അബ്കാരി കേസിൽ അറസ്റ്റിലായ ആന്റോ അഗസ്റ്റിൻ
ആന്റോ അഗസ്റ്റിൻ: ആദ്യം മരത്തിൽനിന്നു ‘വീണു’, ഇപ്പോൾ മദ്യത്തിലും
കൽപറ്റ: വയനാട് സ്വദേശികളായ ആന്റോ അഗസ്റ്റിനും സഹോദരങ്ങളും പണ്ടുതൊട്ടേ വിവാദനായകരാണ്. മുട്ടിൽ വാഴവറ്റയിലെ സാധാരണ കർഷകകുടുബത്തിലുള്ളവരാണ് അഗസ്റ്റിൻ സഹോദരങ്ങളായ റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവർ.
വർഷങ്ങൾക്കുമുമ്പേ കാക്കവയലിൽ ട്രാക്ടർ, ലോറി വാഹനങ്ങളുടെ വിൽപന നടത്തുന്ന ഏജൻസി നടത്തിയിരുന്നു. അന്നേ പലവിധ ആരോപണങ്ങൾ നേരിട്ടു. തുടർന്ന് കൊച്ചിയിലേക്ക് കളംമാറ്റം. പിന്നീട് ആപ്പിൾ ഫോണിനെ വെല്ലുന്നുവെന്ന അവകാശവാദത്തിൽ ‘മാംഗോ’ എന്ന പേരിൽ ഫോൺ ഇറക്കുന്നുവെന്ന് പറഞ്ഞാണ് രംഗത്തെത്തിയത്.
2016ലാണ് ഇവർ ‘മാംഗോ’ സ്മാർട്ട്ഫോൺ കമ്പനി പ്രഖ്യാപിച്ചത്. മാധ്യമങ്ങൾക്ക് വൻപരസ്യങ്ങൾ നൽകി ഫോൺ ലോഞ്ചിങ് പരിപാടിവരെ നടത്തിയിട്ടും മാംഗോ ഫോൺ മാത്രം ആരും ഇതുവരെ കണ്ടതേയില്ല.
ലോഞ്ചിങ് വേദിയിൽ ഉടമകൾ തട്ടിപ്പുകേസിൽ അറസ്റ്റുചെയ്യപ്പെടുകയും ചെയ്തു. പിന്നീട് ഏറെകാലം ഇവരെപറ്റി അറിവുണ്ടായിരുന്നില്ല. 2020ൽ മുട്ടിൽ മരം മുറിയുമായാണ് വീണ്ടുമെത്തുന്നത്. പട്ടയം ലഭിച്ച ഭൂമിയിലെ ചന്ദനമൊഴികെയുള്ള മരങ്ങൾ മുറിക്കാൻ 2020 ഒക്ടോബറിൽ ഉപാധികളോടെ റവന്യൂ വകുപ്പ് ഉത്തരവിറക്കിയതിന്റെ മറവിലായിരുന്നു മുട്ടിൽ സൗത്ത് വില്ലേജ് പരിധിയിൽ വ്യാപക മരംകൊള്ള നടത്തിയത്. ഇവർ മൂവരുമാണ് പ്രതികൾ.
കടത്തിയ 15 കോടിയോളം രൂപ വിലമതിക്കുന്ന തടികൾ ഇപ്പോൾ വനം വകുപ്പിന്‍റെ കുപ്പാടി ഡിപ്പോയിലാണുള്ളത്. ഈകേസിലും ഇവർ അറസ്റ്റുചെയ്യപ്പെട്ടു. കേസിൽ വിചാരണ നടപടി തടയണമെന്ന് ആവശ്യപ്പെട്ട് ഒന്നാം പ്രതി റോജി നൽകിയ ഹരജി ഹൈകോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. വിചാരണ ആറുമാസത്തിനകം പൂർത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടു. ഇതടക്കമുള്ള ആരോപണങ്ങൾക്ക് നടുവിൽ നിൽക്കുമ്പോഴാണ് റിപ്പോർട്ടർ ചാനൽ ഏറ്റടുത്ത് ചാനൽ ഉടമകൾ ആകുന്നത്.
മലബാർ ടിമ്പർ ഇൻഡസ്ട്രീസ് ഉടമയെ 1.4 കോടി രൂപക്ക് വഞ്ചിച്ചുവെന്ന കേസ് ചോറ്റാനിക്കര കോടതിയിൽ നടക്കുന്നുണ്ട്. വ്യാജരേഖ ചമച്ച് ബാങ്ക് ലോൺ തരപ്പെടുത്തൽ, വഞ്ചന തുടങ്ങിയ നിരവധി കേസുകൾ വേറെയുമുണ്ട്.
അതിനിടെയാണ് മെസ്സി കേസുമായി ബന്ധപ്പെട്ട എസ്.ഐ.ടി അന്വേഷണത്തിന്റെ ഭാഗമായി വാഴവറ്റയിലെ കുടുംബവീട്ടിൽ റെയ്ഡ് നടത്തുന്നതും, വൻമദ്യശേഖരം കണ്ടെത്തുന്നതും ആന്റോ അഗസ്റ്റിൻ എക്സൈസ് കേസിൽ അറസ്റ്റിലാകുന്നതും.
20 മണിക്കൂർ റെയ്ഡ്; രേഖകൾ പിടിച്ചെടുത്തു
കൊച്ചി: മെസ്സിയുടെ സന്ദർശന തട്ടിപ്പുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനൽ ആസ്ഥാനത്ത് നടന്നത് 20 മണിക്കൂറിലേറെ നീണ്ട പരിശോധന. ബുധനാഴ്ച പുലർച്ചെ ആറുമണിയോടെ ആരംഭിച്ച റെയ്ഡ് വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയാണ് അവസാനിച്ചത്. തൃക്കാക്കര എ.സി.പി ബിജോയ് ചന്ദ്രന്‍റെ നേതൃത്വത്തിലാണ് പരിശോധന ആരംഭിച്ചത്.
സുപ്രധാന രേഖകൾ റിപ്പോർട്ടർ ഓഫിസിൽനിന്ന് കണ്ടെടുത്തതായാണ് വിവരം. കലൂർ സ്റ്റേഡിയവുമായി ബന്ധപ്പെട്ട ഫയലുകളുൾപ്പെടെ ഇക്കൂട്ടത്തിലുണ്ട്. 6,300 ഡോളർ, വിദേശ ലാപ്ടോപ്, മെമ്മറി കാർഡ്, ബാങ്ക് ഇടപാട് വിവരങ്ങൾ, ഐപാഡ്, മൊബൈൽ ഫോൺ തുടങ്ങിയവയാണ് പിടികൂടിയത്. പല ഇനങ്ങളുടെ കൂട്ടത്തിൽ 64 ജി.ബിയുള്ള മെമ്മറി കാർഡുകൾ കണ്ടെടുത്തെന്നും ഇത് തുറക്കാൻ സാധിക്കാത്തതിനാൽ പിടിച്ചെടുക്കുകയായിരുന്നുവെന്നും ബിജോയ് ചന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. പിടിച്ചെടുത്ത രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും പരിശോധനക്ക് വിധേയമാക്കും. ഫെമ ചട്ടലംഘനമായതിനാൽ ഇ.ഡിയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നടപടി നിയമാനുസൃതം -മന്ത്രി ലിജു
തിരുവനന്തപുരം: റിപ്പോർട്ടർ ടിവി എം.ഡി ആന്‍റോ അഗസ്റ്റിന്‍റെ അറസ്റ്റിനെ ന്യായീകരിച്ച് എക്സൈസ് മന്ത്രി എം. ലിജു. അനധികൃതമായി മദ്യം സൂക്ഷിച്ചതിന് നിയമാനുസൃത നടപടികളാണ് സ്വീകരിച്ചത്. നിയമം നിയമത്തിന്‍റെ വഴിക്ക് പോകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കുറ്റകൃത്യമായ കാര്യങ്ങളുണ്ടായതിനാലാണ് എക്സൈസ് നടപടി ഉണ്ടായത്. മാധ്യമസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന ഒന്നും അതിലുണ്ടായിട്ടില്ല. സർക്കാറിന് ആരോടും വ്യക്തിവൈരാഗ്യമില്ല -മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
റിപ്പോര്‍ട്ടര്‍ ടി.വി അടച്ചുപൂട്ടണം -സാബു എം. ജേക്കബ്
കിഴക്കമ്പലം: കേന്ദ്ര സര്‍ക്കാറിന്റെ സുരക്ഷാ അനുമതിയോ സംപ്രേക്ഷണ ലൈസന്‍സോ ഇല്ലാതെ അനധികൃതമായാണ് റിപ്പോര്‍ട്ടര്‍ ടി.വി പ്രവർത്തിക്കുന്നതെന്നും ഉടന്‍ അടച്ചുപൂട്ടണമെന്നും ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ്. എല്ലാ നിയമങ്ങളും ലംഘിച്ച് തട്ടിപ്പ് നടത്തുന്ന അഗസ്റ്റിന്‍ സഹോദരന്മാര്‍ ബിനാമി പ്രവര്‍ത്തനങ്ങള്‍ക്കും തട്ടിപ്പുകള്‍ക്കും മറയാക്കാനാണ് ചാനല്‍ നിയന്ത്രണം കൈയാളുന്നതെന്നും അദ്ദേഹം ആരോപിച്ചു.
‘റിപ്പോർട്ടർ’ ഉടമയുടേത് മാധ്യമപ്രവർത്തനമല്ല, റെയ്ഡ് ഗുരുതര കുറ്റകൃത്യത്തിന്’- മുഖ്യമന്ത്രി
തിരുവനന്തപുരം: റിപ്പോർട്ടർ ടി.വി ഉടമയുടേത് മാധ്യമ പ്രവർത്തനമല്ലെന്നും ഒട്ടേറെ വഞ്ചന കേസിലും ജി.എസ്.ടി തട്ടിപ്പ് കേസിലും ഉൾപ്പെട്ടയാളാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. ‘ഇന്ത്യാ ടുഡേ’ സംഘടിപ്പിച്ച റൗണ്ട് ടേബിളിൽ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഗുരുതര തട്ടിപ്പ് കേസിൽ റിപ്പോർട്ടർ ഉടമക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിനെതിരായ പരാതികൾ എസ്.ഐ.ടി അന്വേഷിക്കുകയാണ്. കോടതിയിൽ നിന്നുള്ള വാറണ്ട് പ്രകാരമാണ് ഓഫിസ് റെയ്ഡ് ചെയ്തത്. പൊലീസ് വളരെ ശാന്തമായാണ് കാര്യങ്ങൾ ചെയ്തത്. പ്രതിപക്ഷത്തിന്‍റേതല്ലാത്ത എല്ലാ മാധ്യമസ്ഥാപനങ്ങളും നടപടിയെ ശരിവെക്കുകയും ചെയ്യുന്നു.
ഇത് ഗുരുതര കുറ്റവുമായി ബന്ധപ്പെട്ട റെയ്ഡാണ്. ഏതെങ്കിലും വാർത്തയുടെ പേരിലല്ല നടപടി. ഉടമയുടെ വീട് റെയ്ഡ് ചെയ്തപ്പോൾ 137 കുപ്പി മദ്യം പിടികൂടിയതിനെ തുടർന്ന് അബ്കാരി നിയമം ലംഘിച്ചതിനാണ് അറസ്റ്റ്. അദ്ദേഹത്തിന്‍റെ മാധ്യമസ്ഥാപനത്തിൽനിന്ന് വിദേശ കറൻസികൾ പിടിച്ചെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതികാര നടപടിയാണ് റെയ്ഡെന്ന ആക്ഷേപങ്ങൾ മുഖ്യമന്ത്രി തള്ളി. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറയുന്നത് ഇത് റെയ്ഡ് രാജാണെന്നാണ്. അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോൾ എത്ര റെയ്ഡുകൾ നടന്നെന്നും വി.ഡി. സതീശൻ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.