വയോജന പരിചരണ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ആരംഭിക്കും -മുഖ്യമന്ത്രി
തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷം മുതല്‍ മുതിര്‍ന്ന പൗരന്മാരെ പരിചരിക്കുന്നവര്‍ക്കായുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ സംസ്ഥാനത്ത് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്. വയോജന പരിചരണം മെച്ചപ്പെട്ടതും ശാസ്ത്രീയവുമാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ 2026- 27 ബജറ്റില്‍ പ്രഖ്യാപിച്ച പ്രധാന വികസന പദ്ധതികള്‍ നടപ്പാക്കാനുള്ള രൂപരേഖ തയാറാക്കാനായുള്ള ‘റീ ഇമേജിനിങ് കേരളം’ റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സില്‍ ‘കേരളം സില്‍വര്‍ ഇക്കോണമി’ സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയോജന പരിചരണ കോഴ്സുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി യു.കെ, ജര്‍മനി, ആസ്ട്രേലിയ എന്നിവിടങ്ങളിലെ പാഠ്യപദ്ധതികള്‍ കേരളത്തിന്റെ സാഹചര്യത്തിനനുസരിച്ച് സംയോജിപ്പിക്കും.
മതിയായ സൗകര്യങ്ങളുള്ള മെഡിക്കല്‍ കോളജുകള്‍ക്കും നഴ്സിങ് കോളജുകള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും ആറ് മാസത്തെ കോഴ്സും ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പും അടങ്ങുന്ന ഈ സര്‍ട്ടിഫിക്കറ്റ് കോഴ്സ് തുടങ്ങാവുന്നതാണ്. ഇത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി നിലവില്‍ രോഗീപരിചരണ മേഖലയില്‍ പ്രവര്ത്തിക്കുന്നവര്ക്കുപുറമേ കൂടുതല്‍ പേര്‍ക്ക് പരിശീലനം നല്‍കുകയും തദ്ദേശ സ്ഥാപനങ്ങളിലെ പാലിയേറ്റീവ് കെയര്‍ സംവിധാനം മെച്ചപ്പെടുത്തുകയും ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രി ബിന്ദു കൃഷ്ണ, മുഖ്യമന്ത്രിയുടെ സെക്രട്ടറിയും വയോജന ക്ഷേമ വകുപ്പ് സെക്രട്ടറിയുമായ ഡോ. രത്തന്‍ യു. ഖേല്‍ക്കർ എന്നിവർ പങ്കെടുത്തു. സാമൂഹിക വികസനവും മാനവ വിഭവശേഷിയും എന്ന വിഷയത്തിലുള്ള സെഷന് വയോജന ക്ഷേമ വകുപ്പാണ് സംഘടിപ്പിച്ചത്.
മുതിര്‍ന്ന പൗരന്മാര്ക്ക് അന്തസ്സോടെയും സന്തോഷത്തോടെയും ജീവിക്കാന്‍ കഴിയുന്ന കേരളം കെട്ടിപ്പടുക്കല്‍ എന്ന വിഷയത്തില്‍ നടന്ന മറ്റൊരു സെഷനില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ജി. വിജയരാഘവന് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.