തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ, കെ.എസ്.ഇ.ബി സിവിൽ എൻജിനീയറിങ് വിഭാഗത്തിന്റെ തലപ്പത്ത് അഴിച്ചുപണി. 2030 ഓടെ 10,000 മെഗാവാട്ട് വൈദ്യുതി ഉൽപാദനം സാധ്യമാക്കാനുദ്ദേശിച്ചാണ് ജലവൈദ്യുതി പദ്ധതികൾ, പമ്പ്ഡ് സ്റ്റോറേജുകൾ എന്നിവടയടക്കം വേഗത്തിലാക്കും വിധമുള്ള പുനഃസംഘടന. തസ്തികകളുടെ പേരും പുതിയ ചുമതലകളും നിശ്ചയിച്ചുള്ള നിർദേശത്തിന് കെ.എസ്.ഇ.ബി ഡയറക്ടർ ബോർഡ് അനുമതി നൽകി.
10 വർഷത്തിനിടെ, കെ.എസ്.ഇ.ബിക്ക് ഗ്രിഡിലേക്ക് കൂട്ടിച്ചേർക്കാനായത് 112 മെഗാവാട്ട് മാത്രമാണെന്ന് ഡയറക്ടർ ബോർഡ് വിലയിരുത്തി. മൂന്ന് പതിറ്റാണ്ടിനിടെ, മേജർ വിഭാഗത്തിൽപെടുത്താവുന്ന ഒരു പദ്ധതിപോലും പൂർത്തിയാക്കാനുമില്ല. ഇങ്ങനെ തുടർന്നാൽ പ്രതിസന്ധി രൂക്ഷമാവുമെന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് ആഭ്യന്തര വൈദ്യുതോൽപാദനത്തിന് വേഗം കൂട്ടുന്ന പ്രധാന പരിഷ്കാരത്തിനുള്ള പച്ചക്കൊടി.
ചീഫ് എൻജിനീയർ സിവിൽ ഇൻവെസ്റ്റിഗേഷൻ ആന്‍ഡ് കൺസ്ട്രക്ഷൻ സെൻട്രൽ എന്ന പദവി ചീഫ് എൻജിനീയർ (പ്രൊജ്ക്ട് ആൻഡ് പ്ലാനിങ്) എന്നാക്കി. പദ്ധതികൾക്കുള്ള അന്വേഷണം, ഭൂമി കണ്ടെത്തൽ, വനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ തുടങ്ങിയവയാണ് ചുമതല. ചീഫ് എൻജിനീയർ കൺസ്ട്രക്ഷൻ സൗത്ത് തസ്തിക ചീഫ് എൻജിനീയർ (പ്രോജക്ട്സ്) എന്നാക്കി. സിവിൽ എൻജിനീയർ കൺസ്ട്രക്ഷൻ നോർത്ത് തസ്തിക ചീഫ് എൻജിനീയർ (ബിൽഡിങ്സ്) എന്ന് നാമകരണം ചെയ്തു.
ചീഫ് എൻജിനീയർ സിവിൽ ഡാം സേഫ്റ്റി എന്ന തസ്തിക ചീഫ് എൻജിനീയർ ഡാം ആൻഡ് സേഫ്റ്റി എന്നാക്കി. കെ.എസ്.ഇ.ബി ജനറേഷൻ സിവിൽ വിഭാഗങ്ങളുടെ ചുമതലയുള്ള ഡയറക്ടറോട് നാല് ചീഫ് എൻജിനീയർമാരുടെയും പ്രവർത്തനം വിലയിരുത്താനും നിർദേശിച്ചിട്ടുണ്ട്.
മുടങ്ങിക്കിടക്കുന്ന പദ്ധതികൾ പുനരാരംഭിക്കൽ, പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾ ആരംഭിക്കൽ, ചെറുകിട ജലവൈദ്യുതി പദ്ധതികളുടെ വിശദാംശങ്ങൾ സമർപ്പിച്ച് റെഗുലേറ്ററി കമീഷനിൽ നിന്ന് അനുമതി വാങ്ങൽ എന്നിവ വേഗത്തിലാക്കാനും ഡയറക്ടർ ബോർഡ് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.