍ഡ് അംഗത്തെ വിവരമറിയിക്കുകയായിരുന്നു. ഇദ്ദേഹം വിവരം കൈമാറിയതുപ്രകാരം വനപാലകരെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചുവരുന്നു. മണ്ണാര്‍ക്കാട് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ സി. അബ്ദുൽ ലത്തീഫ്, മണ്ണാര്‍ക്കാട് റേഞ്ച് ഓഫിസര്‍ എന്‍. സുബൈര്‍, ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ സി.എം. മുഹമ്മദ് അഷ്‌റഫ്, വനംവകുപ്പ് ജീവനക്കാര്‍, ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ. ഡേവിഡ് എബ്രഹാം, പാലക്കാട് വനംവകുപ്പ് ഫ്ലയിങ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ എന്നിവരും സ്ഥലം സന്ദര്‍ശിച്ചു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ നാളെ നടക്കുമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.