വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ തീവ്രശ്രമവുമായി ബോര്‍ഡ്

തൊടുപുഴ: സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ജലനിരപ്പ് ക്രമാതീതമായി താഴവെ വൈദ്യുതി മേഖലയിലെ പ്രതിസന്ധി മറികടക്കാന്‍ തീവ്രശ്രമങ്ങളുമായി വൈദ്യുതി ബോര്‍ഡ്. സര്‍ക്കാറിന്‍െറ നിര്‍ദേശപ്രകാരം ലോഡ്ഷെഡിങ്ങും പവര്‍കട്ടും നിരക്കുവര്‍ധനയും ഒഴിവാക്കി പ്രതിസന്ധി അതിജീവിക്കാന്‍ ബഹുമുഖ തന്ത്രങ്ങളാണ് ബോര്‍ഡ് ആവിഷ്കരിക്കുന്നത്.

വരള്‍ച്ച മുന്നില്‍ കണ്ടുള്ള നടപടികള്‍ സെപ്റ്റംബര്‍ അവസാനം തന്നെ തുടങ്ങിയിരുന്നു എന്നാണ് ബോര്‍ഡ് അധികൃതര്‍ പറയുന്നത്.
നിലവില്‍ പുറത്തുനിന്നുള്ള വൈദ്യുതിക്ക് നിരക്ക് കുറവാണ്. മൊത്തം ആവശ്യമായ 58 ദശലക്ഷം യൂനിറ്റ് വൈദ്യുതിയില്‍ 53 ദശലക്ഷത്തിലധികവും പുറത്തുനിന്ന് വാങ്ങുകയാണ്. അണക്കെട്ടുകളിലുള്ള ജലം പരമാവധി വേനല്‍ക്കാലത്തെ വൈദ്യുതി ഉല്‍പാദനത്തിനായി സംഭരിക്കുന്നതിന്‍െറ ഭാഗമാണിത്. നിലവിലെ സാഹചര്യത്തില്‍ പ്രതിദിനം മൂന്ന് ദശലക്ഷം യൂനിറ്റുവരെ ഉല്‍പാദിപ്പിക്കാമെങ്കിലും മൂലമറ്റത്ത് ഉല്‍പാദനം 1.402 ദശലക്ഷം യൂനിറ്റായി കുറച്ചു.

സംസ്ഥാനത്ത് മൊത്തം ഉല്‍പാദിപ്പിക്കുന്നത് 4.233 ദശലക്ഷം യൂനിറ്റാണ്. പല അണക്കെട്ടുകളിലേക്കും നീരൊഴുക്ക് നിലക്കുകയാണ്. കഴിഞ്ഞവര്‍ഷം ഇതേ സമയം 7230 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളം സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇപ്പോഴുള്ളത് 4100 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളമാണ്. 2013 ജൂണ്‍ ഒന്ന് മുതല്‍ 2014 ജനുവരി 15വരെ സംസ്ഥാനത്തെ അണക്കെട്ടുകളില്‍ 3531 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം ഒഴുകിയത്തെിയിരുന്നെങ്കില്‍ കഴിഞ്ഞ ജൂണ്‍ ഒന്ന് മുതല്‍ ഈ മാസം 15വരെ ഒഴുകിയത്തെിയത് 3185 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ്. എന്നാല്‍, അന്നത്തെക്കാള്‍ കരുതല്‍ ജലം ഇപ്പോള്‍ അണക്കെട്ടുകളില്‍ ശേഖരിച്ചിട്ടുണ്ട്.

വേനല്‍ രൂക്ഷമാകാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് അണക്കെട്ടുകളില്‍ കരുതല്‍ ജലം സംഭരിക്കാനുള്ള നടപടി ബോര്‍ഡ് ഒക്ടോബറിന്‍െറ തുടക്കത്തിലേ ആരംഭിച്ചിരുന്നു. ഇടുക്കി അണക്കെട്ടില്‍ സംഭരണശേഷിയുടെ 36.74 ശതമാനം വെള്ളമേ ഇപ്പോഴുള്ളൂ. 2339.04 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്.

സംസ്ഥാനത്തെ പ്രധാനപ്പെട്ട 16 അണക്കെട്ടുകളിലും കൂടി 45 ശതമാനം വെള്ളമേ ഇപ്പോഴുള്ളൂ. ഇതിന്‍െറ അടിസ്ഥാനത്തിലും ഈ വര്‍ഷം കാലവര്‍ഷം കഴിഞ്ഞ തവണത്തെക്കാള്‍ ശക്തമാകുമെന്ന പ്രതീക്ഷയിലാണ് ബോര്‍ഡിന്‍െറ നീക്കം. പടിഞ്ഞാറന്‍ മേഖലയില്‍നിന്ന് തെക്കന്‍ മേഖലയിലേക്കുള്ള രണ്ടു ലൈനുകളുടെ പണി മാര്‍ച്ച് ഒന്നോടെ പൂര്‍ത്തിയാകുമെന്നും ബോര്‍ഡ് പ്രതീക്ഷിക്കുന്നു. അങ്ങനെയായാല്‍ കായംകുളത്തുനിന്ന് കൂടിയ നിരക്കില്‍ വൈദ്യുതി വാങ്ങേണ്ടിവരില്ല.

ഇതുവഴി നിരക്കുവര്‍ധനയും പവര്‍കട്ടും ഒഴിവാക്കാമെന്നാണ് കണക്കുകൂട്ടലെന്നും ബോര്‍ഡിലെ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ (ഗ്രിഡ്) എസ്.ആര്‍. ആനന്ദ് ‘മാധ്യമ’ത്തോട് പറഞ്ഞു.

Tags:    
News Summary - electricity board try to overcome crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.