വിവാദങ്ങളുടെ ഈണമീട്ടി തച്ചങ്കരിയുടെ റയാൻ സ്റ്റുഡിയോ; ആലപ്പുഴ കസ്റ്റഡി പീഡനം മുതൽ അനുമതിയില്ലാതെ വിദേശയാത്ര വരെ
കോട്ടയം: സീനിയോറിറ്റിയിൽ ഏറ്റവും മുന്നിലായിരുന്നിട്ടും സംസ്ഥാന പൊലീസ് മേധാവിയുടെ കസേര ടോമിൻ തച്ചങ്കരിക്ക് അന്യമാക്കിയത് വിവാദങ്ങളുടെ കൂട്ടുകാരൻ എന്ന പേരുദോഷം. സർവിസിന്‍റെ രണ്ടാം പകുതിയിൽ ഏറെക്കാലവും പൊതുമേഖല സ്ഥാപനങ്ങളിൽ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ (സി.എം.ഡി) പദവിയിൽ ഒതുങ്ങേണ്ടിവന്നതിനു പിന്നിലും ഈ വിവാദങ്ങളായിരുന്നു.
കൊച്ചിയിൽ ഭാര്യ അനിതയുടെ പേരിൽ അദ്ദേഹം തുടങ്ങിയ റയാൻ സ്റ്റുഡിയോയും വിവാദങ്ങളുടെ ഈണമാണ് ഏറെയും പുറത്തുവിട്ടത്. 2006 ഡിസംബറിൽ ആന്റി പൈറസി സെൽ മേധാവി ഐ.ജി ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തിൽ സ്റ്റുഡിയോയിൽ നടത്തിയ മിന്നൽ റെയ്ഡിൽ വൻ തോതിൽ വ്യാജ സി.ഡി പിടിച്ചെടുത്തിരുന്നു.
1987 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ തച്ചങ്കരി സംസ്ഥാന മനുഷ്യവകാശ കമീഷനിൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ജനറലായിരിക്കെയാണ് 2023 ജൂലൈ 31ന് വിരമിച്ചത്. 2020 സെപ്റ്റംബർ ഒന്നിന് എക്സ് കേഡർ ഡി.ജി.പി പദവി ലഭിച്ചു.
കെ.എഫ്.സി സി.എം.ഡി, ക്രൈംബ്രാഞ്ച് എ.ഡി.ജി.പി, ഫയർഫോഴ്സ് മേധാവി, കെ.എസ്.ആർ.ടി.സി എം.ഡി, പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് എ.ഡി.ജി.പി, ട്രാൻസ്പോർട്ട് കമീഷണർ, കണ്ണൂർ റെയ്ഞ്ച് ഐ.ജി, എറണാകുളം ക്രൈം ബ്രാഞ്ച് ഡി.ഐ.ജി, ഇടുക്കി, കോഴിക്കോട്, എറണാകുളം, പാലക്കാട്, കണ്ണൂർ ജില്ലകളിലെ പൊലീസ് മേധാവി എന്നീ പദവികളിൽ പ്രവർത്തിച്ചു.
36 വർഷത്തെ ഔദ്യോഗിക ജീവിതത്തിനൊടുവിൽ വിരമിക്കുമ്പോൾ സംസ്ഥാന പൊലീസിൽ ഡി.ജി.പി റാങ്കിലെ സീനിയോറിറ്റിയിൽ ഒന്നാമനായിരുന്നു. ആലപ്പുഴയിൽ എ.എസ്.പിയായിരിക്കെ നടത്തിയ കസ്റ്റഡി പീഡനത്തിന് തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യാൻ സുപ്രീംകോടതി അനുമതി നൽകിയെങ്കിലും നിരന്തരം കേസ് നടത്തി തളർന്ന വാദി ഒത്തുതീർപ്പിന് തയാറായി പിൻവലിഞ്ഞതിനാൽ രക്ഷപ്പെടുകയായിരുന്നു.
തടിയന്റവിട നസീറിനെ ചോദ്യം ചെയ്യാൻ 2009 ഡിസംബറിൽ സർക്കാർ അറിയാതെയാണ് ഐ.ജി ടോമിൻ തച്ചങ്കരിയെ ബംഗളൂരുവിലേക്ക് അയച്ചതെന്ന മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പരാമർശം വിവാദമായിരുന്നു. 2010 ഏപ്രിലിൽ ഗൾഫ് സന്ദർശനം നടത്തിയ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനൊപ്പം തച്ചങ്കരിയുമുണ്ടായെന്ന പ്രതിപക്ഷ ആരോപണവും രാഷ്ട്രീയ കോളിളക്കമുണ്ടാക്കി. തച്ചങ്കരിയുടെ വിദേശ യാത്ര അന്വേഷിക്കാൻ മുഖ്യമന്ത്രി വിജിലിൻസ് എ.ഡി.ജി.പിയെ ചുമതലപ്പെടുത്തുകയും ചെയ്തു.
2010ൽ കണ്ണൂർ റെയ്ഞ്ച് ഐ.ജിയായിരിക്കെ സർക്കാർ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതിന് സസ്പെൻഷനും വാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.