കാറുകൾ കണ്ടാൽ പാഞ്ഞടുക്കും; മുറിഞ്ഞ വാലുള്ള 'കാപാലി'യുടെ വിളയാട്ടം തുടരുന്നു

അതിരപ്പിള്ളി: ആനമല അന്തർ സംസ്ഥാന പാതയിൽ അമ്പലപ്പാറ നെല്ലിക്കുന്ന് വളവിൽ കാപാലിയുടെ വിളയാട്ടം തുടരുന്നു. രണ്ടാഴ്ചയിലേറെയായി റോഡിന് സമീപത്തെ വനത്തിൽ സഞ്ചാരികളെ ഭയപ്പെടുത്തിയും ആഹ്ലാദിപ്പിച്ചും കാപാലിയെന്ന വട്ട പേരിൽ അറിയപ്പെടുന്ന കാട്ടാനയുണ്ട്​. മുറിഞ്ഞ വാലാണ് ഇവന്‍റെ അടയാളം.

കാറുകൾ കണ്ടാൽ വിറളിയെടുത്ത് പാഞ്ഞടുക്കുകയും ബസുകൾ തടഞ്ഞുവയ്ക്കുകയും ചെയ്യുകയാണ് ഇവന്‍റെ ഹോബി. ഇരുചക്ര വാഹനങ്ങളെ കണ്ടാൽ കലികയറി കുത്താനോടിക്കും.

യാത്രക്കാർ വാഹനങ്ങളിൽ ഇരുന്ന് ഫോട്ടോയെടുക്കുന്ന സാഹസം കാട്ടുന്നുണ്ടു. എന്നാൽ ഈ ഒറ്റയാൻ യഥാർഥത്തിൽ യാത്രക്കാർക്കു പേടിസ്വപ്നമായി മാറുകയാണ്. കോവിഡ് കാലത്തിന് മുൻപ് രാത്രി കാലങ്ങളിലായിരുന്നു ഇവന്‍റെ വിളയാട്ടമെങ്കിൽ ഇപ്പോൾ പകൽസമയത്തും സജീവം.

നെല്ലിക്കുന്നു വളവിൽ റോഡിനോടു ചേർന്നു വനത്തിൽ പതുങ്ങി നിൽക്കുകയും വാഹനങ്ങളെത്തുമ്പോൾ ഞൊടിയിടയിൽ പാഞ്ഞെടുക്കുകയുമാണ് കാപാലിയുടെ വികൃതി. ഇരുചക്ര വാഹനങ്ങളിലെത്തുന്നവർ പിന്തിരിഞ്ഞു രക്ഷപ്പെടാൻ ശ്രമിച്ചാൽ മീറ്ററുകളോളം പിന്നാലെയോടിക്കും.

രണ്ടാഴ്ചയിലേറെയായി ഈ ഭാഗത്തു തന്നെ പതിവായി താവളമുറപ്പിച്ച മട്ടാണ്. ആക്രമണ സ്വഭാവമാണ് ഇവന്‍റെ പ്രത്യേകതയെന്നു വനം വകുപ്പും പറയുന്നു. ആനക്കയം മുതൽ ഷോളയാർ വരെയുള്ള ഭാഗത്തു റോഡിലൂടെയാണു സ്ഥിരമായി സഞ്ചാരം.

പനമ്പട്ട കഴിക്കാനാണു ഇവിടെയെത്തുന്നത്. കുന്നിൻ മുകളിൽ പോലും വലിഞ്ഞുകയറി പന കുത്തിമറിക്കും. കഴിഞ്ഞ വർഷം വിനോദ സഞ്ചാരികളുടെ വാഹനത്തിന്‍റെ മുൻഭാഗത്ത് അൽപനേരം തലചേർത്തു വച്ച ശേഷം പിന്തിരിഞ്ഞു പോകുന്നതിന്‍റെ വീഡിയോ ചർച്ചയായിരുന്നു.

കഴിഞ്ഞ ആഴ്ച മലക്കപ്പാറയിലേക്കുള്ള കെ.എസ്‌.ആർ.ടി.സി ബസ് അരമണിക്കൂറോളം തടഞ്ഞു നിർത്തിയിരുന്നു. ഇവനെ കണ്ടാൽ ഹോണടിക്കുന്നതും ഫ്ലാഷ് തെളിയിക്കുന്നതും കൂടുതൽ കുഴപ്പത്തിന് കാരണമാവുകയേയുള്ളു. നീട്ടി ഹോണടിച്ചാൽ മതിയെന്ന ധാരണ തെറ്റാണെന്നു വനം വകുപ്പ് പറയുന്നു.

ഹോൺ അടിക്കുന്നതും ക്യാമറയുടെ ഫ്ലാഷ് മിന്നിക്കുന്നതുമൊക്കെ ആനയെ പ്രകോപിപ്പിച്ചേക്കാം. അപ്രതീക്ഷിതമായി കാട്ടാനയുടെ മുന്നിൽപ്പെട്ടാൽ റോഡിൽ ആനയെ കണ്ടാൽ വാഹനം വല്ലാതെ അടുത്തേക്കു കൊണ്ടുപോകാൻ ശ്രമിക്കരുതെന്നാണ് നിർദ്ദേശം. ആനകളെ കണ്ടാൽ സഞ്ചാരപഥം തടയാത്ത വിധം നിശ്ചിത അകലത്തിൽ വാഹനം നിർത്തണം. ആനകൾ കൂട്ടത്തോടെയാണു പോകുന്നതെങ്കിൽ കുട്ടിയാനകൾ വാഹനങ്ങളുടെ അരികിലേക്ക് ഓടിയടുക്കാൻ ശ്രമിച്ചേക്കാം . ഇതോടെ മുതിർന്ന ആനകൾ പ്രകോപിതരായി വാഹനങ്ങൾ ആക്രമിക്കാൻ സാധ്യതയുണ്ട് എന്നതാണ് കാരണം. 

Tags:    
News Summary - Elephant on the roadside

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.