ദരിദ്ര കുടുംബത്തിന് 17,044 രൂപയുടെ ബില്ല്: വാർത്തയായതോടെ വൈദ്യുതി കണക്ഷൻ പുനസ്ഥാപിച്ചു

തിരുവല്ല: രണ്ട് മുറി വീട് മാത്രമുള്ള ദരിദ്ര കുടുംബത്തിന് 17,044 രൂപയുടെ ബില്ല് നൽകിയതിന് പിന്നാലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച കെ.എസ്.ഇ.ബി, വിഷയം വാർത്തയായതോടെ കണക്ഷൻ പുനസ്ഥാപിച്ചു നൽകി. പെരിങ്ങര പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ ആലഞ്ചേരിൽ വീട്ടിൽ വിജയന്റെ വീട്ടിലെ വൈദ്യുതി കണക്ഷനാണ് ബുധനാഴ്ച രാവിലെ 11 മണിയോടെ കെഎസ്ഇബി മണിപ്പുഴ സെക്ഷനിൽ നിന്നുള്ള ഉദ്യോഗസ്ഥരെത്തി പുനസ്ഥാപിച്ച് നൽകിയത്.

‘മാധ്യമം ഓൺലൈൻ’ ആണ് ഈ വാർത്ത ആദ്യമായി ജനങ്ങളിൽ എത്തിച്ചത്. തുടർന്ന് മറ്റ് മാധ്യമങ്ങളും ഏറ്റെടുക്കുകയായിരുന്നു. പ്രതിമാസം 500 രൂപയിൽ താഴെ മാത്രം ബില്ല് ലഭിച്ചിരുന്ന കൂലിപ്പണിക്കാരനായ വിജയന് രണ്ടാഴ്ച മുമ്പാണ് 17,,044 രൂപയുടെ ബില്ല് മൊബൈൽ മുഖേന ലഭിക്കുന്നത്. ഇതേ തുടർന്ന് വിജയൻ കാവുംഭാഗത്തെ ഇലക്ട്രിക്കൽ സെക്ഷൻ ഓഫിസിൽ പരാതി നൽകി.

അംഗീകൃത ഇലക്ട്രീഷ്യനെ കൊണ്ട് വീട്ടിലെ വയറിങ് പരിശോധിപ്പിച്ച് മീറ്ററിന്റെ ഫോട്ടോയും എടുത്തു നൽകാൻ കെഎസ്ഇബി ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. വീട് പരിശോധിച്ച ഇലക്ട്രീഷ്യൻ വയറിങ് തകരാറുകൾ ഇല്ലെന്ന് അറിയിച്ചു. തുടർന്ന് മീറ്ററിന്റെ ഫോട്ടോയെടുത്ത് വിജയൻ വീണ്ടും കെഎസ്ഇബി ഓഫിസിൽ എത്തി. രണ്ട് ദിവസങ്ങൾക്കകം കെഎസ്ഇബി ഉദ്യോഗസ്ഥർ എത്തി വിജയന്റെ വീട്ടിൽ സ്ഥാപിച്ചിരുന്ന മീറ്റർ കൂടാതെ മറ്റൊരു മീറ്റർ കൂടി ബോർഡിൽ സ്ഥാപിച്ചു.

രണ്ട് ദിവസത്തിന് ശേഷം വീണ്ടും എത്തിയ ഉദ്യോഗസ്ഥർ പഴയ മീറ്ററിന് തകരാറില്ല എന്ന് അറിയിച്ച ശേഷം പുതുതായി സ്ഥാപിച്ച മീറ്റർ തിരികെ കൊണ്ടുപോയി. ഇതിന് പിന്നാലെയാണ് ചൊവ്വാഴ്ച രാവിലെ 9 മണിയോടെ രണ്ട് ലൈൻമാൻമാർ എത്തി വീട്ടിലേക്കുള്ള വൈദ്യുത ബന്ധം വിച്ഛേദിച്ചത്.

ഭാര്യയും വിദ്യാർത്ഥികളായ രണ്ടു മക്കളും 80 വയസ്സുള്ള ഹൃദ്രോഗിയായ മാതാവും വീട്ടിൽ ഉണ്ടെന്നും തന്റേതല്ലാത്ത കാരണത്താൽ ലഭിച്ച അമിത ബില്ലിന്റെ പേരിൽ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കരുതെന്നും കണക്ഷൻ വിച്ഛേദിക്കാൻ എത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥരോട് വിജയൻ അപേക്ഷിച്ചിരുന്നു. എന്നാൽ ഇത് ചെവി കൊള്ളാതെ ലൈൻമാൻ കണക്ഷൻ വിച്ഛേദിക്കുകയായിരുന്നു. വിവാദമായതോടെ ഇന്ന് രാവിലെയാണ് കണക്ഷൻ പുനസ്ഥാപിച്ചത്.

വിജയന്റെ വീട്ടിലെ വൈദ്യുത കണക്ഷൻ സംബന്ധിച്ച മഹസർ റിപ്പോർട്ട് തയ്യാറാക്കി വൈദ്യുതി വകുപ്പിന് നൽകുമെന്നും അമിതമായി വന്ന ബിൽ തുക റദ്ദാക്കാൻ നടപടി സ്വീകരിക്കുമെന്നും കെഎസ്ഇബി ഉദ്യോഗസ്ഥർ പറഞ്ഞു.

Tags:    
News Summary - Electricity connection restored after RS 17044 bill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.